Kerala
അച്ചടക്ക നടപടി നേരിടുന്ന എന്‍ പ്രശാന്ത് പരിഹാസ പോസ്റ്റുമായി വീണ്ടും
ഹിയറിങ്ങില്‍ ലൈവ് സ്ട്രീമിങ് വേണമെന്ന പ്രശാന്തിന്റെ ആവശ്യം തള്ളിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം | അച്ചടക്ക നടപടി നേരിടുന്ന ഐ എ എസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് വീണ്ടും പരിഹാസ പോസ്റ്റുമായി രംഗത്ത്. ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ്ങില്‍ ലൈവ് സ്ട്രീമിങ് വേണമെന്ന ഉള്‍പ്പടെയുള്ള എന്‍ പ്രശാന്തിന്റെ ആവശ്യങ്ങള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
എന്‍ പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. ഹിയറിങ് ലൈവ് സ്ട്രീമിങ് ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ എന്‍ പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഹിയറിങിന് രഹസ്യസ്വഭാവമുള്ളതിനാല്‍ ലൈവ് സ്ട്രീമിങ് സാധ്യമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു നടപടി. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്. ഈ മാസം 16നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങിനായി പ്രശാന്തിനായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വീഡിയോടൊപ്പം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്്:
ഓള്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീര്‍ക്കാനില്ലാത്ത, തമിഴ്നാട്ടില്‍ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കള്‍ക്ക് ബാറില്ലാത്ത, പത്രക്കാര്‍ പോക്കറ്റിലില്ലാത്ത, ഡാന്‍സും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളില്ലാത്തവര്‍ക്ക് മാത്രമാണീ ക്ലാസ് ബാധകം. പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നവര്‍ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.ധര്‍മ്മോ രക്ഷതി രക്ഷതി രക്ഷിതഃ