Connect with us

International

കാലിഫോര്‍ണിയയിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ട്.

Published

|

Last Updated

കാലിഫോര്‍ണിയ | കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക(40), നാലുവയസുള്ള ഇരട്ടക്കുട്ടികളായ നോഹ,നെയ്തന്‍ എന്നിവരെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ ഫോണ്‍ വിളിച്ചിട്ട് ആനന്ദും ഭാര്യയും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സാന്‍ മറ്റേയോ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടികളെ കിടപ്പുമുറിയിലും ആനന്ദിനെയും ഭാര്യയെയും ബാത്‌റൂമിലും മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ട്. ഇരുവരുടെയും മൃതദേഹത്തിനു സമീപത്തുനിന്നും തോക്കും കണ്ടെടുത്തിട്ടുണ്ട്. അതേസമയം രണ്ട് കുട്ടികള്‍ മരിച്ചത് എങ്ങനെയെന്നതില്‍ വ്യക്തത വന്നിട്ടില്ല.

വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും കൊലപാതക സാധ്യത തള്ളികളയാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും സാന്‍ മറ്റേയോ പോലീസ് കൂട്ടിച്ചേര്‍ത്തു.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്.

 

 

Latest