Kozhikode
ദേശീയ ഖുര്‍ആന്‍ മത്സരം; മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം
സീനിയര്‍ ഹിഫ്‌ള് മത്സരത്തില്‍ ഹാഫിള് മുഹമ്മദ് ശാക്കിറും ജൂനിയര്‍ ഖിറാഅത്തില്‍ മുഹമ്മദ് സിനാനും ഒന്നാം സ്ഥാനം നേടി.
കോഴിക്കോട് | ഒഡീഷയിലെ കട്ടക്കില്‍ നടന്ന എസ് എസ് എഫ് തര്‍തീല്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ മത്സരങ്ങളില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സീനിയര്‍ ഹിഫ്‌ള് മത്സരത്തില്‍ ഹാഫിള് മുഹമ്മദ് ശാക്കിറും ജൂനിയര്‍ ഖിറാഅത്തില്‍ മുഹമ്മദ് സിനാനും ഒന്നാം സ്ഥാനം നേടി.
മര്‍കസ് സാനവിയ്യ നാലാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ശാക്കിര്‍, മലപ്പുറം വാവൂര്‍ കാളാടന്‍ മുഹമ്മദ് അലി അന്‍വരി-ഖൗലത്ത് ദമ്പതികളുടെ മകനാണ്. മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കിയ ശാക്കിര്‍ നേരത്തെ അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
കോഴിക്കോട് മടവൂര്‍ വെളുത്തേടത്ത് കുഞ്ഞിമായിന്‍ മുസ്ലിയാര്‍-സുലൈഖ ദമ്പതികളുടെ മകനായ മുഹമ്മദ് സിനാന്‍ മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സെന്ററിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഹാഫിള് അബൂബക്കര്‍ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, ഖാരിഅ് ബശീര്‍ സഖാഫി, ഷാഹുല്‍ ഹമീദ് സഖാഫി എന്നീ അധ്യാപകരില്‍ നിന്നാണ് ഇരുവരും പരിശീലനം നേടിയത്. വിജയികളെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിനന്ദിച്ചു.