feature
കോടിക്കലിലെ നക്ഷത്ര ശോഭ
കോടിക്കൽ എന്ന കടലോര ഗ്രാമം ദിവസങ്ങൾക്കു മുന്പ് അത്യാഹ്ലാദത്തോടെ ഒരു യുവാവിനെ ഹൃദയത്തോട് ചേർത്ത് ആദരിച്ചു.ചില്ലറക്കാരനല്ല ഈ ചെറുപ്പക്കാരൻ. ലോകത്തെ ഓട്ടക്കാരുടെയെല്ലാം സ്വപ്നമായ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സി സി നൗഫൽ. കരുത്തുറ്റ അത്്ലറ്റ് കിലോമീറ്ററുകളാണ് മികച്ച സമയം കൊണ്ട് ഓടിത്തീർത്തത്.

കോഴിക്കോട് ജില്ലയിലെ കോടിക്കൽ എന്ന കടലോര ഗ്രാമം ദിവസങ്ങൾക്കു മുന്പ് അത്യാഹ്ലാദത്തോടെ ഒരു യുവാവിനെ ഹൃദയത്തോട് ചേർത്ത് ആദരിച്ചു. ചില്ലറക്കാരനല്ല ഈ ചെറുപ്പക്കാരൻ. ലോകത്തെ ഓട്ടക്കാരുടെയെല്ലാം സ്വപ്നമായ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ നക്ഷത്ര ശോഭയുള്ള പ്രകടനം കാഴ്ചവെച്ച സി സി നൗഫൽ. കരുത്തുറ്റ അത്്ലറ്റ് കിലോമീറ്ററുകളാണ് മികച്ച സമയം കൊണ്ട് ഓടിത്തീർത്തത്. സാധാരണ മാരത്തോൺ 42 കിലോമീറ്ററാണെങ്കിൽ ഖത്വർ ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഈ ഹിമാലയൻ മാരത്തോൺ 90 കിലോമീറ്ററാണ്. ഈജിപ്ത്, കെനിയ, സ്പെയിൻ, ബ്രിട്ടൺ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി 120ലധികം പേർ പങ്കെടുത്ത ഖത്വർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ റൺ മഹാമാരത്തോണിൽ ഇന്ത്യക്കാരിൽ ഒന്നാമനെത്തിയത് നൗഫലാണ്. 64 പേർ മാത്രം ഓട്ടം പൂർത്തിയാക്കിയ ആ മത്സരത്തിൽ 12 മണിക്കൂർ 37 മിനുട്ട് 48 സെക്കന്റ് എടുത്ത് നൗഫൽ ഒരു പകൽ മുഴുവൻ ഓടി, സൂര്യാസ്തമയത്തിന് മുമ്പ് ഫിനിഷിംഗ് പോയിന്റിൽ തൊട്ട് നേടിയത് കടലോളം സംതൃപ്തിയുള്ള വിജയമാണ്.
ഖത്വറിലെ ദോഹ ഷെറാട്ടണിൽ നിന്ന് ദുഖാനിലേക്ക് ഒരാൾ ഓടിയാൽ ഖത്വറിന്റെ ഭൂപടത്തെ നെടുകെ പിളരും. അപ്രകാരം ലോകോത്തര ഓട്ടക്കാർക്കൊപ്പം മാറ്റുരച്ച് ദുഖാൻ ബീച്ചിൽ നിന്ന് കോടിക്കൽ ബീച്ചിലേക്ക് നൗഫൽ കൊണ്ടുവന്ന അനർഘസുന്ദരമായ വിജയം നാടിന് അഭിമാനകരമായിത്തീർന്നു. ദുഖാനിൽ നിന്ന് സന്തോഷം കൊയ്തെടുത്തവനേ, അഭിവാദ്യങ്ങൾ എന്നാണ് സ്വീകരണം ഏറ്റുവാങ്ങാൻ നാട്ടിലെത്തിയ നൗഫലിനെ കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞ വാക്യം. ദേശത്തെ കാരണവരായിരുന്ന ടി പി മമ്മത്ക്കയുടെയും ടി പി മറിയേച്ചയുടെയും എട്ടാമത്തെ പുത്രനായ നൗഫൽ അത് കേട്ട് വിനയാന്വിതനായി പറഞ്ഞു. “വളരെ വൈകി കണ്ട സ്വപ്നമായിരുന്നു മാരത്തോൺ-അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം- ഇന്ത്യക്കാരിൽ ഒന്നാമതെത്തിയത് മഹാഭാഗ്യം’.
ഡിസംബറിൽ നടന്ന മത്സരത്തിൽ കടുത്ത തണുപ്പിനെയും പൊടിക്കാറ്റിനെയും അതിജീവിച്ച്, ഉറച്ച മനസ്സോടെ പൊരുതി നേടിയ വിജയം വിസ്മയം നിറഞ്ഞതാണ്. 2019ൽ ഏതാണ്ട് നാല് വർഷം മുമ്പ് മാത്രം തുടങ്ങിയ പരിശീലനം കൊണ്ടാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നത് മറ്റൊരത്ഭുതം.
കൊവിഡ് കാലത്ത് ഖത്വറിലെ വെൽനസ് ചാലഞ്ചേഴ്സ് എന്ന മലയാളി കൂട്ടായ്മ സംഘടിപ്പിച്ച വ്യായാമ പരിപാടികളിൽ പങ്കെടുത്തതോടെയാണ് അത്്ലറ്റിക്സ് മോഹം നൗഫലിന്റെ ഉള്ളിൽ മുളച്ചത്. ഒഴിവു ദിവസമായ വെള്ളിയാഴ്ചകളിലാണ് പരിശീലനം. ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ പോലും ഓടാൻ കഴിഞ്ഞില്ല. ഖത്വറിലെ വ്യത്യസ്ത പാർക്കുകളിലും റൺട്രാക്കുകളിലും ഓടിപ്പരിശീലിച്ചു.എന്തുകൊണ്ടോ സ്കൂൾ പഠനകാലത്ത് ഒരു കായിക വിനോദത്തിലും പങ്കെടുക്കാതിരുന്ന നൗഫൽ, പക്ഷേ ഇപ്പോൾ മികച്ച സ്വപ്നങ്ങൾ പലതും കാണുന്നു. ലോകപ്രശസ്തമായ ബോസ്റ്റൺ, ടോക്യോ , ദുബൈ തുടങ്ങിയ മാരത്തോൺ… അങ്ങനെയങ്ങനെ. ഖത്വറിലെ അബു ഇസ മാർക്കറ്റിംഗ് കമ്പനിയിൽ സെയിൽസിൽ എട്ട് വർഷമായി ജോലി ചെയ്യുന്ന നൗഫൽ എം ബി എ ബിരുദധാരിയാണ്. ഖത്വറിൽ മദീന ഖലീഫയിൽ ഭാര്യ ആദിലയോടും മക്കൾ സഹറാൻ മുഹമ്മദ്, സൈൻ മുഹമ്മദ് എന്നിവരോടുമൊപ്പം താമസിക്കുന്നു.