Connect with us

Prathivaram

ഭാവനാ ഭൂപടങ്ങളുടെ ആഖ്യാനവൈവിധ്യം

കുമരി -ജേക്കബ് ഏബ്രഹാം

Published

|

Last Updated

 

“ആലസ്യങ്ങളുടെയും വിഷാദചിന്തകളുടെയും അവധി ദിവസം. പ്രാർഥനകളുടെയും രഹസ്യസമാഗമങ്ങളുടെയും ഉല്ലാസദിനം. വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ഞായർ.’ നോവലിന്റെ ആദ്യാധ്യായത്തിൽ എഴുത്തുകാരൻ ഞായറാഴ്ചക്ക് കൊടുക്കുന്ന സവിശേഷ വിശേഷണമാണിത്. ഉമ്പർട്ടോ എക്കോ എന്ന എഴുത്തുകാരൻ ഞായറാഴ്ചകളിൽ മാത്രമെഴുതുന്ന നോവലിസ്റ്റായിരുന്നു എന്ന് പറയാറുണ്ട്. മറ്റു ദിവസങ്ങളിൽ തന്റെയുള്ളിൽ ഊറിക്കൂടിയ അനുഭവസാക്ഷ്യങ്ങളുടെയും അസാധാരണ ചിന്തകളുടെയും ദീപ്തവായനകളുടെയും സമ്പൂർണ കൂടിച്ചേരലിൽ സംഭവിക്കുന്ന അജ്ഞാതമായ ദുഷ്ഫലങ്ങളുടെ സ്വതന്ത്ര പിറവി നടക്കുന്ന എഴുത്ത്. ഞായറാഴ്ചയായിരുന്നു ആ ഇറ്റാലിയൻ എഴുത്തുകാരന്റെ സകല സർഗാത്മകതയും സംഭവിക്കുന്നത്. ഉമ്പർട്ടോ എക്കോയുടെ മാത്രം അനുഭവമായിരിക്കില്ല ഇത്. സർഗാത്മകവും ഭാവനാജന്യവുമായ ഞായറാഴ്ചകളെ അപഹരിക്കാൻ കെൽപ്പുള്ള വിപണികൾ “ഇരപിടിയൻ പെരുമ്പാമ്പിനെപ്പോലെ കടൽത്തീരത്ത് നിന്ന്’ കടന്നു വരികയാണ്. സർഗാത്മകത നഷ്ടപ്പെട്ട മനുഷ്യജീവൻ കേവലം യന്ത്രരൂപങ്ങളായി മാറുന്നു. വിപണി ഒരു മനുഷ്യവംശത്തിന്റെ സ്വത്വത്തെ അനിയന്ത്രിതമായി സ്വാധീനിക്കുന്നതിന്റെ ഭീതിദമായ കാഴ്ചകളാണ് ജേക്കബ് ഏബ്രഹാം “കുമരി’യിൽ ഒരുക്കി വെച്ചിരിക്കുന്നത്.

