Uae
ദേശീയദിനാഘോഷങ്ങള്‍ 'ഈദ് അല്‍ ഇത്തിഹാദ്' എന്ന പേരില്‍
ഡിസംബര്‍ രണ്ടിന്, ഏഴ് എമിറേറ്റുകളിലുടനീളമുള്ള 'ഈദ് അല്‍ ഇത്തിഹാദ് സോണുകളില്‍' ഒന്നിലധികം പരിപാടികള്‍ ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു.
അബൂദബി|യു എ ഇ ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക നാമം ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നായിരിക്കുമെന്ന് സംഘാടക സമിതി പ്രഖ്യാപിച്ചു. 1971 ഡിസംബര്‍ രണ്ടിന് എമിറേറ്റ്സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും യൂണിയന് (ഇത്തിഹാദ്) എന്ന പേര് സ്വീകരിച്ചതും പ്രതിഫലിപ്പിക്കുന്നതിനാണ് തീരുമാനം. രാജ്യത്തിന്റെ സ്വത്വം, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമായിരിക്കും ഈ തീം.
ഡിസംബര്‍ രണ്ടിന്, ഏഴ് എമിറേറ്റുകളിലുടനീളമുള്ള ‘ഈദ് അല്‍ ഇത്തിഹാദ് സോണുകളില്‍’ ഒന്നിലധികം പരിപാടികള്‍ ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു. ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് 53-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആന്‍ഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ഈസ അല്‍സുബൗസി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സ്കൂളുകള്‍, കുടുംബങ്ങള്‍ തുടങ്ങി എല്ലാവരും സുപ്രധാന ആഘോഷത്തില്‍ പങ്കുചേരണം.
ഈദ് അല്‍ ഇത്തിഹാദ് സുസ്ഥിരതയുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടും. മാലിന്യങ്ങള്‍ കുറക്കുക, ഉള്ളത് റീസൈക്കിള്‍ അല്ലെങ്കില്‍ അപ്സൈക്കിള്‍ ചെയ്യുക, വിഭവങ്ങള്‍ വീണ്ടും ഉപയോഗിക്കുക എന്നിവ പ്രോത്സാഹിപ്പിക്കുന്നതാവും ആഘോഷം. നീണ്ട വാരാന്ത്യ അവധി കൂടി വരുന്ന വേളയാണ് ദേശീയ ദിനാഘോഷം.