International
കണ്ണിൽ ചോരയില്ലാത്ത നരനായാട്ട്; പത്ത് മാസത്തിനിടെ ഗസ്സയിൽ ഇസ്റാഈൽ കൊന്നൊടുക്കിയവരുടെ എണ്ണം 40,000 കടന്നു
മരിച്ചവരിൽ 16,000ൽ അധികം പേരും കുട്ടികൾ
ഗസ്സ | ഗസ്സയിൽ കഴിഞ്ഞ പത്ത് മാസമായി ഇസ്റാഈൽ തുടരുന്ന നരനായാട്ടിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു. 92,401 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 പേർ കൊല്ലപ്പെട്ടു. ഇതുവരെ മരിച്ചവരിൽ 16,000ൽ അധികം പേരും കുട്ടികളാണ്. പതിനായിരത്തിലധികം ആളുകളെ കാണാതായിട്ടുമുണ്ട്.
23 ലക്ഷമായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് മുമ്പ് ഗസ്സയിലെ ജനസംഖ്യ. ഇതിന്റെ രണ്ട് ശതമാനത്തിൽ അധികം ആളുകൾക്കും ഇസ്റാഈൽ നടത്തിയ കര, വ്യോമ ആക്രമണങ്ങളിൽ ജീവൻനഷ്ടമായി. അമ്പതിൽ ഒരാൾ മരിച്ചു എന്നതാണ് ഇപ്പോഴത്തെ കണക്ക്.
വെസ്റ്റ് ബാങ്കിലും ഇസ്റാഈൽ കടുത്ത ആക്രമണം നടത്തുന്നുണ്ട്. അവിടെ ഇതുവരെ മരിച്ചത് 632 പേരാണ്. 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിടുണ്ട്.
മനുഷ്യക്കുരുതിക്ക് പുറമെ ഗസ്സയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങളും ആക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും നാമാവശേഷമായ സ്ഥിതിയിലാണ്.
ഇപ്പോൾ റഫ കേന്ദ്രീകരിച്ചാണ് ഇസ്റാഈൽ സൈന്യം ആക്രമണം അഴിച്ചുവിടുന്നത്. തെക്കൻ നഗരമായ ഇവിടെയും കാര്യമായ ആൾനാശം റിപ്പൊർട്ട് ചെയ്യപ്പെടുന്നുണ്ട്.