Connect with us

articles

മറുവാദങ്ങളെ സാധൂകരിക്കുന്ന ആഖ്യാനങ്ങൾ

പുരുഷനെ സംബന്ധിച്ച് സമൂഹത്തിനുള്ള ധാരണകളെല്ലാം വേണമെങ്കിൽ പെണ്ണധികാര സമൂഹത്തിന്റെ നിർമിതിയാണെന്ന് ആൺവാദികൾക്ക് അവകാശപ്പെടാം. ഇതിനായി ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ ഉണ്ടുതാനും. അങ്ങനെ വരുമ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ അവകാശങ്ങൾ ഹനിക്കപ്പെടുന്ന പുരുഷന്മാരുടെ നീതിക്കും അവകാശങ്ങൾക്കുമായും സംഘടനകളും കമ്മീഷനുകളും വേണമെന്ന വാദത്തിനു പ്രസക്തിയുണ്ട്.

Published

|

Last Updated

മുനവ്വർ ഹാനിഹ്

മാനവികതാ വാദത്തിലൂന്നിയാണ് ലിംഗ സമത്വ മുന്നേറ്റങ്ങളെല്ലാം ആവിർഭവിച്ചത്. എല്ലാ വ്യവഹാരങ്ങളുടെയും കേന്ദ്രബിന്ദുവായ മനുഷ്യരെല്ലാം സമസ്തതലങ്ങളിലും തുല്യരാണെന്ന വാദം പലതരത്തിലുള്ള വിമോചന പ്രസ്ഥാനങ്ങൾക്കും മുന്നേറ്റങ്ങൾക്കും അടിത്തറ പാകി. ആണധികാര സമൂഹത്തിന്റെ ചങ്ങലക്കെട്ടുകളിൽ കാലങ്ങളായി വീടകങ്ങളിൽ ഹോമിക്കപ്പെടുന്നെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെ സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കും മോചിപ്പിക്കുക എന്നത് സ്ത്രീ വിമോചന മുന്നേറ്റങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ ഈ ലക്ഷ്യം നിറവേറിയോ? എത്രത്തോളം നിറവേറി? ഇതിൽ പാശ്ചാത്യദത്തമായ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പങ്കെത്രത്തോളം എന്നതെല്ലാം ഏറെ ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യപ്പെടുന്ന പഠനങ്ങളാണ്.

ഇതേക്കുറിച്ച് ഏകാഭിപ്രായത്തിൽ എത്താത്ത ഗവേഷണങ്ങളും അഭിപ്രായങ്ങളും ഇന്നും തുടർന്നു പോരുന്നുമുണ്ട്. എങ്കിലും സ്ത്രീയെ ആണധികാര കേന്ദ്രമായ കുടുബങ്ങളിൽ നിന്നും ഇതിന്റെ പ്രത്യക്ഷ ഘടനയായ വീടകങ്ങളിൽ നിന്നും മോചിപ്പിക്കുക, ഇവിടെ നിന്ന് ഇറക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നത് ഈ സമത്വ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനമിന്ന് നൂറ്റാണ്ടുകളുടെ പരിണാമം കടന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനിൽക്കുന്നു. സ്ത്രീ സമത്വ പ്രസ്ഥാനത്തിന്റെയും അതിന്റെ വിമോചന ലക്ഷ്യത്തിന്റെയും ചരിത്രവും വ്യവഹാരവും ചർച്ച ചെയ്യപ്പെടുമ്പോൾ അരികുകളിൽ നിന്നാണെങ്കിലും ഉയർന്നു കേൾക്കുന്ന ആവശ്യമാണ് പുരുഷന്മാർക്കും അവകാശ പ്രസ്ഥാനം ആവശ്യമാണെന്നുള്ളത്.

