pala bishop issue
നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരമാര്‍ശം മതഭ്രാന്ത്: പി ചിദംബരം
ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുള്ളവര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ല. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്ന് ചിദംബരം വ്യക്തമാക്കി.
തിരുവനന്തപുരം | നാര്‍കോട്ടിക് ജിഹാദെന്ന പേരില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ നടത്തിയ വിദ്വേഷ പരാമര്‍ശം മതഭ്രാന്താണെന്നും ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നാര്‍ക്കോട്ടിക് ജിഹാദെന്ന പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്. രാജ്യത്ത് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമര്‍ശം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു. വിദ്വേഷ പരാമര്‍ശ വിവാദത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ ചിദംബര്‍ ഇക്കാര്യം വിശദീകരിച്ചത്.
‘ഹിന്ദുത്വ തീവ്രഗ്രൂപ്പുകള്‍ യുവാക്കളെയും സ്ത്രീകളെയും ഭയപ്പെടുത്താനും തീവ്രവാദികളാക്കാനും കണ്ടെത്തിയ ഒരു രാക്ഷസനായിരുന്നു ലൗ ജിഹാദ്. ഈ ശൃംഖലയില്‍ നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്ന ബിഷപ്പാണ് അതിന്റെ രചയിതാവ് എന്നത് എന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നു.’ ലൗ എന്നതും നാര്‍കോട്ടിക്‌സ് എന്നതും യാഥാര്‍ഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, “’ലൗവി’നോടും ‘നാര്‍ക്കോട്ടിക്‌സി’നോടും ചേര്‍ത്തുവെക്കുമ്പോള്‍ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണ്. ഇതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഹിന്ദുമതത്തെ അല്ലെങ്കില്‍ ക്രിസ്തുമതത്തെ ഒരു വശത്തും, മുസ്‌ലിംകളെ മറുവശത്തും നിര്‍ത്തി അവിശ്വാസത്തെയും സാമുദായിക സംഘര്‍ഷത്തെയും ഉത്തേജിപ്പിക്കാനായിരുന്നു അത്. മതഭ്രാന്തന്മാര്‍ക്ക് ഇസ്‌ലാം ‘അപര’വും മുസ്‌ലിംകള്‍ ‘അപരന്മാരു’മാണ്.
വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കണം. വലതുപക്ഷ ഹിന്ദു സംഘടനകള്‍ ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നതില്‍ അത്ഭുതമില്ല. ഇരുകൂട്ടരും മുസ്‌ലിം എന്ന ‘അപരനെ’ യാണ് ലക്ഷ്യമിടുന്നത്. തീവ്രഹിന്ദു വലതുപക്ഷം ക്രിസ്ത്യന്‍ സമൂഹത്തെയും അപരവത്കരിച്ച പല സംഭവങ്ങളും നാം കണ്ടതാണ്. ഏതൊരു വിഭാഗത്തെയും അന്യവത്കരിക്കുന്നത് അഭികാമ്യമല്ല. ഒരു ഭാഗത്ത് മുസ്‌ലിംകളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനക്ക് ചരിത്രപരമായോ സാമൂഹികപരമായോ തെളിവുകളൊന്നുംമില്ല. നാര്‍കോട്ടിക് എന്ന പദം ജിഹാദിനൊപ്പം ചേര്‍ക്കുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണ്. ജിഹാദ് എന്നാല്‍ വിശുദ്ധമായ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണമാണ്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ് ഇത്തരം പദപ്രയോഗങ്ങള്‍. ഇത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ്.
. രാജ്യത്ത് ജിഹാദിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കി ഭിന്നിപ്പിക്കുക എന്നത് ഹിന്ദു തീവ്രശക്തികളുടെ അജണ്ടയാണ്. അവര്‍ക്ക് വഴങ്ങുകയാണ് ബിഷപ്പ് ഇത്തരം പ്രസ്താവനകളിലൂടെ നടത്തുന്നതെന്നും പി ചിദംബരം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാരിന് പിന്തുണ വാ്ഗ്ദാനം ചെയ്തതില്‍ സന്തോഷമുണ്ട്. ഇത്തരം തെറ്റായ സിദ്ധാന്തങ്ങള്‍ ചമക്കുന്നവരെ നേരിടുമെന്ന സര്‍ക്കാറിന്റെ നിലപാട് പിന്തുണക്കപ്പെടണമെന്നും ചിദംബരം പറഞ്ഞു.