Kerala
കൊടുമണ്ണില്‍ യുവാവിന്റെ ദുരൂഹ മരണം; പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടില്‍ അബ്ദുല്‍ അസീസ് ആണ് അറസ്റ്റിലായത്.
പത്തനംതിട്ട | കൊടുമണ്‍ ഇടത്തിട്ട പുതുപറമ്പില്‍ വീട്ടില്‍ ജോബി മാത്യു (44)വിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടില്‍ അബ്ദുല്‍ അസീസ് (45)നെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 25ന് രാത്രി 8.45ഓടെ ഇടത്തിട്ട ജങ്ഷന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ ജോബി മാത്യു ഓടിച്ചിരുന്ന കാര്‍ ഇടിയ്ക്കുകയും പരുക്കേറ്റ് കിടന്ന ജോബിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കയുമായിരുന്നു. വാഹനാപകടം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പരുക്ക് വാഹനാപകടത്തില്‍ സംഭവിച്ചതല്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. തലയുടെ പിന്‍ഭാഗത്ത് പൊട്ടല്‍ ഉണ്ടെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ നാലിന് ജോബി മരിച്ചു. തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഇടിച്ചതിനു ശേഷം തര്‍ക്കിക്കുന്നതും തള്ളിയിടുന്നതും ശ്രദ്ധയില്‍പ്പെട്ടു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘങ്ങള്‍ ചേര്‍ന്ന് 50 ഓളം സി സി ടി വികള്‍ പരിശോധിച്ചതില്‍ നിന്ന് ഇടിച്ചത് ചുവന്ന സ്വിഫ്റ്റ് കാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍, കാര്‍ ഷോറൂമുകള്‍, കാര്‍ പെയിന്റിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ജില്ലയിലെ ചുവന്ന സ്വിഫ്റ്റ് കാറുകളുടെ ലിസ്റ്റ് ആര്‍ ടി ഓഫീസില്‍ നിന്നും ശേഖരിക്കുകയും 200 ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
കാര്‍ ഓടിച്ചവരുടെയും ഉടമസ്ഥരുടെയും ലിസ്റ്റ് പരിശോധിച്ചതില്‍ പത്തനംതിട്ട സ്വദേശിയുടെ ലൊക്കേഷന്‍ സംഭവം നടന്ന സ്ഥലത്ത് ഉള്ളതായി മനസ്സിലായി. തുടര്‍ന്ന് ഇയാളെ ഫോണില്‍ വിളിച്ച് വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയ പോലീസ്, വാഹനവും മൊബൈല്‍ ഫോണും ഉപേക്ഷിച്ച് പ്രതി ഒളിവില്‍ പോയതായി കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന ചുവന്ന സ്വിഫിറ്റ് കാര്‍ പരിശോധിച്ചതില്‍ കാറിന്റെ പിന്‍ഭാഗത്ത് വാഹനാപകടത്തില്‍ ഉണ്ടാവുന്ന കേടുപാടുകള്‍ കണ്ടെത്തി. തുടരന്വേഷണത്തില്‍ പ്രതി പാലക്കാട്, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോയതായും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടന്നതായും മനസ്സിലായി.
പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് പരിസരത്ത് നിന്നും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പത്തനംതിട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പെരുമ്പാവൂര്‍ നിന്നും കണ്ടെത്തി. പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.