National
യുപിയിലെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധം; ഉത്തരവ് നടപ്പാക്കി
മാര്ച്ച് 24ന് ചേര്ന്ന യുപി മദ്രസ വിദ്യാഭ്യാസ ബോര്ഡ് യോഗത്തിലാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയുള്ള തീരുമാനമുണ്ടായത്.
ലക്‌നോ | സംസ്ഥാനത്തെ മദ്‌റസകളില്‍ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കി. റമസാന്‍ അവധിക്ക് ശേഷം മദ്‌റസകള്‍ തുറന്ന ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. യുപിയിലെ ന്യൂനപക്ഷ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാര്ച്ച് 24ന് ചേര്ന്ന യുപി മദ്രസ വിദ്യാഭ്യാസ ബോര്ഡ് യോഗത്തിലാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയുള്ള തീരുമാനമുണ്ടായത്.
മെയ് 9 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മദറസകളില്‍ ദേശീയ ഗാനമായ ‘ജനഗണമന’ യോടൊപ്പം മുമ്പ് ആലപിച്ചിരുന്ന മതപരമായ പ്രാര്‍ത്ഥനകളും തുടരാന്‍ അനുമതിയുണ്ട്.
എല്ലാ അംഗീകൃത, എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കും. 2017ല്‍, സ്വാതന്ത്ര്യദിനത്തില്‍ മദറ്‌സകളില്‍ ദേശീയഗാന പാരായണവും പതാക ഉയര്‍ത്തലും നിര്ബന്ധമാക്കിയ യുപി മദ്രസ ബോര്ഡ് അഞ്ച് വര്ഷത്തിന് ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.