national high way
ദേശീയ പാതാ വികസനം: 314 ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റി
15 വർഷം മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.
പെരുമ്പടപ്പ് | നാടിന്റെ വികസനത്തിന് ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി ഉദാത്ത മാതൃകയുമായി മലപ്പുറം ജില്ലയിലെ പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മിറ്റി. ദേശീയ പാതാ വികസനത്തിന് പാലപ്പെട്ടി ബദർപള്ളി ഖബർസ്ഥാൻ്റെ അര ഏക്കറോളം ഭൂമി വിട്ടുനൽകിയിരുന്നു. ഈ ഭൂമിയിലുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. 15 വർഷം മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.
ജെ സി ബി ഉപയോഗിച്ചാണ് ഖബറുകൾ പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്. പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് എല്ലുകൾ കഫൻ ചെയ്തു. ദേശീയ പാതക്ക് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകൾ കുഴിച്ച് മയ്യിത്ത് സംസ്കരിക്കുന്നത്.
മാതൃകാപരമായ പ്രവർത്തനത്തെ മുക്തകണ്ഠം പുകഴ്ത്തുകയാണ് നാടൊന്നടങ്കം. സ്ഥലം വിട്ടുനൽകാത്തത് കാരണം നാട്ടിൽ വികസനം മുടങ്ങരുതെന്ന കാഴ്ചപ്പാടാണ് മഹല്ല് കമ്മിറ്റിക്കുള്ളത്.