Kerala
പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് കഠിന തടവും പിഴയും
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ കുളിക്കുകയാണെന്ന വ്യാജേന നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു

പത്തനംതിട്ട | പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ വയോധികന് രണ്ട് വര്‍ഷവും മൂന്ന് മാസവും കഠിന തടവും 50,000 രൂപ പിഴയും. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല കാവുമണ്ണില്‍ വീട്ടില്‍ ജോക്കര്‍ തങ്കച്ചന്‍ എന്ന കെ കൊച്ചുകുഞ്ഞ് ആണ് (63) ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ നാല് ആഴ്ച കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
2023 ഒക്ടോബര്‍ 30നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ പ്രതി കുളിക്കുകയാണെന്ന വ്യാജേന നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇത് കുട്ടിയുടെ അമ്മ മൊബൈലില്‍ പകര്‍ത്തിയപ്പോള്‍ അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ് ഐ. എസ് ഷൈജുവാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ. ജി ഉണ്ണികൃഷ്ണന്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.