house at lunar
ചന്ദ്രനിൽ വീടുകൾ നിർമിക്കാൻ നാസ
2040ഓടെ ഈ ലക്ഷ്യം നേടാനാകുമെന്ന് നിരവധി നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ദുബൈ | 2040ഓടെ ചന്ദ്രനിൽ വീടുകൾ നിർമിക്കാനാകുമെന്ന് നാസ ശാസ്ത്രജ്ഞർ. ബഹിരാകാശ യാത്രികർക്ക് മാത്രമല്ല സാധാരണ പൗരന്മാർക്കും ഉപയോഗിക്കാൻ കഴിയുന്നവയായിരിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി വിശദീകരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ കാണുന്ന പാറക്കഷണങ്ങൾ, ധാതു ശകലങ്ങൾ, പൊടി എന്നിവ ഉപയോഗിച്ച് 3-ഡി പ്രിന്റർ മുഖേന, കെട്ടിടത്തിന്റെ ഘടനകൾ പാളികളായി നിർമിക്കാനാണ് നാസയുടെ മോഹ പദ്ധതി. നിശ്ചയിച്ച സമയക്രമവും മാനദണ്ഡങ്ങളും കൈവരിക്കാൻ കഴിഞ്ഞാൽ 2040ഓടെ ഈ ലക്ഷ്യം നേടാനാകുമെന്ന് നിരവധി നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
1972 ഡിസംബർ ഏഴിന് നാസ അയച്ച അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ ഏഴിന് അന്താരാഷ്ട്ര സമയം 5.33(ഇന്ത്യൻ സമയം പകൽ 11.03)നാണ് മൂന്ന് യാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11ന് അന്താരാഷ്ട്ര സമയം 19.55ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന മേഖലയിൽ ഇറങ്ങി. മൂന്ന് ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ട് യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റ് യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ. മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചുവപ്പ് നിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.
സമീപ വർഷങ്ങളായി ലോകത്തെ ബഹിരാകാശ ഏജൻസികൾ ചാന്ദ്ര പര്യവേക്ഷണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. നാസ, ചൈനീസ് സ്‌പെയ്‌സ് ഏജൻസി, യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസി, ഐ എസ് ആർ ഒ, ജാപ്പനീസ് സ്‌പെയ്‌സ് ഏജൻസി, യു എ ഇ സ്‌പെയ്‌സ് ഏജൻസി തുടങ്ങിയവയെല്ലാം ദൗത്യങ്ങളുമായി രംഗത്തുണ്ട്. ഓർബിറ്റർ, ലാൻഡർ, റോവർ പര്യവേക്ഷണങ്ങൾ തുടരുകയുമാണ്.
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം അതിനിടെ ശ്രദ്ധേയ മുന്നേറ്റം നടത്തി. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ വി എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അത് നിരവധി വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു. എന്നാൽ, സൂര്യപ്രകാശം തിരിച്ചെത്തിയത് മുതല്‍ ലാന്‍ഡര്‍ റോവറുമായി ബന്ധപ്പെടാന്‍ ഇസ്രോ ശ്രമിച്ചുവെങ്കിലും ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. സെപ്തംബര്‍ രണ്ട് മുതല്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സ്ലീപ് മോഡിലായിരുന്നു. 14 ഭൗമദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചാന്ദ്ര രാത്രി അതിശൈത്യവും ഇരുട്ട് നിറഞ്ഞതുമാണ്. ഈ കാലയളവില്‍ ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുകയും ലാന്‍ഡറും പ്രഗ്യാനും പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. ചാന്ദ്ര രാത്രിയിലെ പ്രതികൂല സാഹചര്യങ്ങളെ പേടകം അതിജീവിക്കുമെന്ന് ഇസ്രോ നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിലിറങ്ങിയ ചന്ദ്രയാന്‍3 ലക്ഷ്യം ഭേദിച്ച് നിരവധി വിലപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചു. ചെറിയ മൂലകങ്ങളുടെയും സള്‍ഫറിന്റെയും സാന്നിധ്യം ചന്ദ്രയാന്‍ കണ്ടെത്തി.
ചാന്ദ്ര ദൗത്യത്തിൽ നാസ ഇപ്പോൾ വീണ്ടും ശക്തമായി തിരിച്ചുവരാനുള്ള പദ്ധതിയുടെ ഭാഗമാണ് ചന്ദ്രനിലെ വീട് നിർമാണം. യു എസ് ബഹിരാകാശ ഏജൻസി പുതിയ സാങ്കേതികവിദ്യയിലൂടെയും സർവകലാശാലകളുമായും സ്വകാര്യ കമ്പനികളുമായുമുള്ള പങ്കാളിത്തത്തിലൂടെയാണ് പുതിയ പദ്ധതിയുമായി മുന്നോട്ട്പോകുന്നത്. അക്കാദമിക് വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും പങ്കാളിത്തത്തിനായി നാസ മുമ്പത്തേക്കാൾ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്. ഇത് അപ്പോളോ ദൗത്യങ്ങളുടെ കാലത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങളെ കൂടുതൽ വിശാലമാക്കിയെന്ന് നാസയുടെ സാങ്കേതിക ഡയറക്ടർ നിക്കി വെർഖൈസർ പറഞ്ഞു.