Connect with us

Kerala

ദുരൂഹ സമാധി; ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ കുടുംബം കോടതിയെ സമീപിക്കും

കല്ലറ തുറന്ന് പരിശോധിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ്.

Published

|

Last Updated

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നേരിടുമെന്ന് കുടുംബം. കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ച ഉടന്‍ കുടുംബം ഹൈക്കോടതിയെ സമീപിക്കും. കല്ലറ തുറന്ന് പരിശോധിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ്. കുടുംബത്തിന് നോട്ടീസ് നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ കല്ലറ തുറക്കണം എന്ന നിലപാടിലാണ് പോലീസ്. പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കും.

അതേസമയം യാതൊരു കാരണവശാലും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപന്‍ സ്വാമിയുടെ കുടുംബം. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പോലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

 

 

 

Latest