National
ദേശീയ വിദ്യാഭ്യാസ നയം: ത്രിഭാഷാ പദ്ധതി അടിച്ചേൽപ്പിക്കില്ല; ഭാഷ സംസ്ഥാനങ്ങൾക്കും വിദ്യാർഥികൾക്കും തിരഞ്ഞെടുക്കാം: കേന്ദ്രം
ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന ത്രിഭാഷാ പദ്ധതി തമിഴ്നാട് നടപ്പാക്കാൻ വിസമ്മതിച്ചതോടെ ഇതുസംബന്ധിച്ച് വിവാദം ഉയർന്നിരുന്നു.

ന്യൂഡൽഹി | ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ സ്കൂൾ വിദ്യാർഥികൾ പഠിക്കേണ്ട മൂന്ന് ഭാഷകൾ സംസ്ഥാനങ്ങൾക്കും വിദ്യാർഥികൾക്കും തിരഞ്ഞെടുക്കാമെന്നും ഒരു ഭാഷയും ഒരു സംസ്ഥാനത്തും അടിച്ചേൽപ്പിക്കില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ. ബുധനാഴ്ച രാജ്യസഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന ത്രിഭാഷാ പദ്ധതി തമിഴ്നാട് നടപ്പാക്കാൻ വിസമ്മതിച്ചതോടെ ഇതുസംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്നായിരുന്നു തമിഴ്നാടിന്റെ ആരോപണം. എന്നാൽ തമിഴ്നാടിന്റെ ആരോപണം കേന്ദ്രം നിഷേധിച്ചു.
കുട്ടികൾ പഠിക്കേണ്ട മൂന്ന് ഭാഷകൾ സംസ്ഥാനങ്ങളുടെയും അതത് പ്രദേശങ്ങളുടെയും വിദ്യാർഥികളുടെയും തിരഞ്ഞെടുപ്പായിരിക്കുമെന്നും മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യയിൽ നിന്നുള്ള തദ്ദേശീയ ഭാഷകളായിരിക്കണമെന്നും മജുംദാർ പറഞ്ഞു. ഭരണഘടനാപരമായ വ്യവസ്ഥകൾ, ജനങ്ങളുടെയും പ്രദേശങ്ങളുടെയും കേന്ദ്രത്തിന്റെയും അഭിലാഷങ്ങൾ, ബഹുഭാഷാത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത, ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവ മുന്നിൽ കണ്ടാണ് ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മാതൃഭാഷയിൽ ഉയർന്ന നിലവാരമുള്ള പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയും അധ്യാപകർ പഠിപ്പിക്കുമ്പോൾ ദ്വിഭാഷാ സമീപനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ത്രിഭാഷാ സമീപനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.