Connect with us

Articles

ദേശീയ വിദ്യാഭ്യാസ നയവും കേരളവും

കേരളത്തിന്റെ സാഹചര്യത്തില്‍ ആറ് വയസ്സില്‍ ഒന്നാം ക്ലാസ്സ് പ്രവേശനം ആവശ്യമില്ലാത്തതാണ്. സാക്ഷരതയുടെ കാര്യത്തിലും നാലും അഞ്ചും വയസ്സില്‍ തന്നെ വിദ്യാലയ പ്രവേശനം നേടുന്ന കാര്യത്തിലും കേരളം ഏറെ മുന്‍പന്തിയിലാണ്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ ചിലത് ഗുണത്തിലേറെ ദോഷമാണ് ചെയ്യുന്നത്. അതിനൊരു ഉദാഹരണമാണ് 2000ല്‍ ലോക ബേങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയായ ഡി പി ഇ പി.

Published

|

Last Updated

ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറ് വയസ്സ് പൂര്‍ത്തിയാകണമെന്ന ദേശീയ വിദ്യാഭ്യാസ നയം നിര്‍ബന്ധമായും നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമ(ആര്‍ ടി ഇ)ത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ അവരുടെ സാഹചര്യത്തിനനുസരിച്ച് ഇത് നടപ്പാക്കിവരികയാണ്. എന്നാല്‍ വരുന്ന അധ്യയന വര്‍ഷം മുതല്‍ ഈ നിയമം കര്‍ശനമായി പാലിക്കണം എന്നാണ് കേന്ദ്രം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 65 ശതമാനം കേന്ദ്രവും ബാക്കി 35 ശതമാനം സംസ്ഥാനവും വഹിക്കുന്ന ഫണ്ട് ആയതിനാല്‍ ഈ നിയമം നടപ്പാക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് തനതായ വിദ്യാഭ്യാസ രീതിയുണ്ട്. അത് പൂര്‍വകാലം മുതൽക്കേ ഉള്ളതാണ്. എഴുത്തും വായനയും അറിയാത്ത കുട്ടികള്‍ തിരുവിതാംകൂറില്‍ ഉണ്ടാകാന്‍ പാടില്ല എന്ന 1834ലെ സ്വാതി തിരുന്നാള്‍ മഹാരാജാവിന്റെ ഉത്തരവ് അതിനൊരു ഉദാഹരണമാണ്. മരച്ചുവട്ടില്‍ ഗുരുമുഖത്തിരുന്ന് മണലില്‍ എഴുതി പഠിച്ചിരുന്ന മണലെഴുത്ത് പഠനവും നമുക്ക് തനതായ പഠനരീതി ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.

കേരളത്തിന്റെ സാഹചര്യത്തില്‍ ആറ് വയസ്സില്‍ ഒന്നാം ക്ലാസ്സ് പ്രവേശനം ആവശ്യമില്ലാത്തതാണ്. സാക്ഷരതയുടെ കാര്യത്തിലും നാലും അഞ്ചും വയസ്സില്‍ തന്നെ വിദ്യാലയ പ്രവേശനം നേടുന്ന കാര്യത്തിലും കേരളം ഏറെ മുന്‍പന്തിയിലാണ്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ ചിലത് ഗുണത്തിലേറെ ദോഷമാണ് ചെയ്യുന്നത്. അതിനൊരു ഉദാഹരണമാണ് 2000ല്‍ ലോക ബേങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയായ ഡി പി ഇ പി. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊഴിഞ്ഞുപോയ കാലമാണത്. ഇപ്പോള്‍ ആറ് വയസ്സ് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് മാനദണ്ഡമാക്കുമ്പോള്‍ അതിന്റെ അനന്തര ഫലം കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഗുണമേന്മാ വിദ്യാഭ്യാസവും മുന്തിയ ഭൗതിക സാഹചര്യവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളും ഒത്തിണങ്ങിവന്നതോടെ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ പഠിതാക്കള്‍ ഈ അധ്യയന വര്‍ഷം ചേര്‍ന്നുവെന്നാണ് കണക്കുകള്‍.

