Connect with us

literature

എഴുത്തിലെ മിത്തും യാഥാർഥ്യവും

കാൽവിനോയുടെ ആദ്യകാല കഥകൾ പ്രധാനമായും ആവിഷ്കരിക്കുന്നത് യുദ്ധത്തിന്റെ ഭീകരതകളാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായ ഇദ്ദേഹത്തിന്റെ രചനകൾ ലോകത്തെ ചെറുതും വലുതുമായ പതിനഞ്ചിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തിൽ നിരന്തരം മാറ്റങ്ങൾ പരീക്ഷിച്ച എഴുത്തുകാരനായിരുന്നു. കാൽവിനോ. ഫാന്റസിയും സയൻസ് ഫിക്്ഷനും ദൃഷ്ടാന്ത കഥയും ചരിത്രവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. എല്ലാം വായനാസമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ എഴുത്തുകാരൻ ഇപ്പോൾ ജന്മശതാബ്ദി നിറവിലാണ്.

Published

|

Last Updated

സമകാലിക ഇറ്റാലിയൻ സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ഇറ്റാലോ കാൽവിനോ (Italo Calvino). നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായ ഇദ്ദേഹത്തിന്റെ രചനകൾ ലോകത്തെ ചെറുതും വലുതുമായ പതിനഞ്ചിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തിൽ നിരന്തരം മാറ്റങ്ങൾ പരീക്ഷിച്ച എഴുത്തുകാരനായിരുന്നു. കാൽവിനോ. ഫാന്റസിയും സയൻസ് ഫിക്്ഷനും ദൃഷ്ടാന്ത കഥയും ചരിത്രവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. എല്ലാം വായനാസമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ എഴുത്തുകാരൻ ഇപ്പോൾ ജന്മശതാബ്ദി നിറവിലാണ്.

ക്യൂബയിലെ സാന്തിയാഗോ ദ് ലാസ് വെഗാസ് എന്ന ചെറുപട്ടണത്തിൽ 1923 ഒക്ടോബർ 15 നാണ് ഇറ്റാലോ കാൽവിനോ ജനിച്ചത്. കൃഷിശാസ്ത്രജ്ഞനായിരുന്നു പിതാവ്. കാൽവിനോ ജനിച്ച് അധികം കഴിയുന്നതിനു മുൻപു തന്നെ കുടുംബം ഇറ്റലിയിലേക്ക് കുടിയേറി. 1941 ൽ അവിടുത്തെ ഒരു സർവകലാശാലയിൽ കൃഷിശാസ്ത്രം പഠിക്കാൻ ചേർന്നെങ്കിലും രണ്ട് വർഷത്തിനു ശേഷം ജർമൻ അധിനിവേശത്തെ തുടർന്ന് പഠനമുപേക്ഷിച്ച് ഇറ്റലിയുടെ ചെറുത്തുനിൽപ്പ് പോരാട്ടത്തിൽ പങ്കെടുത്തു. എഴുത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിച്ച ഒരു മാസികയുടെ സഹപത്രാധിപരായി കുറേക്കാലം സേവനമനുഷ്ഠിച്ചിരുന്നു. കാൽവിനോയുടെ ആദ്യകാല കഥകൾ പ്രധാനമായും ആവിഷ്കരിക്കുന്നത് യുദ്ധത്തിന്റെ ഭീകരതകളാണ്. ആദ്യ നോവൽ The Path to the Nest of Spiders 1947 ൽ വെളിച്ചം കണ്ടു. ഇറ്റാലിയൻ സാഹിത്യത്തിൽ നിയോറിയലിസ്റ്റ് മുദ്രകൾ ശക്തമായി അടയാളപ്പെടുത്തിയ നോവലാണ് ഇത്. എന്നാൽ തുടർന്നുള്ള രചനകളിലൊന്നും ഈ രീതി അദ്ദേഹം സ്വീകരിച്ചില്ല എന്നതാണ് കൗതുകകരമായ വസ്തുത.

