Connect with us

Kerala Legislative Assembly

മിത്ത് വിവാദം, കസ്റ്റഡി മരണം, സാമ്പത്തിക പ്രതിസന്ധി: സഭാ സമ്മേളനം പ്രക്ഷുബ്ധമാകും

മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന തന്ത്രം പ്രതിപക്ഷം ആവര്‍ത്തിച്ചേക്കും.

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് ആരംഭിക്കുന്ന പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമാകും. സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം താനൂര്‍ കസ്റ്റഡി മരണം, മിത്ത് വിവാദം, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും ഈ സഭാ സമ്മേളന കാലയളവില്‍ ചര്‍ച്ചയാകും. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്. പ്രതിപക്ഷം ഉന്നയിച്ചേക്കാവുന്ന മിത്ത് വിവാദത്തില്‍ സ്പീക്കര്‍ തന്നെ ഇടപെട്ടത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടും. സഭ നിയന്ത്രിക്കേണ്ട സ്പീക്കര്‍ തന്നെ മിത്ത് വിവാദത്തില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ചേരുന്നതെന്നത് ശ്രദ്ധേയമാണ്. കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി, പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐ ജി ലക്ഷ്മണയുടെ ആരോപണം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ കൊണ്ടുവരും. ഇതോടൊപ്പം കഴിഞ്ഞ സമ്മേളനത്തിന് സമാനമായി മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന തന്ത്രം പ്രതിപക്ഷം ആവര്‍ത്തിച്ചേക്കും.

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം സഭയില്‍ ഉന്നയിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ബി ജെ പിക്ക് നേട്ടമുണ്ടാകാതിരിക്കാന്‍ വിഷയം സജീവമായി ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാടെങ്കിലും ബി ജെ പിയുടെ നീക്കങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമേ പരസ്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങാവൂ എന്നാണ് മറുഭാഗം ഉന്നയിക്കുന്ന വാദം. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

അതേസമയം വിവാദത്തില്‍ നിന്നും തന്ത്രപരമായ അകലം പാലിക്കാനാണ് സര്‍ക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും തീരുമാനം. ഇതോടൊപ്പം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കുടുങ്ങിയതടക്കം ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിപക്ഷത്തെ സഭയില്‍ പ്രതിരോധിക്കുക. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷമെത്തുന്ന രണ്ട് ബില്ലുകളും ഓര്‍ഡിനന്‍സിന് പകരമെത്തുന്ന രണ്ട് ബില്ലുകളുമുള്‍പ്പെടെ സുപ്രധാനമായ പതിനാല് ബില്ലുകളും ഒപ്പം 2023-24 സാമ്പത്തിക വര്‍ഷത്ത് ഉപധനാഭ്യര്‍ഥനാ ബില്ലുകളും സമ്മേളന കാലയളവില്‍ പരിഗണിക്കേണ്ടതിനാല്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സഭ നടപടികള്‍ തുടരാന്‍ തന്നെയാകും സര്‍ക്കാറിന്റെ നീക്കം.