ആറ് വയസ്സിലെഒന്നാം ക്ലാസ്സ് പ്രവേശനം

ദേശീയ വിദ്യാഭ്യാസ ചട്ടം കേരളത്തിലും നടപ്പാക്കണമെന്ന് അന്ത്യശാസനം വന്നുകഴിഞ്ഞു. കേരളം ഇപ്പോള്‍ തുടർന്നു പോരുന്ന അഞ്ച് വയസ്സ് മുതലുള്ള ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസ്സിലാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം. ദേശീയ വിദ്യാഭ്യാസ നയപ്രകാരം മൂന്ന് വയസ്സ് മുതല്‍ പ്രീ സ്‌കൂളും ആറ് വയസ്സില്‍ ഒന്നാം ക്ലാസ്സും എന്നതാണ്. പ്രീ പ്രൈമറി മുതല്‍ സെക്കന്‍ഡറി വരെ നാല് ഘട്ടങ്ങളുണ്ട്. ആദ്യത്തെ അഞ്ച് വര്‍ഷം അടിസ്ഥാന ഘട്ടം, മൂന്ന് വര്‍ഷം മറ്റൊരു ഘട്ടം, മൂന്ന് വര്‍ഷം മധ്യ ഘട്ടം, നാല് വര്‍ഷം സെക്കന്‍ഡറി ഘട്ടം. അതായത് 5+3+3+4. ഇതില്‍ മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയുള്ള കാലയളവാണ് അടിസ്ഥാന ഘട്ടത്തിലുള്ളത്. (അങ്കൺവാടി, എല്‍ കെ ജി, യു കെ ജി, 1, 2 ക്ലാസ്സുകള്‍) ശിശുസൗഹൃദമായ കളികളും പഠന പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്. ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസ്സില്‍ ആയിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ അതിന് പല കോട്ടങ്ങളുമുണ്ട്. കേന്ദ്രത്തിന്റെ എന്‍ ഇ പി- 20 ചട്ടം തന്നെ നോക്കാം. കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയുടെ 85 ശതമാനവും ആറ് വയസ്സിനു മുമ്പാണ് നടക്കുന്നത് എന്നാണ് മനഃശാസ്ത്ര പഠനം. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ ചട്ടക്കൂടില്‍ തന്നെ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും

വിദ്യാഭ്യാസം ഭരണഘടന പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതിനാല്‍ കേന്ദ്രവും സ്റ്റേറ്റും കൂടി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ ടി ഇ) വന്നതോടെ ഇത് ഒന്നുകൂടി പരിപോഷിപ്പിക്കപ്പെട്ടു. 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമാണ് ഈ നിയമം അനുശാസിക്കുന്നത്. അതാണ് സര്‍വ ശിക്ഷാ അഭിയാന്‍. 2011ല്‍ അത് 16 വയസ്സ് വരെയാക്കി. സര്‍വ ശിക്ഷാ അഭിയാന്‍ (എസ് എസ് എ) ഇപ്പോള്‍ സമഗ്ര ശിക്ഷാ കേരള എന്നായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തോട് പുറം തിരിഞ്ഞു നിന്നാല്‍ കേരളം സമര്‍പ്പിക്കുന്ന പദ്ധതികള്‍ കേന്ദ്ര പ്ലാനിംഗ് അപ്രൈസല്‍ ബോഡി അംഗീകരിക്കണമെന്നില്ല.

ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ടും വിദ്യാഭ്യാസ ഘടനയും

ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനാ മാറ്റം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടിന്റെ ഭാഗമായുള്ള സ്‌കൂള്‍ ഘടനാ മാറ്റത്തിന്റെ മുന്നോടിയായിട്ടായിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ എല്‍ പിയും ആറ് മുതല്‍ എട്ട് വരെ യു പിയുമാണ് കേന്ദ്ര വിദ്യാഭ്യാസം നിഷ്‌കര്‍ഷിക്കുന്നത്. നിലവില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് (എ ഇ ഒ) പ്രൈമറി എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് (ഡി ഇ ഒ) ഹൈസ്‌കൂള്‍ സംബന്ധിച്ചുള്ള ഓഫീസാണ്. ഈ ഓഫീസുകള്‍ക്ക് പകരം പുതിയ സംവിധാനത്തിലേക്ക് കടക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ ഓഫീസ് മാറ്റം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പകരം പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക നിലവില്‍ വരും. ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളില്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ ഓഫീസ് (എസ് ഇ ഒ) നിലവില്‍ വരും. ഇതോടെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി ഡി ഇ) ഓഫീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസായി മാറും. ഓരോ ജില്ലയിലും പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ജോയിന്റ് ഡയറക്ടറുടെ കീഴിലാകും. അതോടെ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി അസി. ഡയറക്ടറുടെ കാര്യാലയം ഇല്ലാതാകും.

കേരളത്തിന്റെ സ്ഥിതി

നാലര വയസ്സിലും അഞ്ച് വയസ്സിലും സ്‌കൂള്‍ പഠനം ആരംഭിക്കുന്ന കേരളീയര്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് ഹേതുവായത് ദേശീയ തലത്തിലുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രാപ്യതയില്ലായ്മയും കൊഴിഞ്ഞുപോക്കുമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ സാക്ഷരതയും അടിസ്ഥാന വിദ്യാഭ്യാസവും കരഗതമാക്കിയവരാണ് കേരളീയര്‍. ആദിവാസി കോളനിയിലെ ട്രൈബല്‍ വിഭാഗത്തില്‍ പെട്ടവര്‍ ഇതിന് അപവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ പഠന പദ്ധതിയിലൂടെ അവരെയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധത കേരള സര്‍ക്കാര്‍ കാണിക്കുന്നുണ്ട്.
2017ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം സ്‌കൂള്‍ പ്രായത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളില്‍ എത്തുകയും ദേശീയ തലത്തില്‍ നിന്ന് വിഭിന്നമായി കുട്ടികളില്‍ മഹാ ഭൂരിപക്ഷവും 12ാം ക്ലാസ്സ് വരെ പഠനം തുടരുകയും ചെയ്യുന്നു.

Latest