Connect with us

Editorial

നരോദാ ഗാം കൂട്ടക്കൊല: അപ്രതീക്ഷിതമല്ല കോടതി വിധി

നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നിലപാടുകളും നടപടികളുമാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകുന്നത്. ഗുജറാത്ത് ഉള്‍പ്പെടെ ഹിന്ദുത്വര്‍ പ്രതികളാകുന്ന കേസുകളില്‍ ഭരണകൂടവും അന്വേഷണ ഏജന്‍സികളും വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുന്ന സ്ഥിതിവിശേഷമാണിന്ന് രാജ്യത്ത്.

Published

|

Last Updated

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദാ ഗാം കൂട്ടക്കൊലപാതക കേസ് എഴുതിത്തള്ളിയിരിക്കുന്നു കോടതി. 28 വര്‍ഷം ജീവപര്യന്തം തടവിനു ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ‘തെളിവുകളുടെ അഭാവത്തില്‍’ ജഡ്ജി എസ് കെ ബക്സി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ദേശപ്രകാരം എസ് ഐ ടി (ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം) അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നായ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായാ കൊഡ്നാനി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. മോദി മന്ത്രിസഭയില്‍ സ്ത്രീ, ശിശുവികസന വകുപ്പുകളായിരുന്നു മായാ കൊഡ്നാനി കൈകാര്യം ചെയ്തിരുന്നത്. അവരെ കൂടാതെ ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വി എച്ച് പി നേതാവ് ജയ്ദീപ് പട്ടേല്‍, അന്നത്തെ നരോദാ പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് ഗോഹില്‍ അടക്കം 69 പേരാണ് കേസിലെ പ്രതികള്‍. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഒമ്പത് കൂട്ടക്കൊലകളിലൊന്നാണ് നരോദാ ഗാം സംഭവം. അഹമ്മദാബാദിലെ നരോദാ ഗാമിലുള്ള മുസ്ലിം മൊഹല്ല, കുംഭര്‍ വാസ് എന്നീ പ്രദേശങ്ങളിലെ മുസ്ലിം വീടുകള്‍ ആള്‍ക്കൂട്ടം തീ വെക്കുകയും പതിനൊന്ന് മുസ്ലിംകളെ ചുട്ട് കൊല്ലുകയുമായിരുന്നു. കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരേ അതിക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പോലീസിന്റെ പിന്തുണയോടെയായിരുന്നു ഈ പൈശാചിക കൃത്യമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആക്രമിക്കപ്പെട്ട മുസ്ലിംകള്‍ക്ക് പോലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. വളരെ താമസിച്ചാണ് പോലീസ് പ്രശ്നത്തില്‍ ഇടപെട്ടത്.

നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നിലപാടുകളും നടപടികളുമാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകുന്നത്. വംശഹത്യക്ക് കുടപിടിക്കുകയും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒട്ടനവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നൊന്നായി ജയില്‍ മോചിതരാകുന്നു. ഗുരുതര കൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പ്രതികളെ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കുന്നു. അതേസമയം ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കായി നിയമ പോരാട്ടം നടത്തിയ ഗുജറാത്ത് മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റസെതല്‍വാദിനെപ്പോലുള്ളവര്‍
വേട്ടയാടപ്പെടുകയും ചെയ്യുന്നു.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ ആഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കുകയുണ്ടായി. ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം നടത്തുകയും മൂന്ന് വയസ്സുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം. ബലാത്സംഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നീ കുറ്റങ്ങള്‍ക്ക് തടവിലാക്കപ്പെടുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളുടെ ശിക്ഷാ കാലാവധിയില്‍ ഇളവ് വരുത്തരുതെന്നാണ് ചട്ടം. ഈ നിയമം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ അവരെ വിട്ടയച്ചത്.

