Kerala
ചേര്‍ത്തലയിലെ വീട്ടമ്മയുടെ ദുരൂഹ മരണം: പരിശോധനക്കായി മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തു
പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് കാട്ടി മകള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പരിശോധനക്കായി മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴ | ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചേര്‍ത്തലയിലെ വീട്ടമ്മ വി സി സജി (48)യുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തു. പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് കാട്ടി മകള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പരിശോധനക്കായി മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വി സി സജി (48) ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടത്. വീടിന്റെ സ്റ്റെയര്‍കേസില്‍ നിന്ന് വീണാണ് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയില്‍ നല്‍കിയ വിവരം. എന്നാല്‍, പിതാവിന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകള്‍ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് സംസ്‌കാരം നടത്തിയത്.
ബലമായി പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചത് ഉള്‍പ്പെടെ അതിക്രൂരമായി അമ്മയെ മര്‍ദിച്ചതായി മകള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സോണിക്ക് ഒരു മകളും മകനുമാണുള്ളത്. ഇവരില്‍ മകന്‍ വിദേശത്താണ്. സജിയുടെ ഭര്‍ത്താവ് സോണിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്.