Connect with us

National

നാഷണല്‍ ഹെറാള്‍ഡ് കേസ്; അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ അഞ്ജന്‍ കുമാര്‍, മുഹമ്മദ് അലി ഷബീര്‍, ഗീത റെഡ്ഢി, സുദര്‍ശന്‍ റെഡ്ഢി, ഗാലി അനില്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക.

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെലങ്കാനയില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. അഞ്ജന്‍ കുമാര്‍, മുഹമ്മദ് അലി ഷബീര്‍, ഗീത റെഡ്ഢി, സുദര്‍ശന്‍ റെഡ്ഢി, ഗാലി അനില്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാര്‍ എന്നിവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഈ മാസം ഏഴിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവകുമാറിനും സഹോദരനും ഇ ഡി സമന്‍സ് അയച്ചിരുന്നു. യങ് ഇന്ത്യ കമ്പനിക്ക് ഇവര്‍ ഫണ്ട് നല്‍കിയെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നുമാണ് ഇ.ഡി ആരോപണം.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയിലൂടെ പ്രയാണം തുടരുന്നതിനിടയിലാണ് ഇ ഡി ഈ നീക്കവുമായി മുന്നോട്ട് വന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. യാത്രയില്‍ ശിവകുമാറും പങ്കാളിയാണ്.

സെപ്തംബര്‍ 19ന് ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീടുകളില്‍ സി ബി ഐ റെയ്ഡ് നടത്തുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്തംബര്‍ മൂന്നിന് ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അതേ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

 

Latest