Connect with us

National

ജമ്മു കശ്മീരിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹ മരണങ്ങള്‍; കാരണം കാഡ്മിയം വിഷവസ്തുവെന്ന് കണ്ടെത്തല്‍

ശരീരത്തിനുള്ളില്‍ കാഡ്മിയം എങ്ങനെ എത്തി എന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീരിലെ രജൗരിയില്‍ 17 പേരുടെ ജീവനെടുത്ത ദുരൂഹ രോഗത്തിന് പിന്നിലെ കാരണം വിദഗ്ധര്‍ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ബാദല്‍ ഗ്രാമത്തില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്ന മരണങ്ങളുടെ കാരണം അന്വേഷിക്കാന്‍ കേന്ദ്ര സംഘത്തെ രൂപീകരിച്ചിരുന്നു. സാമ്പിളുകളില്‍ വൈറസിന്റെയോ ബാക്ടീരിയയുടെയോ സാന്നിധ്യം ഇല്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് കാഡ്മിയം എന്ന വിഷ വസ്തു മൂലമാണ് അസുഖവും മരണവും സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ലഖ്നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയം കണ്ടെത്തിയതായി ദൈനിക് ജാഗരണിനോട് സംസാരിച്ച സിംഗ് പറഞ്ഞു. ശരീരത്തിനുള്ളില്‍ കാഡ്മിയം എങ്ങനെ എത്തി എന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സാമ്പിളുകളില്‍ മറ്റ് വൈറസുകളോ ബാക്ടീരിയകളോ അണുബാധകളോ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

 

അതേ സമയം ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ ചികിത്സയിലുമാണ്.കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും മാറ്റാന്‍ തീരുമാനിച്ചത്. പുതിയ കേസുകളെ തുടര്‍ന്ന് രജൗരി ജില്ലാ കലക്ടര്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.

 

Latest