Ongoing News
സൂര്യൻെറ ഏറ്റവും അടുത്ത് നിന്നുള്ള ദൃശ്യം പകർത്തി നാസയുടെ സോളാർ ഓർബിറ്റർ
സൂര്യന്റെ 7.4 കോടി കിലോമീറ്റര്‍ അകലെനിന്ന് പകര്‍ത്തിയ ഈ ദൃശ്യത്തില്‍ അതിന്റെ വൃത്താകൃതി പൂര്‍ണമായും കാണാം.
വാഷിംഗ്ടണ്‍ | സൂര്യനോട് ഇതുവരെ എടുത്തതില്‍ വച്ച് ഏറ്റവും അടുത്ത ചിത്രം പുറത്തുവന്നു. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച സോളാര്‍ ഓര്‍ബിറ്റര്‍ മാര്‍ച്ച് 7 ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സൂര്യന്റെ 7.4 കോടി കിലോമീറ്റര്‍ അകലെനിന്ന് പകര്‍ത്തിയ ഈ ദൃശ്യത്തില്‍ അതിന്റെ വൃത്താകൃതി പൂര്‍ണമായും കാണാം. ഭാവിയില്‍ ബഹിരാകാശ കാലാവസ്ഥ പ്രവചിക്കാന്‍ വരെ ഈ ചിത്രം സഹായകമാകും.
സോളാര്‍ ഓര്‍ബിറ്റര്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്നതിനിടെ നാല് മണിക്കൂര്‍ സമയമെടുത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തില്‍ പകര്‍ത്തിയ 25 ഫോട്ടോഗ്രാഫുകള്‍ ഒരുമിച്ച് ചേര്‍ത്താണ് പൂര്‍ണമായ ചിത്രം തയ്യാറാക്കിയത്. ചിത്രത്തിലെ ഓരോ ടൈലുകളും 10 മിനിറ്റ് സമയമെടുത്താണ് പകര്‍ത്തിയത്. സൂര്യന്റെ ബാഹ്യ അന്തരീക്ഷവും വൃത്തവും ദൃശ്യങ്ങളില്‍ കാണാം. എല്ലായിടത്തും എണ്ണമറ്റ ചെറിയ തീജ്വാലകള്‍ ഉയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സൂര്യനില്‍ കാണപ്പെടുന്ന വ്യത്യസ്ത വാതകങ്ങള്‍ക്ക് വ്യത്യസ്ത താപനിലയുണ്ട്. പകര്‍ത്തിയ ചിത്രങ്ങളില്‍, പര്‍പ്പിള്‍ നിറമുള്ള വൃത്തം ഹൈഡ്രജന്‍ വാതകത്തെ സൂചിപ്പിക്കുന്നു. അതിന്റെ താപനില പതിനായിരം ഡിഗ്രി സെല്‍ഷ്യസാണ്. നീല വൃത്തം കാര്‍ബണിനെ പ്രതിനിധീകരിക്കുന്നു. 32,000 ഡിഗ്രി സെല്‍ഷ്യസാണ് അതിന്റെ താപനില. പച്ച നിറം ഓക്‌സിജന്‍ വാതകത്തെയാണ് കാണിക്കുന്നത്. 3.20 ലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അതിനുള്ളത്. മഞ്ഞ വൃത്തം നിയോണ്‍ വാതകത്തെ പ്രതിനിധീകരിക്കുന്നു. താപനില താപനില 6.30 ലക്ഷം ഡിഗ്രി സെല്‍ഷ്യസ്.
സോളാര്‍ ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പെക്ട്രല്‍ ഇമേജിംഗ് ഓഫ് ദി കൊറോണല്‍ എന്‍വയോണ്‍മെന്റ് (സ്‌പൈസ്) എന്ന പേലോഡാണ് ചിത്രം പകര്‍ത്തിയത്. 50 വര്‍ഷത്തിന് ശേഷം സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ ശേഷം എടുത്ത ആദ്യ ഫോട്ടോയാണിത്. സൂര്യന്റെ ഹൈഡ്രജന്‍ വാതകത്തില്‍ നിന്ന് പുറപ്പെടുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ലൈമന്‍-ബീറ്റ തരംഗദൈര്‍ഘ്യം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.