Connect with us

Kerala

എൻ അലി അബ്ദുല്ല ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ

ചെയർമാനായിരുന്ന വി എം കോയ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം

Published

|

Last Updated

തിരുവനന്തപുരം | കേരള സ്റ്റേറ്റ്  ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി എന്‍ അലി അബ്ദുല്ലയെ തിരഞ്ഞെടുത്തതായി  സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.  തിരുവനന്തപുരത്ത് ഇന്ന് ചേർന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗത്തിൽ ഏകകണ്ഠമായാണ് അലി അബ്ദുല്ലയെ ചെയർമാനായി തിരഞ്ഞെടുത്തത്. യോഗത്തില്‍ പി ടി എ റഹീം എം എല്‍ എയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍ അലവി അബ്ദുല്ലയുടെ പേരി നിര്‍ദേശിച്ചത്. ബോര്‍ഡ് അംഗം സോമരാജന്‍ പിന്താങ്ങി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ അലി അബ്ദുല്ല, നിലവില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് മാനേജിംഗ് എഡിറ്ററുമാണ്.

സംസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സംരംഭങ്ങളുടെ സ്ഥാപകാംഗവും മാര്‍ഗനിര്‍ദേശിയുമായ അദ്ദേഹം ഓള്‍ ഇന്ത്യാ മുസ്‌ലിം എജ്യൂക്കേഷന്‍ ബോര്‍ഡ്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് എന്നിവയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. കേരള വഖഫ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനാഥ, അഗതികളായ വയോജനങ്ങള്‍, ശാരീരിക വൈകല്യമുള്ളവര്‍, മാനസിക രോഗബാധിതര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരെ സംരക്ഷിക്കുന്ന ക്ഷേമസ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ബോര്‍ഡില്‍ വി എം കോയ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.

സംസ്ഥാനത്ത് ബോര്‍ഡിന്റെ അംഗീകാരത്തോടെ വിവിധ എന്‍ ജി ഒകള്‍ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തോളം പേരെ താമസിപ്പിച്ച് സംരക്ഷിച്ചുവരുന്നുണ്ട്. സംസ്ഥാനത്ത് ബോര്‍ഡിന്റെ അംഗീകാരത്തോടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  എ എം ആരിഫ് എംപിയുടെ അധ്യക്ഷതയിലായിരുന്നു ബോര്‍ഡ് യോഗം. യോഗത്തില്‍  അംഗങ്ങളായ പി ടി എ റഹീം എം എല്‍ എ, വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എം അഞ്ജന, മെമ്പര്‍ സെക്രട്ടറി എം കെ സിനു കുമാര്‍, ഫാദര്‍ റോയ് മാത്യു വടക്കേല്‍, ഡോ. പുനലൂര്‍ സോമരാജന്‍, ഫാദര്‍ ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ മെറിന്‍, സിസ്റ്റര്‍ വിനീത, നസീമ ജമാലുദ്ദീന്‍, സുമലത മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Latest