National
നാഗ്പൂർ സംഘർഷം: ഭീഷണിക്ക് പിന്നാലെ മുസ്‍ലിംകളുടെ വീടിന് നേരെ ബുൾഡോസർ രാജുമായി മഹാരാഷ്ട്ര ഭരണകൂടം
നാഗ്പൂരിലെ വർഗീയ സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഭീഷണി മുഴക്കി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സംഭവം

ചിത്രം പ്രതീകാത്മകം
നാഗ്പൂർ | നാഗ്പൂരിൽ, മുഗൾ ചക്രവർത്തി ഔറാംഗസീബിന്റെ ഖബർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദികൾ പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഏകപക്ഷീയ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ മുന്നോട്ട്. സംഭവത്തിൽ മുസ്‍ലിം പക്ഷത്തിന് നേരെ ‘ബുൾഡോസർ രാജ്’ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. നാഗ്പൂരിലെ വർഗീയ സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഭീഷണി മുഴക്കി ഏതാനും ദിവസങ്ങൾക്ക് ശേഷം, കലാപത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫഹീം ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
നാഗ്പൂർ സിറ്റി പോലീസിലെയും നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും അതീവ സുരക്ഷാ സന്നാഹങ്ങളുമായി എത്തി ഇന്ന് രാവിലെയാണ് വീട് പൊളിക്കാൻ തുടങ്ങിയത്. അനധീകൃതമായാണ് വീട് നിർമിച്ചതെന്നും കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടി ഫഹീം ഖാന് മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയിരുന്നു. നാഗ്പൂരിലെ യശോധര നഗർ പ്രദേശത്തെ സഞ്ജയ് ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന വീട് ഖാന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലേഗാവ് സ്വദേശിയും പ്രാദേശിക രാഷ്ട്രീയക്കാരനുമായ ഖാനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്റെ ഖബർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മാർച്ച് 17-നായിരുന്നു സംഭവം. തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും കല്ലേറും തീയിടലും അരങ്ങേറി. സംഘർഷം വ്യാപകമായതിനെ തുടർന്ന് മൂന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.