1950നു ശേഷമുള്ള കാൽവിനോയുടെ രചനകളിൽ പ്രമേയപരമായും ആവിഷ്‌കാരപരമായും വലിയ മാറ്റങ്ങൾ കടന്നുവരുന്നത് കാണാം. ഫാന്റസിയുടെയും ഉത്തരാധുനി കതയുടേയും വിസ്മയകരമായ തീവ്രസാന്നിധ്യം കൊണ്ട് അവ ശ്രദ്ധേയമായിരുന്നു. അതോടൊപ്പം തന്നെ ചരിത്രാഖ്യായികകളുടേയും നാടോടിക്കഥകളുടെയും ശ്രേണിയിൽ പെടുത്താവുന്ന ധാരാളം രചനകളും ഇക്കാലത്ത് അദ്ദേഹം രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 1949 ൽ പ്രസിദ്ധീകരിച്ച Adam, One Afternoon, and Other Stories. യുദ്ധകാലത്തെ അനുഭവങ്ങൾ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരമാണിത്. Our Ancestors Trilogy (1952–1959), The Cosmicomics Collection of Short Stories (1965), Invisible Cities (1972), If on a Winter’s Night a Traveler (1979) എന്നിവ എഴുത്തുകാരന്റെ രാഷ്ട്രാന്തരീയ പ്രശസ്തിക്ക് നിദാനമായ രചനകളാണ്. അസംബന്ധ നാടകങ്ങളുടെ പ്രമേയപരിസരങ്ങൾ ശക്തമായി അടയാളപ്പെടുത്തിയ നിരവധി ചെറുകഥകൾ കാൽവിനോ എഴുതിയിട്ടുണ്ട്. അക്കാലം വരെ അനുഭവിച്ചിട്ടില്ലാത്ത പുതുമയുള്ളൊരു ആസ്വാദനബോധത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അന്യാദൃശമായൊരു രചനാതന്ത്രമാണ് അവയിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഒറ്റ വായനയിൽ അസംബന്ധമെന്നു തോന്നാവുന്ന അത്തരം കഥകളിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണ് The Man Who Shouted Teresa. ഈ കഥ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിലേക്കെത്തുക സാമുവൽ ബെക്കറ്റിന്റെ പ്രശസ്തമായ ഗോദോയെകാത്ത് എന്ന നാടകമായിരിക്കും. ഇറ്റാലിയൻ നാടോടിക്കഥകളുടെ സമ്പന്നവും വിസ്മയകരവുമായ ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്നതാണ്‌ Italian Folktales (1956) എന്ന പുസ്തകം.

ആദ്യകാലങ്ങളിൽ പൊതുജീവിതത്തിൽ സജീവമായിരുന്നു ഇറ്റാലോ കാൽവിനോ. കുറേകാലം അദ്ദേഹം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് എല്ലാ സാമൂഹിക ബന്ധങ്ങളിൽനിന്നും പൂർണമായും ഉൾവലിഞ്ഞ കാൽവിനോ തന്റെ മുഴുവൻ സമയവും എഴുത്തും വായനക്കും വേണ്ടിയാണ് വിനിയോഗിച്ചത്. മിക്ക ദിവസങ്ങളിലും പന്ത്രണ്ടു മണിക്കൂർ വരെ താൻ വായനക്കുവേണ്ടി ചെലവഴിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1985 സെപ്തംബർ 19 ന് കാൽവിനോ അന്തരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ എഴുത്തുകാരൻ എന്നാണ് നിരൂപകലോകം ഇറ്റാലോ കാൽവിനോയെ വിശേഷിപ്പിക്കുന്നത്. തന്റെ രചനകളെയെല്ലാം നൂതനമായ ഒട്ടേറെ പരീക്ഷണങ്ങൾക്ക് അദ്ദേഹം വിധേയമാക്കുകയുണ്ടായി. എഴുത്തിൽ എപ്പോഴും പുതുമ തേടിയിരുന്ന കാൽവിനോ പോസ്റ്റ്മോഡേണിസത്തിന്റെ ശക്തനായ പ്രതിനിധിയായാണ് അറിയപ്പെട്ടത്. എന്നാൽ അതേസമയം ആധുനികതയേയും അതിനും മുൻപുണ്ടായിരുന്ന മറ്റനേകം സാഹിത്യ പരിശ്രമങ്ങളേയും അദ്ദേഹം തള്ളിപ്പറഞ്ഞതുമില്ല. ഫാന്റസിയുടേയും ഹാസ്യത്തിന്റേയും അനന്തസാധ്യതകളെ കാൽവിനോ സമർഥമായി തന്റെ രചനകളിൽ ഉപയോഗപ്പെടുത്തി. ഒരു കഥക്കുള്ളിൽ ഒട്ടനവധി കഥകൾ നിറച്ചുെവച്ചു. വൈയക്തികവും സാമൂഹികവുമായ വിവിധ വിഷയങ്ങളെ ഭ്രമാത്മകമായൊരു പശ്ചാത്തലത്തിൽ ആവിഷ്കരിച്ചു. ശതാബ്ദി നിറവിലും കാൽവിനോ എന്ന എഴുത്തുകാരനെ വായനാലോകത്ത് മുൻനിരയിൽ പ്രതിഷ്ഠിക്കുന്നത് ഈ സവിശേഷതകൾ തന്നെയാകാം.

Latest