നിലവിൽ വിവിധ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ ഈ ആവശ്യവും വാദവും മുഖ്യധാരയിൽ ഉയർന്നു കേൾക്കാൻ ആരംഭിച്ചിരിക്കുന്നു. യഥാർഥത്തിൽ അത്തരമൊരു പുരുഷാവകാശ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ടോ? ഫെമിനിസ്റ്റുകളോട് ഇങ്ങനെയൊന്ന് ചോദിച്ചാൽ, ഫെമിനിസം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി മാത്രമുള്ള പ്രസ്ഥാനമല്ല, പുരുഷന്മാർക്ക് കൂടിയാണ്. ഞങ്ങൾ പുരുഷന്മാരെ തോൽപ്പിക്കാനോ അവരേക്കാൾ മികച്ചതാകാനോ വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവർക്കൊപ്പം എത്താനാണെന്നുള്ള വളരെ ഉപരിപ്ലവമായൊരു മറുപടിയായിരിക്കും
ലഭിക്കുക.

എന്നാൽ അതങ്ങയനെയാണോ? ഇനി സൈദ്ധാന്തികമായി അങ്ങനെ തന്നെയാണെങ്കിലും സ്ത്രീ വിമോചന പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളും അതിന്റെ ഭാഗമായുള്ള നയങ്ങളും നിയമങ്ങളും ഒരു പരിധി വരെയെങ്കിലും പുരുഷന്മാരെ ശത്രുവത്കരിക്കുകയും ഇരവത്കരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് നിഷേധിക്കാനാകാത്ത യാഥാർഥ്യമല്ലേ? ഇതിന്റെ നിരവധി ഉദാഹരണങ്ങൾ പ്രാദേശികതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ലഭ്യമാണ്.

മേലുദ്യോഗസ്ഥനെതിരെ അകാരണമായി പരാതി കൊടുക്കുന്ന ഉദ്യോഗസ്ഥ, ഗുണദോഷിച്ചാൽ അധ്യാപകർക്കെതിരെ ദുരാരോപണം നടത്തുന്ന വിദ്യാർഥിനികൾ, വ്യക്തിവൈരാഗ്യം തീർക്കാൻ പീഡന പരാതികളുമായി വരുന്നവർ, വിവാഹമോചന സമയത്ത് കുഞ്ഞിനെ ലഭിക്കാനും നഷ്ടപരിഹാരത്തിനുമായി പുരുഷനെതിരെ അവാസ്തവമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ, എന്നിങ്ങനെയുള്ള സംഭവങ്ങളും വ്യാപകമായി ഇന്ന് നടക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് പുറത്തുപറയാൻ ഭയപ്പെടേണ്ട സ്ഥിതിയാണ്.

ഇപ്പറഞ്ഞതിനർഥം പുരുഷന്മാർ വേട്ടക്കാരാകുന്ന സന്ദർഭങ്ങളില്ലെന്നല്ല, അതും യാഥാർഥ്യമാണ്. എന്നാൽ വേട്ടക്കാരൻ എന്ന പദപ്രയോഗം പുരുഷനിൽ മാത്രം തളച്ചിടാതെ വേട്ടക്കാരികളും സമൂഹത്തിൽ ഉണ്ടെന്നും അതിൽ പലപ്പോഴും പുരുഷന്മാർ ഇരകളാകുന്നുണ്ടെന്നുമുള്ള വാസ്തവത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കാണാതിരുന്നു കൂടാ. പുരുഷൻ ക്രൂരനാണെന്നും ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്ത വർഗമാണെന്നും കാലങ്ങളായി സ്ത്രീയെ അടക്കിഭരിച്ചിരുന്നവരാണെന്നും ഉള്ള മനഃസ്ഥിതിയിൽ നിന്ന് നോക്കുമ്പോൾ ഇരകളാകുന്ന പുരുഷന്മാരെ കുറിച്ച് ചിന്തിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. യഥാർഥത്തിൽ പീഡിതനായ പുരുഷനെ കുറിച്ച് ചിന്തിക്കാനാകാത്തതും പുരുഷനിൽ പീഡകരൂപം മാത്രം ദർശിക്കാനാകുന്നതും ഒരു തരത്തിലുള്ള സമൂഹ മുൻധാരണയാണ്. ഈ വാദം തന്നെയാണ് വാറൻ ഫാറൽ തന്റെ ദ മിത്ത് ഓഫ് മെയിൽ പവർ എന്ന പുസ്തകത്തിൽ പങ്കുവെക്കുന്നത്. പിന്നീട് ആണവകാശ പ്രവർത്തനങ്ങളുടെ പ്രധാന സൈദ്ധാന്തിക ഗ്രന്ഥമായി മാറിയത് ഈ ഗ്രന്ഥമാണ്.

ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും നാഷനൽ ഓർഗനൈസേഷൻ ഫോർ വിമൻ എന്ന സംഘടനക്ക് നേതൃത്വം നൽകുകയും ചെയ്ത പ്രബലനായ സ്ത്രീ സമത്വവാദിയായിരുന്നു രാഷ്ട്രമീമാംസകനായ വാറൻ ഫാറൽ. എന്നാൽ, പിന്നീട് എഴുപതുകളോടെ സ്ത്രീ സമത്വ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിൽ സംഭവിച്ച ഭ്രംശത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വാറൻ ഫാറൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കുന്നതും ആണവകാശ പ്രവർത്തനങ്ങളുടെ മുൻപന്തിയിലേക്ക് വരുന്നതും. പുരുഷനെ സംബന്ധിച്ച് സമൂഹത്തിനുള്ള ധാരണകളെല്ലാം വേണമെങ്കിൽ പെണ്ണധികാര സമൂഹത്തിന്റെ നിർമിതിയാണെന്ന് ആൺവാദികൾക്ക് അവകാശപ്പെടാം. ഇതിനായി ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ ഉണ്ടുതാനും.

അങ്ങനെ വരുമ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ അവകാശങ്ങൾ ഹനിക്കപ്പെടുന്ന പുരുഷന്മാരുടെ നീതിക്കും അവകാശങ്ങൾക്കുമായും സംഘടനകളും കമ്മീഷനുകളും വേണമെന്ന വാദത്തിന് പ്രസക്തിയുണ്ട്. സമൂഹം സ്ത്രീയുടെ അവകാശങ്ങൾക്ക് വേണ്ടി നിന്നത് സമത്വത്തെ ലാക്കാക്കിയാണെങ്കിൽ അവകാശം ഹനിക്കപ്പെടുന്ന പുരുഷന്മാരുടെ കാര്യത്തിലും അടിസ്ഥാനമായി പ്രവർത്തിക്കേണ്ട യുക്തി മാനവ സമത്വത്തിൽ അധിഷ്ഠിതമായിട്ടായിരിക്കണം.

സമകാലിക സാഹചര്യത്തിൽ അന്താരാഷ്ട്രതലത്തിൽ പരിശോധിക്കുമ്പോൾ പുരുഷന്മാരുടെ അവകാശ പ്രശ്‌നങ്ങളിലും ആണവകാശ പ്രവർത്തനങ്ങളിലും മുന്നിട്ടുനിന്ന് പ്രവർത്തിക്കുന്നവർ ഫെമിനിസത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണെന്ന് കാണാവുന്നതാണ്. അഥവാ യഥോചിതമായ പരിഷ്‌കരണങ്ങളോ മേൽനോട്ടമോ ഇല്ലാതെ മുമ്പോട്ടു നീങ്ങിയ സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ ഏതെല്ലാമോ സന്ധിയിൽ അവരുടെ ലക്ഷ്യത്തെ പോലും അതിവർത്തിക്കുന്ന തരത്തിൽ നീങ്ങിയിരിക്കുന്നു എന്ന് സാരം. സൈദ്ധാന്തിക ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ പുരുഷനോടൊപ്പമുള്ള തുല്യതയായിരുന്നു പെണ്ണവകാശ മുന്നേറ്റങ്ങളുടെ ആവശ്യമെങ്കിൽ അത് പിന്നീട് പുരുഷനെയും കടന്ന് പെണ്ണധീശത്വം ആവശ്യപ്പെടുന്ന നിലയിലേക്കെത്തിയിരിക്കുന്നു എന്ന് സാരം.

