Connect with us

Articles

അജ്ഞതയെ തിരുത്തിയ നബിയോര്‍

സമൂഹത്തിലെ ഉന്നതരെയും അധസ്ഥിതരെയും ഒരേ ചരടില്‍ ഒരുമിപ്പിക്കുകയായിരുന്നു അന്ത്യറസൂല്‍. അതിനാലാണല്ലോ ആഗോള സാഹോദര്യത്തിന്റെ പേരില്‍ ഇസ്‌ലാം എക്കാലത്തും എഴുന്നുനില്‍ക്കുന്നത്.

Published

|

Last Updated

അബൂ ഉമാമ ഒട്ടകപ്പുറത്ത് മക്കയിലേക്കുള്ള യാത്രയിലാണ്. മരുഭൂമിയുടെ തീച്ചൂടിനെ അതിജീവിക്കാന്‍ പാട്ടു പാടി കുളിര് കണ്ടെത്തുന്നുണ്ട് ആ പഥികന്‍. മക്കയിലേക്കുള്ള യാത്രാപഥങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെങ്കിലും വാര്‍ത്ത പുതിയതൊന്നുണ്ട്. പാരമ്പര്യത്തിന് വിരുദ്ധമായ, യുക്തിഭദ്രമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടൊരാള്‍ മക്കയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ആ വാര്‍ത്ത. അബൂ ഉമാമയുടെ ജിജ്ഞാസ ഉണര്‍ന്നു. ആ പുതുമക്കാരനെ കണ്ടെത്തുക തന്നെ വേണം. പക്ഷേ എന്തുചെയ്യും. മക്ക മാറിയിട്ടില്ല. പാരമ്പര്യമുറ പ്രകാരമുള്ളതെല്ലാം മാറ്റമില്ലാതെ തുടരുന്നുണ്ടവിടെ എന്നിരിക്കെ പുതിയ ദൂതുമായി കടന്നുവന്നയാളെ രഹസ്യമായി അന്വേഷിക്കുക തന്നെ. ഒടുവില്‍ ആ ഒളിസങ്കേതത്തില്‍ അബൂ ഉമാമ എത്തിച്ചേര്‍ന്നു. നിങ്ങള്‍ ആരാണെന്ന ചോദ്യത്തിന് പ്രവാചകനെന്ന് മറുപടി. പ്രവാചകനെന്നാല്‍ ആരാണെന്നായി അബൂ ഉമാമയുടെ അടുത്ത ചോദ്യം. സ്രഷ്ടാവ് ദിവ്യസന്ദേശങ്ങളുമായി മനുഷ്യരിലേക്കയച്ച മനുഷ്യരില്‍ നിന്ന് തന്നെയുള്ള ദൂതന്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ബന്ധം നിലനിര്‍ത്തുക. ഏകനായ അല്ലാഹുവിനെ അംഗീകരിക്കുകയും ചിന്തയെ മുരടിപ്പിക്കുകയും അനീതിക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രതിഷ്ഠകളെ ഇല്ലായ്മ വരുത്തുകയും ചെയ്യുക എന്നായിരുന്നു പ്രവാചകന്റെ സന്ദേശമെന്താണെന്ന ചോദ്യത്തിന് അബൂ ഉമാമക്ക് ലഭിച്ച ഉത്തരം. ഈ ദൗത്യത്തിന് ആരാണ് നിങ്ങളുടെ സഹായികളെന്ന അബൂ ഉമാമയുടെ അടുത്ത ചോദ്യത്തിന് ഒരടിമയും ഒരു സ്വതന്ത്രനുമെന്നായിരുന്നു തിരുനബിയുടെ പ്രതിവചനം. അപ്പറഞ്ഞ സ്വതന്ത്രന്‍ വെളുത്തു മെലിഞ്ഞ സുന്ദര കായസ്ഥനായ അബൂബക്കര്‍ ആയിരുന്നു. വ്യാപാരിയായിരുന്ന അബൂബക്കര്‍ ധനികനായിരുന്നു. രണ്ടാമത്തെ സഹായി അടിമയായ ബിലാലും. അബൂ ഉമാമയുടെ ഇസ്‌ലാം ആശ്ലേഷത്തിന് പിന്നെയൊന്നും വേണ്ടിവന്നില്ലെന്ന് ചരിത്രം.

നോക്കൂ, അബൂ ഉമാമ ഇസ്‌ലാമിനെ വരിച്ചതെങ്ങനെയാണെന്ന്. ആശയ വിശുദ്ധിയും സുതാര്യതയുമാണ് അവിടെ പ്രവര്‍ത്തിച്ചത്. അതിനെ സാധൂകരിക്കുന്ന വിധം മക്കയുടെ പരിച്ഛേദവും ഉണ്ടായിരുന്നവിടെ. അതായത് തൈം എന്ന ഉന്നത ഗോത്രത്തിലെ പ്രമുഖനും വ്യാപാരിയുമായ അബൂബക്കറും എത്യോപ്യയില്‍ വേരുള്ള, സാമൂഹികശ്രേണിയില്‍ താഴെത്തട്ടിലുള്ള അടിമ ബിലാലും.

