Connect with us

Kerala

നരേന്ദ്ര മോദി വിളിച്ചു; സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

അദ്ദേഹം വിളിച്ചു ഞാന്‍ അനുസരിക്കുന്നു . മറ്റൊന്നും അറിയില്ലെന്നും അദ്ദേഹമാണ് എല്ലാം തീരുമാനിക്കുകയെന്നും മോദിയെ ഉദ്ദേശിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  നടനും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം കുടുംബ സമേതം ഡല്‍ഹിക്ക് പുറപ്പെട്ടത്. അദ്ദേഹം വിളിച്ചു ഞാന്‍ അനുസരിക്കുന്നു . മറ്റൊന്നും അറിയില്ലെന്നും അദ്ദേഹമാണ് എല്ലാം തീരുമാനിക്കുകയെന്നും മോദിയെ ഉദ്ദേശിച്ച് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ അംബാസഡര്‍ എന്ന നിലയിലായിരിക്കുമോ പദവിയെന്ന ചോദ്യത്തിന്, ‘അത് ഞാൻ എംപിയായിരുന്നാലും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞു. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി വര്‍ത്തിക്കുന്ന എംപിയായിരിക്കും. തൃശൂരിലെ ജനങ്ങളോടും അതു പറഞ്ഞതാണ്. അവര്‍ കയ്യടിച്ചു പാസ്സാക്കുകയും ചെയ്തു- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു

നിര്‍ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു സുരേഷ് ഗോപി. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്. സുരേഷ് ഗോപിയും ഭാര്യയും ബംഗളൂരുവിലെത്തി അവിടെ നിന്നും ഡല്‍ഹിയിലെത്തും. വൈകീട്ടു നാലു മണിക്കുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഡല്‍ഹിയിലെത്താനാണ് ശ്രമം.

കേന്ദ്രമന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഡല്‍ഹിയിലെത്താനാണ് ഇപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുള്ള നിര്‍ദേശം

 

Latest