Connect with us

National

ജയലളിതയുടെ മരണത്തിൽ ദുരൂഹത; നിർണായകമായ അന്വേഷണ റിപ്പോർട്ട് പുറത്ത്; ശശികലക്കെതിരെ ഗുരുതര പരാമർശങ്ങൾ

ജയലളിത ബോധരഹിതയായതിന് ശേഷമുള്ള സംഭവങ്ങൾ രഹസ്യമാക്കി വെച്ചു; 2012 മുതൽ ജയലളിതയും ശശികലയും സുഗമമായ ബന്ധത്തിലല്ല

Published

|

Last Updated

ചെന്നൈ | തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് വ്യക്തമാക്കി അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട്. ജയലളിതയുടെ തോഴി ശശികല ഉൾപ്പെടെയുള്ളവർക്ക് നേരെ വിരൽചൂണ്ടുന്ന കമ്മീഷൻ റിപ്പോർട്ട് തമിഴ്നാട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്ന് അക്കമിട്ട് വിശദീകരിക്കുന്ന 608 പേജ് വരുന്ന വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിച്ചിരിക്കുന്നത്.

ജയലളിത ബോധരഹിതയായതിന് ശേഷമുള്ള സംഭവങ്ങൾ രഹസ്യമാക്കി വെച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജയലളിതയുടെ അനാരോഗ്യത്തെ കുറിച്ചും അവർക്ക് നൽകിയ ചികിത്സയെ കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ ശശികല പരാജയപ്പെട്ടു. ജയലളിതയെ എപ്പോൾ വേണമെങ്കിലും ഡിസ്ചാർജ് ചെയ്യാമെന്ന തെറ്റായ റിപ്പോർട്ടാണ് ആശുപത്രി അധികൃതർ ഉണ്ടാക്കിയതെന്ന് കമ്മീഷൻ പറയുന്നു.

ജയലളിതയുടെ ഹൃദയത്തിൽ സുഷിരങ്ങളും, ഡയസ്റ്റോളിക് തകരാറുകളും കണ്ടെത്തിയിരുന്നു. ഇതിനായി വിദേശത്ത് നിന്നുള്ള ഡോക്ടർ റിച്ചാർഡ് പീലെ, അമേരിക്കൻ ഡോക്ടർ സ്റ്റുവർട്ട് റസ്സൽ, അമേരിക്കയിൽ നിന്നുള്ള ഡോ. സമിൻ ശർമ്മ എന്നിവർ ആൻജിയോയോ ശസ്ത്രക്രിയയോ ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ മരണം വരെ അത് ചെയ്തില്ല. അതിനാൽ ശശികലയെ കുറ്റപ്പെടുത്തുകയല്ലാതെ ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2012 മുതൽ ജയലളിതയും ശശികലയും സുഗമമായ ബന്ധത്തിലല്ല. 22.9.2016 ന് അസുഖത്തെ തുടർന്ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനെ തുടർന്നുള്ള സംഭവങ്ങൾ രഹസ്യമാക്കി വച്ചു. ജയലളിതയുടെ മരണ തീയതി സംബന്ധിച്ചും പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ ഉണ്ട്. ജയലളിതയുടെ മരണ സമയം 2016 ഡിസംബർ 5 രാത്രി 11:30 ആണെന്ന് ആശുപത്രി അവകാശപ്പെടുമ്പോൾ, ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3:50 നും ഇടയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കമ്മീഷന്റെ കാഴ്ചപ്പാടിൽ, 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3:50 നാണ് ജയലളിതയുടെ അന്ത്യം സംഭവിച്ചത്.

ശശികല, ജയലളിതയുടെ പേഴ്‌സണൽ ഡോക്ടർ കെ.എസ്. ശിവകുമാർ, ആരോഗ്യമന്ത്രി വിജയഭാസ്‌കർ, ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ എന്നിവരെ കുറ്റവാളികളായി കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ഡോ.വൈ.വി.സി റെഡ്ഡി, ഡോ.ബാബു എബ്രഹാം, അന്നത്തെ ചീഫ് സെക്രട്ടറി ഡോ.രാമമോഹൻ റാവു എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും നിർദേശിച്ചിട്ടുണ്ട്. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ വെളിപ്പെടുത്തിയ അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.പ്രതാപ് സി.റെഡ്ഡിക്കെതിരെയും അന്വേഷണം വേണമെന്ന് റിപ്പോർട്ടിലുണ്ട്.

 

Latest