Connect with us

From the print

നായിഡുവിന്റെ കമ്പനിക്കും നേട്ടം; ഭാര്യയുടെയും മകന്റെയും സ്വത്തിൽ കോടികളുടെ വർധന

1992ൽ ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 55 ശതമാനം ഉയർന്നു

Published

|

Last Updated

അമരാവതി | ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തെലുഗു ദേശം പാർട്ടി മികച്ച വിജയം നേടിയതിനു പിന്നാലെ ഓഹരി വിപണിയിൽ ചന്ദ്രബാബു നായിഡു സ്ഥാപിച്ച കമ്പനിക്ക് നേട്ടം. 1992ൽ ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 55 ശതമാനം ഉയർന്നു. സ്വകാര്യ മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷീര സംരംഭങ്ങളിലൊന്നാണ് ഹെറിറ്റേജ് ഫുഡ്‌സ്.

ഓഹരി നേട്ടത്തിനൊപ്പം കമ്പനിയുടെ പ്രമോട്ടറായ നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയുടെ സ്വത്ത് 579 കോടി രൂപയിലേക്കുമെത്തി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഈ മാസം മൂന്നിന് ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി മൂല്യം 424 രൂപയായിരുന്നു. ഇന്നിത് 661.25 രൂപയിലാണ് എത്തിനിൽക്കുന്നത്. നായിഡുവിന്റെ മകൻ നാരാ ലോകേഷിന്റെ ആസ്തി 237.8 കോടി രൂപയിലേക്കുമെത്തി.

ക്ഷീര മേഖലയിലും പുനരുപയുക്ത ഊർജ മേഖലയിലുമാണ് കമ്പനി പ്രവർത്തിക്കുന്നത്. നിലവിൽ ഹെറിറ്റേജ് ഫുഡ്‌സിന്റെ പാലും പാലുത്പന്നങ്ങളും ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വിപണിയിലുണ്ട്.

കമ്പനിയുടെ മുൻനിര ഓഹരിയുടമ നാരാ ഭുവനേശ്വരിയാണ്. 2,26,11,525 ഓഹരികളാണ് ഭുവനേശ്വരിക്കുള്ളത്. നാരാ ലോകേഷിന് 1,00,37,453 ഓഹരികളാണുള്ളത്. നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഓഹരി മൂല്യം കുതിച്ചുയർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 സീറ്റിൽ 16ലും ടി ഡി പി സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

---- facebook comment plugin here -----

Latest