നിലവിലെ കേരളീയ സാഹചര്യത്തിൽ നിന്നുകൊണ്ട് പുരുഷൻ മാത്രമാണ് വേട്ടക്കാരനെന്നും പീഡകനെന്നും കൊലപാതകിയെന്നും പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാനാകില്ല. ഇരു വിഭാഗത്തിലും വേട്ടക്കാരുണ്ട്. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ നാം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇരകളാക്കപ്പെടുന്നത് എത്ര ന്യൂനപക്ഷമാണെങ്കിലും അവർക്കു വേണ്ടിയും സമിതികളും സംഘടനകളും ചർച്ചകളും ഉണ്ടാകേണ്ടതുണ്ട്.

“ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടിവരാം’ എന്ന തരത്തിലുള്ള ന്യായീകരണ പ്രസ്താവനകൾ സൈദ്ധാന്തികമായും പ്രായോഗികമായും സ്ത്രീ വിമോചനത്തെ കുറിച്ച് ബോധ്യമുള്ളവരിൽ നിന്നുണ്ടാകുന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തെയും വെല്ലുവിളിക്കുന്നതായേ കാണാനാകൂ. ഇവിടെയാണ് പാശ്ചാത്യ സമൂഹങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ഫെമിനിസ്റ്റുകൾക്ക് സമത്വദർശനത്തിനോടുള്ള പ്രതിബദ്ധത വ്യക്തമാകുക.

ഫെമിനിസ്റ്റ് മുന്നേറ്റം സമത്വത്തിൽ നിന്നും മാറിച്ചലിക്കുന്നു എന്നുള്ള ബോധ്യത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള കയ്പുള്ള ന്യായീകരണങ്ങൾ നടത്തുന്നതിന് പകരം പുരുഷന്മാരുടെ അവകാശങ്ങൾക്കായി, സമത്വത്തിനായി പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. ഓപ്ര വിൻഫ്രീ, ക്രിസ്റ്റീന സോമ്മർസ്, കാസി ജയ്, കാമിൽ പാഗ്ലിയ തുടങ്ങിയവർ ഇത്തരത്തിലുള്ളവരാണ്.
ഒന്നുകിൽ കേരളത്തിലെ സ്ത്രീ വിമോചന വാദികൾ കേരളത്തിലെ സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങളെ കാണാതെ കേരളീയ സ്ത്രീകൾ മുഴുവനായും ഇന്നും ആണധികാരത്തിന് കീഴിലാണെന്ന് കരുതുന്നവരായിരിക്കണം. അതല്ലെങ്കിൽ, ലോകാടിസ്ഥാനത്തിൽ ലിംഗസമത്വ മുന്നേറ്റങ്ങളിൽ എന്ത് നടക്കുന്നു എന്നറിയാതെ തങ്ങളുടെ ലക്ഷ്യവും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകൾ മനസ്സിലാക്കാതെ മുന്നോട്ടു നീങ്ങുന്നുവെന്ന് മനസ്സിലാക്കണം.

അതുമല്ലെങ്കിൽ പുരുഷനെ ശത്രുസ്ഥാനത്ത് നിർത്തി, ഇനിയൊരു പെണ്ണധീശത്വ ഘടന ഇവിടെ നടപ്പാകട്ടെ എന്നു കരുതുന്നവരായിരിക്കണം. ഏതു തന്നെയാണെങ്കിലും അതിനെ സമത്വ മുന്നേറ്റത്തിന്റെയും വിമോചനത്തിന്റെയും പട്ടികയിൽപ്പെടുത്തരുതെന്ന് മാത്രം. സ്ത്രീയും പുരുഷനും തങ്ങളുടെ കഴിവുകൾക്കനുസരിച്ച് തങ്ങളുടേതായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന, പരസ്പര ബഹുമാനത്തോടെ സഹകരിച്ചു നിൽക്കുന്ന സമൂഹത്തിൽ മാത്രമേ വളർച്ചയും സുസ്ഥിരതയും ഉണ്ടാകൂ എന്ന് ഓരോ സ്ത്രീയും പുരുഷനും ഓർമിക്കേണ്ടതുണ്ട്.

Latest