Connect with us

International

നാസയുടെ ചാന്ദ്രദൗത്യം 'ആര്‍ട്ടെമിസ്-1' വിക്ഷേപണം വിജയകരം

ആളില്ലാ ദൗത്യമാണ് ഇപ്പോൾ വിക്ഷേപിച്ച ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ഫ്ളോറിഡ | നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസിന്റെ ആദ്യ വിക്ഷേപണം ‘ആര്‍ട്ടെമിസ്-1’ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് വിക്ഷേപിച്ചത്.

വിക്ഷേപണത്തിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം കോർ സ്‌റ്റേജ് എഞ്ചിനുകൾ ഓഫ് ആവുകയും റോക്കറ്റിൽനിന്ന്‌ വേര്‍പെടുകയും ചെയ്തു. ഇതോടെ ഓറിയോണ്‍ പേടകം ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജിലേക്ക് കടന്നു. ഓറിയോണ്‍ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തി.

നേരത്തെ എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്എല്‍എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ എത്തിച്ചത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് വീണ്ടുമൊരു ചാന്ദ്ര ദൗത്യത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻകൈ എടുക്കുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുകയെന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം.

ആളില്ലാ ദൗത്യമാണ് ഇപ്പോൾ വിക്ഷേപിച്ച ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. കൂടാതെ, ചന്ദ്രനിലേക്ക് പോയ ശേഷം ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതും പരിശോധിക്കും.

ബഹിരാകാശയാത്രികർ സാധാരണയായി ക്രൂ ക്യാപ്‌സ്യൂളിലാണ് താമസിക്കുന്നത്. എന്നാൽ ആദ്യ പറക്കലിൽ അത് ശൂന്യമാണ്. 42 ദിവസവും 3 മണിക്കൂറും 20 മിനിറ്റും ദൈർഘ്യമേറിയതാണ് ഈ ദൗത്യം. അതിനുശേഷം ക്യാപ്‌സ്യൂൾ ഭൂമിയിലേക്ക് മടങ്ങും. പേടകം 20 ലക്ഷത്തി 92 ആയിരം 147 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക.

2024 ഓടെ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചില ബഹിരാകാശ സഞ്ചാരികളും അതിൽ ചന്ദ്രനിലേക്ക് തിരിക്കും. എന്നാൽ അവർ ചന്ദ്രനിൽ കാലുകുത്തുകയില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി തിരിച്ചുപോരും. ഇതിനുശേഷം അന്തിമ ദൗത്യമായ ആർട്ടെമിസ്-3 അയക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 2030 ഓടെ ഈ ദൗത്യം വിക്ഷേപിക്കാനാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

 

Latest