Connect with us

Kerala

ലഹരി നിര്‍മാര്‍ജന നിയമം പരിഷ്‌കരിക്കണം: സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി

ദുരന്തങ്ങളിലും അക്രമ സംഭവങ്ങളിലും മതം തിരയുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസങ്ങളെയും വിശ്വാസികളെയും ഒറ്റതിരിഞ്ഞ് അക്രമിക്കുന്നതും ബാലിശം: കാന്തപുരം

Published

|

Last Updated

റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തുന്നു

മലപ്പുറം | ലഹരി നിര്‍മാര്‍ജന നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി. സ്വലാത്ത് നഗറില്‍ റമളാന്‍ ഇരുപത്തിയേഴാം രാവ് പ്രാര്‍ഥനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി നിര്‍മ്മാണവും ഉപയോഗവും ഇന്നത്തെപ്പോലെ വ്യാപകമല്ലാത്ത കാലത്തു നിലവില്‍ വന്ന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇപ്പോഴും ഉള്ളത്. ഇതിക്കെ പഴുതുകള്‍ ആണ് ലഹരി വ്യാപകമാകാന്‍ പ്രധാന കാരണം. നിലവിലെ നിയങ്ങള്‍ അനുസരിച്ച് വലിയ അളവില്‍ ലഹരി വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ മാത്രമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റു ചെയ്യപ്പെടുന്നത്. രാസ ലഹരികളുടെ കണ്ടുപിടിത്തം ഈ അളവ് മാനദണ്ഡങ്ങളെ നിഷ്പ്രഭമാക്കി കഴിഞ്ഞു.

പിടിക്കപ്പെടുന്നര്‍ പലരും നിയമത്തിന്റെ പഴുതിലൂടെ പുറത്തു വരികയും വീണ്ടും കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മാര്‍ച്ച് ഒന്‍പതിനു വന്ന റിപ്പോര്‍ട്ട് പ്രകാരം അറുപതു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എഴുപത് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. മിക്ക കേസുകളിലെ പ്രതികളും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മദ്യ ലഹരിയിലെ അക്രമ സംഭവങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ലഹരി ഉപയോക്താക്കള്‍ സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും സമൂഹത്തിന്റെ സ്വാസ്ഥ്യം കൊടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് നിരന്തരം വരുന്നത്.

ഇതിന് പുറമെയാണ് ലഹരിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആത്മഹത്യകള്‍. ടൂറിസം പ്രോത്സാഹിപ്പിക്കാനും നികുതി വരുമാനം വര്‍ധിക്കുവാനും വേണ്ടി കൂടുതല്‍ മദ്യ ശാലകള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ ആന്തരിക സുരക്ഷയും ഭദ്രതയും കൂടിയാണ് നഷ്ടപ്പെടുന്നത് എന്ന ബോധ്യം വേണം. നിലവിലെ നിയമസംവിധാനങ്ങളിലെ അപാകതകള്‍ പരിഹരിച്ച് പുതുതലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ നിര്‍മാണങ്ങള്‍ നടക്കേണ്ടതുണ്ട്.

സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 10,779 പേരാണ്. സംസ്ഥാനത്ത് പ്രതിദിനം മുപ്പത് ആത്മഹത്യകളും അറുനൂറ് ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൃത്യമായ ബോധവല്‍ക്കരണവും സിലബസുകളിലും നിയമങ്ങളിലും ക്രിയാത്മകമായ പരിഷ്‌കരണം നടത്തിയാല്‍ മാത്രമേ ഇത്തരം വിപത്തുകളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനാകൂ. അല്ലെങ്കില്‍ സാമൂഹിക വികസന സൂചികകളില്‍ കേരളം നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചയെ ലഹരി നിഷ്പ്രഭമാക്കും. സര്‍ക്കാരും ശാസ്ത്ര സമൂഹവും മതനേതൃത്വവുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്തപുരത്തിന്റെ പ്രഭാഷണത്തില്‍ നിന്ന്:
സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ അതിസാധാരണമായിരിക്കുന്നു. ചെറിയ കുട്ടികളില്‍ പോലും അക്രമ മനോഭാവം വളര്‍ന്നുവരുന്നത് ഭീതിദമാണ്. ദിനംപ്രതി മാധ്യമങ്ങളിലൂടെ കണ്ടും വായിച്ചും അറിയുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. സമൂഹത്തില്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ പകരാനും അക്രമ സ്വഭാവങ്ങളെ മായ്ച്ചുകളയാനും നമ്മുടെ ഇടപെടലുണ്ടാകണം. ദുരന്തങ്ങളിലും അക്രമ സംഭവങ്ങളിലും മതം തിരയുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസങ്ങളെയും വിശ്വാസികളെയും ഒറ്റതിരിഞ്ഞ് അക്രമിക്കുന്നതും ബാലിശമാണ്.

യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്ക് ക്രൂരന്മാരാകാനാവില്ല. മറ്റുള്ളവരെ വേദനിപ്പിക്കാനാവില്ല. അവര്‍ ലഹരിക്കും അനാശാസ്യങ്ങള്‍ക്കും അടിമയാവില്ല. ധാര്‍മിക ബോധം കാത്തു സൂക്ഷിക്കുന്നവരുണ്ടായതു കൊണ്ടാണ് രാജ്യവും സമൂഹവുമൊക്കെ സ്വസ്ഥമായി നിലനില്‍ക്കുന്നത്. വ്യക്തിജീവിതത്തിലും സമൂഹത്തിലും അരാജകത്വം വളര്‍ത്തി മതവിരുദ്ധത പ്രചരിപ്പിക്കുന്നത് നാടിന്റെ സമാധാനം കെടുത്തും. അത്തരം ശ്രമങ്ങള്‍ക്ക് ആരും പ്രോത്സാഹനം നല്‍കരുത്.വിശുദ്ധ ഇസ്ലാം സമാധാനത്തിന് വലിയ പ്രാധാന്യം നല്‍കിയ മതമാണ്. അക്രമിയുടെ മനോഭാവത്തിനു പിന്നിലുണ്ടാകുന്ന വിവിധ കാരണങ്ങളെ തടയാനും ഇസ്ലാം പറയുന്നുണ്ട്.

നമ്മള്‍ ഇസ്ലാമിന്റെ മഹത്തായ സമാധാന സന്ദേശങ്ങള്‍ നിരന്തരം സമൂഹത്തിന് വിളംബരം ചെയ്യണം. സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദവും സഹവര്‍ത്തിത്വവും എന്നുമുണ്ടാകണം. വെറുപ്പിന്റെ ഉത്പാദകരെ കേരളീയ സമൂഹം തിരിച്ചറിയണം. വിദ്വേഷം വിതക്കാന്‍ താത്പര്യമുള്ള ചിലര്‍ അതിന് പലരീതിയിലുമുള്ള വഴികള്‍ കണ്ടെത്തുകയാണ്. രാജ്യത്തിന്റെ ഭരണഘടനയിലെ 25 മുതല്‍ 28 വരെയുള്ള വകുപ്പുകളില്‍ മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. മത നിയമങ്ങള്‍ അനുസരിച്ച് മതങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും മതവിശ്വാസികള്‍ക്ക് ജീവിക്കാനും രാജ്യം അവകാശം നല്‍കുമ്പോള്‍, അതിനെ ചോദ്യം ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ നീക്കങ്ങള്‍ മതേതര സമൂഹം അനുവദിച്ചുകൂടാ. മതമൈത്രിയും സൗഹൃദവും നിലനിര്‍ത്താനും അതിനുവേണ്ടി നിലകൊള്ളാനും ഉദ്ഘോഷിക്കുന്ന സമുദായിക നേതാക്കള്‍ പ്രതീക്ഷയാണ്. എല്ലാ സ്പര്‍ധകളെയും നമുക്ക് സ്നേഹംകൊണ്ട് പ്രതിരോധിക്കാനാകും.