Connect with us

International

നാസയുടെ ആർട്ടെമിസ് ചാന്ദ്ര ദൗത്യത്തിന് ഇന്ന് തുടക്കം; പരീക്ഷണ പേടകം വൈകീട്ട് വിക്ഷേപിക്കും

ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ഫ്ളോറിഡ | മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ ആർട്ടെമിസ് ദൗത്യത്തിന് ഇന്ന് തുടക്കമാകും. ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കലായ ആർട്ടെമിസ്-1 ഫ്‌ളോറിഡ സ്‌പേസ് കോസ്റ്റിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11.45ന് വിക്ഷേപിക്കും. കഴിഞ്ഞ മാസം 29നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് 40 മിനുട്ട് മുമ്പ് കൗണ്ട് ഡൗൺ നിർത്തുകയായിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് ഇന്ന് വീണ്ടും വിക്ഷേപിക്കാൻ ഒരുങ്ങുന്നത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ചാന്ദ്ര ദൗത്യത്തിന് നാസ ഒരുക്കം തുടങ്ങുന്നത്.

ആളില്ലാ ദൗത്യമാണ് ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. കൂടാതെ, ചന്ദ്രനിലേക്ക് പോയ ശേഷം ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതും പരിശോധിക്കും.

ചന്ദ്ര ദൗത്യത്തിനായി സജ്ജീകരിച്ചിട്ടുള്ള പുതുതലമുറ റോക്കറ്റ് സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റവും (എസ്.എൽ.എസ്.) ഓറിയോൺ പേടകവും ചന്ദ്രനിലെത്തും. ബഹിരാകാശയാത്രികർ സാധാരണയായി ക്രൂ ക്യാപ്‌സ്യൂളിലാണ് താമസിക്കുന്നത്. എന്നാൽ ആദ്യ പറക്കലിൽ അത് ശൂന്യമായിരിക്കും. 42 ദിവസവും 3 മണിക്കൂറും 20 മിനിറ്റും ദൈർഘ്യമേറിയതാണ് ഈ ദൗത്യം. അതിനുശേഷം ക്യാപ്‌സ്യൂൾ ഒക്ടോബർ 10 ന് ഭൂമിയിലേക്ക് മടങ്ങും. പേടകം 20 ലക്ഷത്തി 92 ആയിരം 147 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക.

2024 ഓടെ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചില ബഹിരാകാശ സഞ്ചാരികളും അതിൽ ചന്ദ്രനിലേക്ക് തിരിക്കും. എന്നാൽ അവർ ചന്ദ്രനിൽ കാലുകുത്തുകയില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി അവർ തിരിച്ചുപോരും. ്

ഇതിനുശേഷം അന്തിമ ദൗത്യമായ ആർട്ടെമിസ്-3 അയക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 2030 ഓടെ ഈ ദൗത്യം വിക്ഷേപിക്കാനാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

നാസയുടെ അപ്പോളോ ദൗത്യമാണ് അര നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ചത്. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്താൻ മുൻ യുഎസ് പ്രസിഡന്റ് ജെഎഫ് കെന്നഡിയായിരന്നു അപ്പോളോ ദൗത്യം വിഭാവനം ചെയ്തത്. ബഹിരാകാശ യാത്ര മാത്രമല്ല, ശാസ്ത്ര സാങ്കേതിക മേഖലയിൽ അമേരിക്കയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

Latest