Connect with us

kerala education

കേരളത്തിന്റെ വിദ്യാഭ്യാസ മികവിനെ പുകഴ്ത്തി "നാക് ' പിയർ ടീം

സൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ മലയാളികൾ കാണിക്കുന്ന ജാഗ്രതയെയും പിയർ ടീം ചെയർപേഴ്സൻ പ്രൊഫ. സുധീർ ഗവാനെ പ്രശംസിച്ചു.

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ മേഖലയിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെ വാനോളം പുകഴ്ത്തി “നാക്’ പിയർ ടീം. കാലിക്കറ്റ് സർവകലാശാലയുടെ നാലാമത് നാക് അക്ക്രഡിറ്റേഷനു വേണ്ടിയുള്ള പരിശോധനകൾ പൂർത്തിയായതിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിറ്റ് മീറ്റിംഗിലാണ് പിയർ ടീം അംഗങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം നേടിയ ശ്രദ്ധേയമായ നേട്ടങ്ങളെ എടുത്തു പറഞ്ഞത്. സാമൂഹിക ജീവിതം കലുഷിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ മലയാളികൾ കാണിക്കുന്ന ജാഗ്രതയെയും പിയർ ടീം ചെയർപേഴ്സൻ പ്രൊഫ. സുധീർ ഗവാനെ പ്രശംസിച്ചു. ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് ഉയരാനുള്ള വിഭവ ശേഷി കാലിക്കറ്റിനുണ്ടെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് ടീം അംഗങ്ങൾ പറഞ്ഞു.

ചില മേഖലകളിൽ ഇപ്പോൾ തന്നെ ഇന്ത്യയിലെ മറ്റേതൊരു സർവകലാശാലകളോടും കിടപിടിക്കുന്നതാണ് കാലിക്കറ്റ് സർവകലാശാലയെന്ന് ഗുജറാത്ത് നാഷനൽ ലോ- യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറും പിയർ ടീം കോ -ഓർഡിനേറ്ററുമായ പ്രൊഫ. സഞ്ചീവ് ശാന്തകുമാർ പറഞ്ഞു.
മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളും റിസർച്ച് സെന്ററുകളും ആരംഭിക്കുക, സർവകലാശാലയിലെ പുരാവസ്തു രേഖകളും മറ്റു പ്രാദേശിക വൈജ്ഞാനിക ശേഖരങ്ങളും ആഗോളതലത്തിൽ ലഭ്യമാക്കും വിധത്തിൽ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, അന്താരാഷ്ട്ര സർവകലാശാലകളുമായി ഗവേഷണ കരാറുകൾ ഉണ്ടാക്കുക, കൂടുതൽ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്ന വിധത്തിൽ ഇന്റർനാഷനൽ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കുക, വിദ്യാർഥികൾക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന വിധത്തിൽ പ്ലേസ്‌മെന്റ് സെല്ലുകൾ നവീകരിക്കുക തുടങ്ങിയ നിർദേശങ്ങളും സംഘം മുന്നോട്ടുവെച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് മൂന്ന് ദിവസം നീണ്ട പരിശോധനകൾ പൂർത്തിയായത്. എല്ലാ പഠന വകുപ്പുകളും സമിതി സന്ദർശിച്ചു. പ്രൊഫ. ബി എം പ്രവീൺ, പ്രൊഫ. ജഗദീഷ് പ്രസാദ്, പ്രൊഫ. അവിനാഷ് പതാർഡിക്കാർ, പ്രൊഫ. ബി വില്യം ധർമരാജ എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ, അനധ്യാപക പ്രതിനിധികൾ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. പരിശോധനാ റിപോർട്ട് നാകിന് ഓൺലൈനിൽ സമർപ്പിച്ചു. ഒരാഴ്ചക്ക് ശേഷമാണ് ഫലം അറിയാനാവുക. മികച്ച ഗ്രേഡിംഗ് ആണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച പത്ത് സർവകലാശാലകളിൽ ഒന്നായി മാറാനുള്ള പ്രയത്‌നങ്ങളിലാണ് സർവകലാശാല എന്നും വൈസ് ചാൻസലർ പ്രൊഫ. എം കെ ജയരാജ് പറഞ്ഞു. പ്രൊ. വൈസ് ചാൻസലർ ഡോ. എം നാസർ, ഐ ക്യൂ എ സി ഡയറക്ടർ ഡോ. പി ശിവദാസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Latest