ഗുജറാത്ത് സര്‍ക്കാറിന്റെ ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചത്. പ്രതികളെ മോചിപ്പിച്ചതിന്റെ കാരണങ്ങള്‍ സര്‍ക്കാര്‍ ബോധിപ്പിക്കണമെന്നും ഭയാനകമാണ് പ്രതികള്‍ ചെയ്ത കുറ്റമെന്നും മറ്റു കേസുകളിലെ പ്രതികളെ പോലെ ഇവരെ കാണാനാകില്ലെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും നാഗരത്‌നയും ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. ഇത്രയും ഹീനമായ ഒരു കുറ്റകൃത്യം ചെയ്ത കുറ്റവാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടവരാണ.് പൊതുതാത്പര്യം മുന്‍നിര്‍ത്തി മാത്രം ഉപയോഗിക്കേണ്ട ശിക്ഷാ ഇളവ് ഇത്തരക്കാര്‍ക്ക് നല്‍കുമ്പോള്‍ അത് സമൂഹത്തെ മൊത്തം ബാധിക്കുമെന്ന് ഓര്‍മിപ്പിച്ച സുപ്രീം കോടതി, ഇന്ന് ബില്‍ക്കീസ് ആണെങ്കില്‍ നാളെ അത് നിങ്ങളോ ഞാനോ ആകാമെന്നും സര്‍ക്കാറിന് മുന്നറിയിപ്പും നല്‍കി.

ഗുജറാത്ത് ഉള്‍പ്പെടെ ഹിന്ദുത്വര്‍ പ്രതികളാകുന്ന കേസുകളില്‍ ഭരണകൂടവും അന്വേഷണ ഏജന്‍സികളും വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുന്ന സ്ഥിതിവിശേഷമാണിന്ന് രാജ്യത്ത്. നരോദാ ഗാം കൂട്ടക്കൊല നടക്കുമ്പോള്‍ മായാ കൊഡ്നാനി സ്ഥലത്തുണ്ടായിരുന്നു, കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ആക്രമിക്കാന്‍ അവരെ ഉത്ബോധിപ്പിക്കുകയും ചെയ്തിരുന്നുവെന്നുമായിരുന്നു സാക്ഷിമൊഴികള്‍. കലാപാഹ്വാനം നടത്തി കൊഡ്‌നാനി ദിവസം മുഴുവന്‍ നരോദയില്‍ ചുറ്റിക്കറങ്ങിയെന്നും സാക്ഷികള്‍ ചൂണ്ടിക്കാട്ടിയതാണ്. മൊബൈല്‍ ഫോണ്‍ രേഖകളും മറ്റും ഇതിന് തെളിവാകുകയും ചെയ്തു. സംഭവ സ്ഥലത്ത് മായാ കൊഡ്‌നാനി ഉണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കൂട്ടക്കൊല നടന്ന 2002 ഫെബ്രുവരി 28ന് അന്നത്തെ മോദി സര്‍ക്കാറിലെ മന്ത്രി ആയിരുന്ന മായാ കൊഡ്‌നാനിയെ രാവിലെ എട്ടരയോടെ ഗുജറാത്ത് നിയമസഭയിലും പതിനൊന്ന് മണിയോടെ സോള സിവില്‍ ആശുപത്രിയിലും കണ്ടിരുന്നുവെന്നാണ് അന്ന് ബി ജെ പി ദേശീയ അധ്യക്ഷനും ഇന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാ കോടതിയില്‍ മൊഴി നല്‍കിയത്. മുസ്ലിംകള്‍ക്കെതിരായ ആസൂത്രിതമായ നീക്കമായിരുന്നു യഥാര്‍ഥത്തില്‍ ഗുജറാത്ത് വംശഹത്യ. ഹിന്ദുത്വ ഗുണ്ടകള്‍ മാത്രമല്ല, ഭരണ തലത്തിലെ ഉന്നതരടക്കം വലിയൊരു ശൃംഖലയാണ് വംശഹത്യ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. അതുകൊണ്ട് തന്നെ നരോദാ ഗാം കേസിന് ഇത്തരമൊരു പരിസമാപ്തി വന്നതില്‍ അത്ഭുതമില്ല.