Ongoing News
ദേശീയ ദിനാചരണം; ആഘോഷത്തിമിര്‍പ്പില്‍ സഊദി
ദമാം/റിയാദ്/ജിദ്ദ | സഊദി അറേബ്യയുടെ 91 ാമത് ദേശീയ ദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനമായ സെപ്തംബര്‍ 23 ന് പൊതു അവധിയാണ്. വാരാന്ത്യ അവധിയോടെയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടക്കുക. ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ വ്യത്യസ്ത പരിപാടികളാണ് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി (ജി ഇ എ)യുടെയും രാജ്യത്തെ വിവിധ പ്രവിശ്യകളുടെയും മുന്‍സിപ്പാലിറ്റികളുടയും സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ തനത് പാരമ്പര്യവും ഭംഗിയും അഭിമാനവും ഉയര്‍ത്തുകയും സമ്പുഷ്ടമായ ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ദേശീയ ദിനാചരണത്തിലൂടെ ലക്ഷ്യംവക്കുന്നത്.
സഊദി എയര്‍ഫോഴ്സില്‍ നിന്നുള്ള കെ 3-എംആര്‍ടിടി, ഹോക്‌സ് ടീം, പെയിന്റ് ചെയ്ത കോംബാറ്റ് എയര്‍ക്രാഫ്റ്റ് യുദ്ധവിമാനങ്ങള്‍ ജിദ്ദ, ത്വായിഫ് നഗരങ്ങളില്‍ ഗംഭീരവും ആകര്‍ഷകവുമായ എയര്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സൈനിക പരേഡും സഊദി ഹോക്‌സ് ടീം, യുദ്ധവിമാനങ്ങള്‍, സിവില്‍ ഏവിയേഷന്‍ എയര്‍ക്രാഫ്റ്റുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ എയര്‍ ഷോയും വ്യാഴാഴ്ച തലസ്ഥാന നഗരിയായ റിയാദില്‍ നടക്കും.
1932 ലാണ് സഊദിയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം സ്ഥാപിച്ചത്. ഇതിനെ അനുസ്മരിച്ചാണ് എല്ലാ സെപ്തംബര്‍ 23നും ദേശീയ ദിനമായി ആചരിക്കുന്നത്. 2005 ല്‍ സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവാണ് ദേശീയദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്
രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ഗവര്‍ണറേറ്റുകളിലും വര്‍ണ വിസ്മയം തീര്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ദേശീയ ദിന പരിപാടികളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.