അവ്യവസ്ഥിതിയും അവിക്രമവും ആയ ഒരു സാഹിത്യരൂപമാണ് നോവൽ. അതിന്റെ സാധ്യതകൾ അനന്തമാണ്. “കൊടുമുടികളുടെ ഔന്നത്യവും അലകടലുകളുടെ അഗാധതയും ഒരുപോലെ ഉൾക്കൊള്ളാനാകുന്ന ഒരു ഏകാന്തശാന്തനായ പഥികനാണ് നോവലെഴുത്തുകാരൻ’ എന്ന് പി കെ രാജശേഖരൻ നിരീക്ഷിക്കുന്നുണ്ട്. ഭാവനാഭൂപടങ്ങളെ അവതരിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ആഖ്യാനരൂപമുള്ള നോവലാണ് “കുമരി’. സാങ്കേതികമായി മെറ്റാഫിക്്ഷൻ പോലുള്ള നോവൽ രൂപത്തിൽ പെടുത്താവുന്ന കൃതി. ഒരു നോവലിൽ മറ്റൊരു നോവലിന്റെ കഥ പറയുന്ന രീതി മലയാളിക്ക് പുതുമയുള്ളതല്ല. കേശവന്റെ വിലാപങ്ങൾ പോലുള്ള നോവലിന്റെ വായന നമുക്ക് അനുഭവവേദ്യമാണ്. അപ്പുക്കുട്ടന്റെ വിലാപങ്ങൾ (കേശവന്റെ വിലാപത്തിലെ മറ്റൊരു നോവൽ) സ്ഥൂലമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര അഭിനിവേശ പ്രശ്‌നങ്ങളായിരുന്നു വെങ്കിൽ കുമരി സൂക്ഷ്മ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ സന്ദിഗ്ദ്ധതകളെ അവതരിപ്പിക്കുകയാണ്. നോവലിന്റെ പാരായണക്ഷമത ഋജുവും രേഖീയവുമാണെങ്കിലും അത് വായനക്കാരിൽ ഉയർത്തുന്ന ബഹുരാഷ്ട്രീയവും സാഹിത്യേതരവുമായ പ്രതിസന്ധികൾ സങ്കീർണമാണ്. പരസ്യവിപണികളുടെ ഉത്പാദകനാകേണ്ടി വന്ന റെക്‌സ് അനുഭവിക്കുന്ന മാനസികാസ്വാസ്ഥ്യത്തിന്റെ സ്വാസ്ഥിയിടമാണ് അയാൾ എഴുതുന്ന “കുമരി’ എന്ന നോവൽ. അവിടെ അയാളെത്തന്നെ പുനർസൃഷ്ടിക്കുകയാണ്. മനുഷ്യർ എപ്പോഴും ഭൂതകാലത്തിന്റെ തടവറയിലാണ്. ഭൂതകാലം മികച്ചതായതുകൊണ്ടല്ല മറിച്ച് “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമാവുന്ന’ മനുഷ്യനിയതമായ ബോധസ്വരൂപങ്ങൾ ഉറച്ചുപോയ ഇത്തരം വിശ്വാസഗതികളെ പിൻപറ്റാനുള്ള ജൈവവാസന. തന്റെ വർത്തമാനമായ കുമരിയിൽ നിന്നും പിന്നോട്ടോടുകയാണ് കൂവുന്നോൻ. അവന്റെ ഭൂതകാലം കാമിയിൽ എഴുതുമ്പോൾ – അവന്റെ അഭയം പ്രകൃതിയാണ്.

