Kuwait
കുവൈത്തിൽ ദേശീയ ദിനആഘോഷങ്ങൾക്ക് തുടക്കമായി; ആഘോഷം അതിരു വിട്ടാൽ കനത്ത ശിക്ഷ
ആഘോഷപരിപാടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റാനന്റ് ജനറല്‍ ശൈഖ് സാലിം അല്‍ നവാഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു.

കുവൈത്ത് സിറ്റി| കുവൈത്തില്‍ ഇന്നും നാളെയുമായി നടക്കുന്ന രാജ്യത്തിന്റെ ദേശീയ ദിനആഘോഷപരിപാടികള്‍ സുരക്ഷിതമായും പൊതുജനത്തിന് അസൗകര്യങ്ങളില്ലാതെ നടപ്പിലാക്കുന്നതിനുമായുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ആഘോഷപരിപാടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റാനന്റ് ജനറല്‍ ശൈഖ് സാലിം അല്‍ നവാഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു.നിയമവാഴ്ച്ച കര്‍ശനമായി നടപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വാഹനങ്ങളുടെ മുകളില്‍ കേറി ഇരിക്കല്‍, സ്‌പ്രേ പ്രയോഗം, ഗതാഗതം തടസപ്പെടുത്തല്‍, അനധികൃത പാര്‍ക്കിംഗ്, അമിത വേഗത തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ മുഖം നോക്കാതെ നടപടി എടുക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
അതോടൊപ്പം പ്രായമായവര്‍, അംഗ പരിമിതര്‍, ഭിന്ന ശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പൊതു ജനങ്ങളോട് പോലീസ് മാന്യമായും ക്ഷമയോടെയും പെരുമാറണമെന്നും ലഫ്റ്റാനന്റ് ജനറല്‍ ആവശ്യപെട്ടു.