മരുഭൂമി പോലെ തന്നെ വരണ്ടതും പരുത്തതുമായ, കൈയൂക്കില്‍ അഭിരമിക്കുന്ന വരേണ്യ ആഢ്യത്വത്തെ ആകര്‍ഷിക്കാന്‍ വേണ്ട ചെപ്പടിവിദ്യ കാണിക്കുകയായിരുന്നില്ല തിരുനബി. ഒരേയൊരു വര്‍ഗത്തെ ഉയര്‍ത്തിക്കാട്ടി അടിയാള ജനതയെ മാത്രം ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രം ചമയ്ക്കുകയുമായിരുന്നില്ല. പ്രത്യുത സമൂഹത്തിലെ ഉന്നതരെയും അധസ്ഥിതരെയും ഒരേ ചരടില്‍ ഒരുമിപ്പിക്കുകയായിരുന്നു അന്ത്യറസൂല്‍. അതിനാലാണല്ലോ ആഗോള സാഹോദര്യത്തിന്റെ പേരില്‍ ഇസ്‌ലാം എക്കാലത്തും എഴുന്നുനില്‍ക്കുന്നത്.

അസന്തുലിതമായ സാമ്പത്തിക നിലക്കും ആഭിജാത്യ മനോഭാവങ്ങള്‍ക്കുമപ്പുറത്ത് അബൂ ഉമാമമാരെ ഇസ്‌ലാം ആകര്‍ഷിച്ചത് അതിന്റെ ആദര്‍ശ വിശുദ്ധി കൊണ്ടാണ്. അപ്പോഴും അടിയാള ജനതയുടെ വിമോചന പ്രത്യയശാസ്ത്രമായി ഇസ്‌ലാം മാറിയെന്നതും കാണാതെ പോകരുത്. ബിലാല്‍(റ)ന്റെ കാര്യം തന്നെയെടുക്കാം. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ വലിയ പീഡനപര്‍വം താണ്ടിക്കടക്കേണ്ടി വന്ന ബിലാല്‍ ഇസ്‌ലാമിലെ ആദ്യത്തെ വാങ്കുവിളിക്കാരനായി മാറുന്നുണ്ട് ചരിത്രത്തില്‍.

ഇസ്‌ലാമിലേക്ക് ആദ്യം കടന്നു വന്ന എട്ട് പേരില്‍ അബൂബക്കര്‍(റ)ഉം റസൂലിന്റെ പ്രിയപത്നി ഖദീജ(റ)യും അല്ലാത്ത ആറ് പേരും അടിമകളായിരുന്നു. അതില്‍ തന്നെ സുമയ്യ(റ) ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷിത്വത്തിന് അര്‍ഹയുമായി. വാളായിരുന്നില്ല മുത്തുനബിയുടെ ആയുധം. അറിവും അനുകമ്പയുമായിരുന്നു. അതിനാലായിരുന്നല്ലോ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂര പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന യാസിറിന്റെ കുടുംബത്തോട്, ക്ഷമിക്കുക യാസിര്‍ കുടുംബമേ, നിങ്ങളുടെ ഇടം സ്വര്‍ഗമാണെന്ന് തിരുനബി ഒരുവേള പറഞ്ഞതും. ആ യാസിറിന്റെ ഭാര്യയായിരുന്നു സുമയ്യ(റ).

ആദര്‍ശ വിശുദ്ധിയില്‍ കുരുത്ത തിരുനബി അനുചരര്‍ക്ക് മുമ്പില്‍ ശരീരത്തില്‍ ഊര്‍ന്നിറങ്ങാന്‍ വെമ്പല്‍ കൊള്ളുകയായിരുന്ന വാള്‍മുന പോലും തോറ്റ ചരിത്രമാണ് ഇസ്‌ലാമിന്റേത്. അത്തരം അനുഭവങ്ങള്‍ സുമയ്യയുടെയും സിന്നീറയുടെയുമെല്ലാം ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാനാകും. പ്രവാചക ശത്രുവായ അബൂജഹ്ലിന്റെ ക്രൂരമായ ആക്രമണത്തില്‍ കണ്ണ് പൊട്ടിയ സിന്നീറയോട് നമ്മുടെ ദൈവങ്ങളാണ് നിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതെന്നാക്രോശിച്ച ആ കിരാതനോട്, അതെന്റെ നാഥന്‍ കണക്കാക്കിയതാണെന്നും അവനത് തിരിച്ചു തരാന്‍ കഴിയുമെന്നുമായിരുന്നു സിന്നീറയുടെ മറുപടി. ജഹാലത്തിനെ അറിവിന്റെ അരുണോദയം സാധ്യമാക്കി തിരുത്തുകയായിരുന്നു നബിയോര്‍.

 

Latest