Connect with us

udaipur murder

ഉദയ്പൂർ സംഭവത്തിൽ ദുരൂഹതകൾ

പ്രതികളുടെ ബി ജെ പി ബന്ധം പുറത്തുവരുമ്പോൾ, സംഝോത എക്‌സ്പ്രസ്സ്, മക്കാ മസ്ജിദ് തുടങ്ങി രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങളും ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവവും ഓർക്കാതെ വയ്യ.

Published

|

Last Updated

ദയ്പൂർ അരുംകൊല വാർത്ത പുറത്തുവന്നപ്പോൾ തന്നെ പലരും സന്ദേഹം പ്രകടിപ്പിച്ചതാണ് രാജ്യത്തെ മത സൗഹാർദം തകർക്കാൻ പ്രതികളെ ആരെങ്കിലും വിലക്കെടുത്തു ചെയ്യിച്ചതാണോ ഈ കൃത്യമെന്ന്. ഈ സന്ദേഹം ബലപ്പെടുത്തുന്നതാണ് ഉദയ്പൂർ സംഭവത്തിലെ പ്രതികൾക്ക് ബി ജെ പിയുമായുള്ള ബന്ധത്തെക്കുറിച്ചു പുറത്തുവന്ന റിപോർട്ടുകൾ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വർഷങ്ങളായി ബി ജെ പിയിൽ പ്രവർത്തിച്ചു വരികയായിരുന്നുവെന്നു കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27നാണ് രാജസ്ഥാനിൽ ഉദയ്പൂരിലെ തയ്യൽക്കട തൊഴിലാളിയായിരുന്ന കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. വസ്ത്രത്തിന് അളവ് കൊടുക്കാനെന്ന പേരിൽ കടയിൽ കയറിയായിരുന്നു ഈ നിഷ്ഠൂര കൃത്യം. കൊലക്കു ശേഷം പ്രതികൾ, അറുത്തെടുത്ത കനയ്യ ലാലിന്റെ ശിരസ്സും കൊലക്കുപയോഗിച്ച ആയുധങ്ങളും വീഡിയോയിലൂടെ പ്രദർശിപ്പിക്കുകയുമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാനരീതിയിൽ കൊലപ്പെടുത്തുമെന്ന്് ഭീഷണി മുഴക്കുകയും ചെയ്തു. കനയ്യ ലാൽ സാമൂഹിക മാധ്യമത്തിൽ നൂപുർ ശർമയുടെ പ്രവാചകനിന്ദയെ അനുകൂലിച്ചു പോസ്റ്റിട്ടതിന് പ്രതികാരമാണ് കൊലയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്.

പ്രതികൾ പിടിയിലായ ഉടനെ ഇവർക്ക് പാക്കിസ്ഥാനുമായി ബന്ധമുള്ളതായി ചില മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാനിലെ സൽമാൻ ഭായ് എന്നറിയപ്പെടുന്നയാളാണെന്നും കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികളെ പ്രേരിപ്പിച്ചതും ഇയാൾ ആണെന്നും അന്വേഷണ ഏജൻസിക്കു വിവരം ലഭിച്ചതായും റിപോർട്ടുണ്ടായിരുന്നു. അതിനിടെയാണ് കൊലയാളികൾക്ക് ബി ജെ പിയുമായി അടുത്ത ബന്ധമുള്ളതായി ഇന്ത്യാ ടുഡെയുടെ റിപോർട്ട് വെള്ളിയാഴ്ച പുറത്തുവന്നത്. കൊലയാളികളിൽ ഒരാളായ റിയാസ് അത്താരി, 2019ൽ സഊദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ രാജസ്ഥാനിലെ ബി ജെ പി ന്യൂനപക്ഷ മോർച്ച അംഗമായ ഇർഷാദ് ചെയിൻവാല പൂമാലയിട്ടു സ്വീകരിക്കുന്ന ചിത്രങ്ങളും അത്താരിയും മുഹമ്മദ് ഗൗസും ബി ജെ പി പ്രാദേശിക നേതക്കൾക്കൊപ്പം നിൽക്കുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്. അത്താരി പലതവണ ബി ജെ പി പരിപാടികളിൽ പങ്കെടുത്തതായി ഇർഷാദ് സമ്മതിച്ചതായി റിപോർട്ടിൽ പറയുന്നു. ബി ജെ പി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പരിപാടികളിൽ പ്രത്യേകിച്ചും. ബി ജെ പിയുടെ സജീവ പ്രവർത്തകനായ മുഹമ്മദ് ത്വാഹിറും റിയാസും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ത്വാഹിർ ആണ് റിയാസിനെ ബി ജെ പിയിലേക്ക് എത്തിച്ചതെന്നും ഇർഷാദ് വെളിപ്പെടുത്തുന്നു. ബി ജെ പി പരിപാടികളിൽ വിളിക്കാതെ തന്നെ റിയാസ് വരുമായിരുന്നു. പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു- ഇർഷാദ് കൂട്ടിച്ചേർത്തു.
പ്രതികളുടെ ബി ജെ പി ബന്ധം പുറത്തുവരുമ്പോൾ, സംഝോത എക്‌സ്പ്രസ്സ,് മക്കാ മസ്ജിദ് തുടങ്ങി രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങളും ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവവും ഓർക്കാതെ വയ്യ. സ്‌ഫോടനങ്ങളിലെല്ലാം തുടക്കത്തിൽ മുസ്‌ലിം പേരുകാരിലേക്ക് ചൂണ്ടിയ സംശയത്തിന്റെ വിരലുകൾ, മുംബൈ ഭീകരവിരുദ്ധസേനാ മേധാവി ഹേമന്ത് കാർക്കറെയുടെ മലേഗാവ് കേസന്വേഷണത്തിലൂടെ ഒടുവിൽ എത്തിച്ചേർന്നത്  സംഘ്പരിവാറിലായിരുന്നുവല്ലോ. മലേഗാവ് സ്‌ഫോടന കേസിൽ പിടിയിലായ ലഫ്. കേണൽ പുരോഹിതിനെ ബെംഗളൂരുവിൽ നാർകോ അനാലിസിസിന് വിധേയമാക്കിയപ്പോഴാണ് രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഹിന്ദുത്വർ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ സ്‌ഫോടനങ്ങളെന്ന് തെളിഞ്ഞത്. ആർ എസ് എസ് പ്രചാരക് സുനിൽ ജോഷിയാണ് സ്‌ഫോടനത്തിന് നേതൃത്വം നൽകിയതെന്നും കേണൽ പുരോഹിത് എത്തിച്ചു കൊടുത്ത സൈന്യത്തിന്റെ ആർ ഡി എക്‌സ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും കണ്ടെത്തി. വർഗീയ സംഘർഷം, മുസ്‌ലിം വംശഹത്യ, ഇസ്‌ലാമോഫോബിയ പരത്തൽ തുടങ്ങിയവയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം.

