Editors Pick
നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ; ഇപ്പോൾ ഇങ്ങിനെ...
ത്രിപുരയിൽ അടുത്തമാസം 16നും മേഘാലയയിലും നാഗാലാൻഡിലും അടുത്തമാസം 27നുമാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും.
ന്യുഡല്‍ഹി | വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ത്രിപുരയിൽ അടുത്തമാസം 16നും മേഘാലയയിലും നാഗാലാൻഡിലും അടുത്തമാസം 27നുമാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ കക്ഷി നിലയും മറ്റു വിവരങ്ങളും അറിയാം.
ത്രിപുര
ബിജെപിയാണ് നിലവില്‍ ത്രിപുര ഭരിക്കുന്നത്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയില്‍ 2018-ല്‍ ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. ത്രിപുരയിലെ അവസാന തിരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റുകളും, ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 4 സീറ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആകെയുള്ള 60 അസംബ്ലി മണ്ഡലങ്ങളില്‍ ഇരുപതിലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം.
വരുന്ന ഇലക്ഷനില്‍ തങ്ങളുടെ സ്വാധീനമറീയിക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ മാസം അവസാനത്തോടെ ത്രിപുര സന്ദര്‍ശിക്കാനും മമത ബാനര്‍ജി ആലോചിക്കുന്നുണ്ട്. ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം പരിഗണിക്കാനൊരുങ്ങിയാണ് ടിപ്ര മോത ഈ വര്‍ഷം രംഗത്തെത്തുന്നത്. ഈ ആവിശ്യം ഉറപ്പുനല്‍കുന്ന ഏത് പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടുമെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്.
മേഘാലയ
മേഘാലയയില്‍ ബി.ജെ.പി.യുമായി നിലവില്‍ സഖ്യത്തിലാണെങ്കിലും എന്‍.പി.പി. ഇത്തവണയും ഒറ്റയ്ക്കായിരിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കോണ്‍റാഡ് സാങ്മയാണ് മേഘാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍പിപിക്ക് നിലവില്‍ 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (യുഡിപി) 8 സീറ്റുകളും, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ്) 2 സീറ്റുകളും, ബിജെപിക്ക് 2 സീറ്റുകളും ഉണ്ട്. 2 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്.
പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 9 സീറ്റുകളാണുള്ളത്. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നുണ്ട്.
നാഗാലാൻഡ്
നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി. നാഗാലാന്റിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സില്‍, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി), ബിജെപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എന്നീ കക്ഷികളാണുള്ളത്. ഏഴ് ആദിവാസി വിഭാഗങ്ങള്‍ ചേര്‍ന്ന സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ENPO) ‘ഫ്രണ്ടിയര്‍ നാഗാലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഈ വിഷയം പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഈ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പറയുന്നു.