National
പ്രധാനമന്ത്രി പദവിക്കുള്ള ആദരവിന് നരേന്ദ്രമോദി അര്‍ഹനല്ല; കപില്‍ സിബല്‍
മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരണമെന്നും കപില്‍ സിബല്‍
ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് അടിയന്തര നടപടിയെടുക്കുന്നില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍. രാജ്യത്തെ ഓര്‍ത്ത് വേദനിക്കുകയാണ്. പ്രധാനമന്ത്രി പദവിക്കുള്ള ആദരവിന് നരേന്ദ്രമോദി അര്‍ഹനല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇത് എന്ത് തരം രാഷ്ട്രീയ സംസ്‌കാരമാണെന്നും സിബല്‍ ചോദിച്ചു.
അതേസമയം നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും പരാതി നല്‍കും. ഇരു പാര്‍ട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്രമോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കും. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് വിദ്വേഷ പ്രസംഗം.
വിവാദ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി പറയുന്നത് നുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് ഇടിച്ച മറ്റൊരാള്‍ ചരിത്രത്തിലില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.