National
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി
കഴിഞ്ഞയാഴ്ച രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു
ന്യൂഡൽഹി | നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. ഇത് നാലാം തവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. എന്നാൽ കൊവിഡ് അനുബന്ധ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ മാതാവും കോൺഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് ഒപ്പം നിൽക്കേണ്ടതിനാൽ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം കേന്ദ്ര ഏജൻസിക്ക് കത്തെഴുതി. ഇത് പരിഗണിച്ച ഇ ഡി അദ്ദേഹത്തിന് തിങ്കളാഴ്ച വരെ സാവകാശം അനുവദിക്കുകയായിരുന്നു.
രാഹുലിനെ ഇ ഡി വേട്ടയാടുന്നുവെന്ന് ആരോപിച്ച് ദേശീയ തലസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഇന്നും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലും രാഹുലിനെ ചോദ്യം ചെയ്യുന്ന വേളയിൽ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.
യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിൽ ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയെക്കുറിച്ചും നാഷണൽ ഹെറാൾഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിലെ അവരുടെ ഷെയർഹോൾഡിംഗ് പാറ്റേണിനെക്കുറിച്ചുമാണ് രാഹുലിനോട് ഇഡി ആരായുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ നാഷണൽ ഹെറാൾഡിനെ മറയാക്കിയെന്നാണ് ആരോപണം.