Connect with us

National

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും; നേതാവായി നിര്‍ദേശിച്ച് രാജ്‌നാഥ് സിങ്

തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് യോഗം ചേര്‍ന്നത്.  നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. നിര്‍ദേശം കയ്യടികളോടെ അംഗങ്ങള്‍ പിന്തുണച്ചു. അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു.

എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ എന്‍ഡിഎയുടെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കള്‍ നല്‍കും.

നരേന്ദ്ര മോദി ജൂണ്‍ ഒമ്പതിന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി എന്‍ ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അറിയിച്ചുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തും.

അതേസമയം മൂന്നാം മോദി മന്ത്രി സഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷാ യും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരുമെന്നാണ് സൂചന. തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പിച്ചു. രാജീവ് ചന്ദ്ര ശേഖറും മന്ത്രി സഭയിലേക്കെന്ന് സൂചന.

സഖ്യകക്ഷികളായ ജെഡിയുവിന്റെയും ടിഡിപിയുടെയും സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ് ബിജെപി. റെയില്‍വേ മന്ത്രി സ്ഥാനം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജെ ഡി യു. സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ടിഡിപി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം നല്‍കിയേക്കും. സ്ഫീക്കര്‍ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest