Connect with us

National

ദുരൂഹ മരണങ്ങള്‍; ജമ്മു കാശ്മീരില്‍ ഒന്നര മാസത്തിനിടെ മരിച്ചത് 15 പേര്‍

മരിച്ചവര്‍ക്കെല്ലാം ഛര്‍ദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.

Published

|

Last Updated

ശ്രീനഗര്‍|ജമ്മു കാശ്മീരില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ദുരൂഹമായി 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ സബീന എന്ന ഒമ്പത് വയസ്സുകാരി  ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഈ കുട്ടിയുടെ നാല് സഹോദരങ്ങളും മുത്തച്ഛനും മരിച്ചിരുന്നു. മരിച്ചവര്‍ക്കെല്ലാം ഛര്‍ദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.

മുഹമ്മദ് അസ്ലം എന്ന ആളുടെ ആറ് കുട്ടികളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പോലീസ് സൂപ്രണ്ട് (ഓപ്പറേഷന്‍സ്) ബുദാലിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതായി രജൗരിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ഗൗരവ് സികര്‍വാര്‍ അറിയിച്ചു. ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി വിഭാഗം, മൈക്രോബയോളജി വിഭാഗം, ശിശുരോഗ വിഭാഗം, പാത്തോളജി വിഭാഗം എന്നിവയിലെ വിദഗ്ധരും സംഘത്തിലുണ്ടാകും.

അതേസമയം മരണങ്ങള്‍ക്ക് കാരണം ഏതെങ്കിലും രോഗമല്ലെന്ന് ജമ്മു കാശ്മീര്‍ ആരോഗ്യമന്ത്രി സക്കീന മസൂദ് പറഞ്ഞു. ജമ്മുവിലും പുറത്തും നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരണകാരണം തിരിച്ചറിയാനായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണപ്പെട്ടവരുടെ സാമ്പിളുകളില്‍ ചില ന്യൂറോടോക്‌സിനുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ദുരൂഹ മരണങ്ങളില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെ രൂക്ഷവിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ബിജെപി ആരോപിച്ചു. മരണ കാരണം ശരിയായ രീതിയില്‍ അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

 

 

 

Latest