Connect with us

Ongoing News

തിരിച്ചുവരവിനൊരുങ്ങി നദാല്‍; പുനരാഗമനം ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലില്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തിലേറ്റ പരുക്ക് താരത്തിന്റെ ഈ സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുത്തിയിരുന്നു.

Published

|

Last Updated

മാഡ്രിഡ് | ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചുവരാനൊരുങ്ങി റഫേല്‍ നദാല്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ബ്രിസ്‌ബേനില്‍ നടക്കുന്ന എ ടി പി ഇന്റര്‍നാഷണല്‍ 250 ടൂര്‍ണമെന്റിലാകും ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുള്ള തിരിച്ചുവരവ്.

ഈ വര്‍ഷത്തിന്റെ തുടക്കത്തിലേറ്റ പരുക്ക് താരത്തിന്റെ ഈ സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുത്തിയിരുന്നു.

‘മത്സരങ്ങളില്‍ നിന്നുള്ള ഒരു വര്‍ഷത്തെ വിട്ടുനില്‍ക്കലിനു ശേഷം തിരിച്ചുവരവിന് സമയമായിരിക്കുന്നു. ജനുവരി ആദ്യവാരം ബ്രിസ്‌ബേനില്‍ ഞാനുണ്ടാകാം. നമുക്ക് അവിടെ വെച്ചു കാണാം.’- 22 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിക്കു ശേഷം ഒരു മത്സരത്തിലും നദാല്‍ ഉണ്ടായിരുന്നില്ല. ആസ്‌ത്രേലിയന്‍ ഓപണിന്റെ രണ്ടാം റൗണ്ടില്‍ ഇടുപ്പിനേറ്റ പരുക്കാണ് താരത്തെ കളിക്കളത്തില്‍ നിന്ന് അകറ്റിയത്. ജൂണില്‍ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായി. ഫ്രഞ്ച് ഓപണില്‍ കളിക്കാനാകില്ലെന്ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് നദാല്‍ വ്യക്തമാക്കിയിരുന്നു. എപ്പോള്‍ തിരിച്ചുവരാനാകുമെന്ന് പറയാനാകില്ലെന്നും 14 തവണ ഫ്രഞ്ച് ഓപണ്‍ നേടിയ നദാല്‍ സൂചിപ്പിച്ചിരുന്നു.

ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരങ്ങളില്‍ രണ്ടാമനാണ് നദാല്‍. 24 ഗ്രാന്‍ഡ്സ്ലാം നേടിയ നൊവാക് ജോകോവിച് ആ്ണ് ഒന്നാം സ്ഥാനത്തുള്ളത്.

Latest