അയോധ്യയിൽ പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുത്തു തിരിച്ചു വരികയായിരുന്ന കർസേവകർ യാത്ര ചെയ്തിരുന്ന എസ്- ആറ് കോച്ചാണ് 2002 ഫെബ്രുവരി 27 നു ഗോധ്രയിൽ അഗ്നിക്കിരയായത്. സംഭവത്തിൽ 15 സ്ത്രീകളും 20 കുട്ടികളുമടക്കം 59 ഹിന്ദു തീർഥാടക സഹോദരങ്ങൾ വെന്തുമരിച്ചു. മുസ്‌ലിം തീവ്രാദികളാണ് ബോഗി കത്തിച്ചതെന്ന് ആരോപിച്ചാണ് ഗുജറാത്തിൽ അന്ന് സംഘ്പരിവാർ അഴിഞ്ഞാടിയതും 2000ത്തോളം മുസ്‌ലിംകൾ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടതും.

അക്രമികൾ പുറത്തു നിന്നു കൊണ്ടു വന്ന പെട്രോൾ ഒഴിച്ചാണ് തീവെച്ചതെന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ സംഭവത്തെക്കുറിച്ചന്വേഷിച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ് യു സി ബാനർജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപോർട്ടിൽ പറയുന്നത് പുറത്തു നിന്നുള്ള ആക്രമണമല്ല ട്രെയിനിലെ അഗ്നി ബാധക്ക് പിന്നിലെന്നും തീ പടർന്നത് ബോഗിക്കുള്ളിൽ നിന്നുമാണെന്നാണ്. തീപ്പിടിക്കുന്ന എന്തെങ്കിലും പുറത്തുനിന്ന് ട്രെയിനിനകത്തേക്ക് എറിഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ലെന്നും കമ്മീഷൻ തറപ്പിച്ചു പറയുന്നു. ഗോധ്രയിലെ ട്രെയിൻ തീവെപ്പ് സംഘ്പരിവാർ മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് പിന്നീട് പട്ടേൽ സമുദായ നേതാക്കളായ രാഹുൽദേശായിയും ലാൽഭായ് പട്ടേലും പ്രസ്താവിക്കുകയും ചെയ്തിരുന്നു.

പിന്നിലെ പ്രേരണയും ബുദ്ധിയും ആരായിരുന്നാലും പൈശാചികവും നിഷ്ഠൂരവുമായിപ്പോയി ഉദയ്പൂർ സംഭവം. സമഗ്രവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കേണ്ടതുണ്ട്. വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും ആയുധങ്ങൾ കൊണ്ട് നേരിടുന്നതിനെ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല ഇസ്‌ലാമും മുസ്‌ലിം നേതൃത്വവും. ആരോഗ്യപരമായ സംവാദത്തിലൂടെയാണ് ആശയപ്രചാരണങ്ങളും വിയോജിപ്പുകളോടുള്ള പ്രതികരണവും നടത്തേണ്ടതെന്നാണ് മുസ്‌ലിം നേതൃത്വത്തിന്റെ നിലപാട്.