National
രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍; മോദിയുടെ മൂന്നാം സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്
നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ന്യൂഡല്‍ഹി | നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടം മൂന്നാം സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെ എണ്ണായിരത്തോളം അതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും.മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫും ഡൽഹിയിൽ ഇന്നലെ എത്തിച്ചേർന്നു.
കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ ലഭിക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനികര്‍, ഡല്‍ഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എന്‍എസ്ജി കമാന്‍ഡോകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് വിന്യസിച്ചിട്ടുള്ളത്. രാഷ്ട്രപതിഭവന് ചുറ്റും ഡ്രോണുകളും സ്‌നൈപ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാര്‍ താമസിക്കുന്ന സ്ഥലത്തും കനത്ത സുരക്ഷയാണ്.