Kerala
വാളയാര്‍ കേസിലെ പ്രതികളുടെ ദുരൂഹമരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പോലീസിനും സിബിഐക്കും കത്ത്
മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി.

പാലക്കാട്|വാളയാര്‍ കേസിലെ പ്രതിയായ കുട്ടി മധു എന്ന എം. മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി. പ്രതികള്‍ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളാണെന്നും വാളയാര്‍ കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നു.
കേസില്‍ ഇനിയും പ്രതിയാക്കപ്പെടാന്‍ സാധ്യതയുള്ളവരെ രക്ഷിക്കാനുള്ള താത്പര്യമാണ് പ്രതികളുടെ ദുരൂഹമരണമെന്ന സംശയവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. എം. മധുവിന്റേതടക്കം മരണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ഫോണും അടിയന്തരമായി കസ്റ്റഡിയില്‍ എടുക്കണമെന്നും കത്തിലുണ്ട്.
വാളയാര്‍ കേസിലെ നാലാം പ്രതി മധുവിനെ പ്രവര്‍ത്തനം നിലച്ച കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു. കേസില്‍ ജാമ്യം കിട്ടിയ ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. വാളയാര്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബര്‍ നാലിന് ജീവനൊടുക്കിയിരുന്നു.