നോവൽ സ്വരൂപത്തെ നിർണയിക്കുന്ന അതിസൂക്ഷ്മ ഘടകങ്ങളാണ് കാലദേശങ്ങൾ. ആഖ്യാനരൂപകങ്ങളിൽ പുരാവൃത്ത ദേശങ്ങളെ ആനയിക്കുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. ഒരു പക്ഷേ, നോവലെഴുത്തുകാരൻ അനുഭവിക്കുന്ന പ്രതിസന്ധികളിൽ ഏറ്റവും വലുതാണിത്. ഭൂതകാലസ്ഥലങ്ങളെ അടയാളപ്പെടുത്തുമ്പോൾ കേവലമായ ഭൂമിശാസ്ത്രവിജ്ഞാന വിവരണം മാത്രം മതിയാകില്ല. ദേശത്തെ ഏറ്റെടുക്കുമ്പോൾ അവിടത്തെ സാംസ്‌കാരികഘടകങ്ങൾ മനുഷ്യ ജീവജാലങ്ങളുടെ ബാഹ്യാടയാളങ്ങൾ, അവരുടെ സംഭാഷണങ്ങൾ എന്നിവയെ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ഇത്തരം സാങ്കേതികത്വങ്ങളെ കുറിച്ച് എഴുത്തുകാരൻ എൻ ശശിധരൻ “പുസ്തകങ്ങളും മനുഷ്യരാണ്’ എന്ന കൃതികളിൽ പറഞ്ഞിരിക്കുന്നത് പരിഗണനാർഹമാണ്. “ചരിത്രവത്കരിക്കപ്പെട്ട സ്മൃതിസഞ്ചയങ്ങളായി മാറിയ ജനസമൂഹത്തിന്റെ ജൈവത്തനിമകളെ അലേഖനം ചെയ്യുന്നത് എളുപ്പ വഴിയല്ല.’ അത്തരം പ്രശ്‌നങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്തു എന്നുള്ളതും ഈ നോവലിന്റെ വായനയെ പ്രിയമുള്ളതാക്കുന്നു. വായനാരംഭത്തിൽ പരസ്പരം പകുത്തുവെക്കപ്പെടുന്ന വ്യക്തിത്വങ്ങൾ നോവൽ പരിണാമത്തിൽ ഒന്നായി രൂപാന്തരപ്പെടുന്നു. വിപണി രൂക്ഷതയുടെ ഭീതിമുഖങ്ങളെ അവതരിപ്പിക്കുമ്പോഴും അതിന്റെ അധിനിവേശപ്പെടുത്തലിന്റെ അടയാളങ്ങളെ വായനക്കാരിലേക്ക് സൂചനകളായി അവതരിപ്പിക്കുമ്പോഴും എഴുത്തിന്റെ സാഹിത്യാനുഭൂതിയെ സംരക്ഷിക്കുന്നു. കഥയുടെ ആഖ്യാനം തന്നെ മറ്റൊരു സാഹിത്യടെക്നിക് ആണ്. ഭാവനയുടെ റിപ്പബ്ലിക് തീർത്ത് കഥ പറയുകയും അവയിൽ ആഖ്യാതാവിന്റെ ഏക കർതൃത്വത്തെ ഉപേക്ഷിച്ച് ബഹുഭാഷണപ്രക്രിയകളെ സ്വീകരിക്കുന്നു. ഇത് നോവൽ പരിസരങ്ങളെ കൂടുതൽ ചലനാത്മകമാക്കുന്നു.

“കുമരി’ സാഹിത്യസമ്മേളിതമായ ഒരു ഉത്സവച്ചന്തയാണ്. എഴുത്തുകാരന്റെ ഇളവെയിൽ വീണ് മേളച്ചന്തയൊന്ന് ആറിത്തണുക്കുമ്പോൾ ഉത്സവത്തിനിടയിലെ നിശ്ശബ്ദത പോലെ കുറച്ച് നേരത്തെ ശാന്തത പരന്നുവരുന്നു. എഴുത്തിന്റെ വഴിയോരങ്ങളിലെ ഭാഷാസൗന്ദര്യം വായനക്കാരെ വളരെ വേഗം നോവലിലേക്ക് അടുപ്പിക്കുന്നു.ആൾക്കൂട്ട രാഷ്ട്രീയത്തിന്റെ ചീർത്ത അഭിപ്രായങ്ങൾ ജനാധിപത്യമൂല്യങ്ങളായി പുനർനിശ്ചയിക്കപ്പെടുമ്പോൾ തകർന്നുപോകുന്നത് ഒരുവന്റെ സ്വാസ്ഥ്യ ഇടങ്ങളാണ്. ആഗോളീകരണത്തിന്റെ ആരംഭഘട്ടത്തിൽ ഫിഡൽ കാസ്‌ട്രോ എഴുതി, ലാറ്റിനമേരിക്കയിലെ ചോർന്നൊലിക്കുന്ന വീടുകളിൽ പോലും ബഹുരാഷ്ട്ര കമ്പനിയുടെ പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പികൾ അവശേഷിക്കുകയും ഒരു ആശുപത്രി പോലും എത്താത്ത ഗ്രാമപ്രദേശങ്ങളിൽ ബ്യൂട്ടിപാർലറുകൾ നിരനിരയായി വന്നെത്തുന്നതും ആശങ്കയോടെ നാം കാണണം. “കുമരി’ പങ്കുവെക്കുന്ന ആശങ്കയും വ്യത്യസ്തമല്ല. പ്രസാധകർ മനോരമ ബുക്സ്. വില 190 രൂപ.

രതീഷ് ഇളമാട്
ratheeshelamadupoet@gmail.com

Latest