Connect with us

Agnipath

ദേശസുരക്ഷ തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്

സായുധ സേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ സര്‍ക്കാറിന് വലിയ ബാധ്യതയാണെന്നും അതില്‍ നിന്ന് രക്ഷ നേടാനുള്ള ഉപാധിയെന്ന രീതിയിലാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദഗതി. എന്നാല്‍, സുപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലയില്‍ നിന്ന് ചെലവ് വെട്ടിച്ചുരുക്കിയാണോ സാമ്പത്തിക ലാഭം ഉണ്ടാക്കേണ്ടതെന്ന ചോദ്യത്തിന് മറുപടി സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.

Published

|

Last Updated

സൈന്യത്തിന്റെ കരാര്‍വത്കരണത്തിനായുള്ള മോദി സര്‍ക്കാറിന്റെ പദ്ധതി യുവതയുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് ശവക്കുഴി തീര്‍ക്കുന്നതും രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നതുമായ നീക്കമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നത്. സൈന്യത്തെ കരാര്‍വത്കരിച്ചും ആര്‍ എസ് എസ് വത്കരിച്ചും ഹിന്ദുത്വ വാദികളുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അപദേശീയവത്കരണത്തിന് ആക്കം കൂട്ടുകയാണ്. അഗ്നിപഥ് പദ്ധതി സൃഷ്ടിക്കാന്‍ പോകുന്ന ദേശീയ സുരക്ഷാപരവും സാമൂഹികപരവുമായ പ്രശ്‌നങ്ങളെ പല തലങ്ങളില്‍ വിശകലനം ചെയ്യപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ വര്‍ധിതമായിരിക്കുന്ന അവസ്ഥയില്‍ സൈനിക റിക്രൂട്ട്‌മെന്റും ഇല്ലാതാകുമെന്നത് വലിയ രോഷമുണര്‍ത്തുന്നതാണ്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിപ്ലവകരമായ പദ്ധതിയെന്ന രീതിയില്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യമാകെ കത്തിപ്പടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പ്രദേശങ്ങളിലേക്ക് യുവജന പ്രക്ഷോഭം വ്യാപിച്ചു കൊണ്ടിരിക്കുന്നു. രാജ്യമാകെ സംഘര്‍ഷഭരിതമായ അവസ്ഥയാണുള്ളത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലത് സംഘര്‍ഷഭരിതമായ യുവജന സമരങ്ങളിലേക്ക് എത്തുന്നത് സ്വാഭാവികമാണുതാനും. നിലവിലെ സായുധ സേനാ റിക്രൂട്ട്‌മെന്റ് രീതികളെ പൊളിച്ചുകൊണ്ട് ഇങ്ങനെയൊരു രീതി അവലംബിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത് എന്തിനാണെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അഥവാ ആരുടെ നേട്ടത്തിനായാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. രാജ്യത്തെ യുവജനങ്ങളുടെ താത്പര്യവും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കുന്നതിനായി ഈ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗിന് വിവിധ രാഷ്ട്രീയ സംഘടനകള്‍ കത്തയച്ചിരുന്നു. തൊഴിലില്ലായ്മ കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ സായുധ സേനയിലെ സേവനത്തിനു വേണ്ടി പരിശീലനം നടത്തുന്നവരെയാണ് അഗ്നിപഥ് ആശങ്കയിലാക്കുന്നത്.

ആ ആശങ്കയാണ്, രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുടെ ഭീകരതയാണ് ബിഹാറിലും ഹരിയാനയിലും സമരങ്ങളായും ട്രെയിന്‍ തടയലായും ആത്മഹത്യകളായും പ്രകടമാകുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുപ്രകാരം 2022 ഏപ്രിലില്‍ തൊഴിലില്ലായ്മാ നിരക്ക് മുന്‍ മാസങ്ങളിലേതിനേക്കാള്‍ വര്‍ധിച്ച് 7.83 ശതമാനമായി. 2019ല്‍ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും വലിയ തോതില്‍ എത്തിയതായി തൊഴില്‍ മന്ത്രാലയം തന്നെ റിപോര്‍ട്ട് ചെയ്തതാണ്.

ഈ സ്‌കീം യുവാക്കളുടെ പരിമിതമായ തൊഴിലവസരങ്ങളെ കൂടി ഇല്ലാതാക്കുന്നതാണെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങളിലേക്ക് യുവജനങ്ങളെ എടുത്തു ചാടിക്കുന്നത്. സായുധ സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരേഡുകള്‍ എടുത്തുമാറ്റിയാണ് അഗ്നിപഥ് അവതരിപ്പിക്കപ്പെടുന്നത്. സേനയിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. തല്‍ഫലമായി 2021ലെ കണക്കുപ്രകാരം 1,04,653 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇനിമുതല്‍ സൈനികര്‍ക്ക് നിലവിലുള്ള തൊഴില്‍ ചട്ടക്കൂട് ഇല്ലാതാകുകയും കരസേനയിലെ ജവാന്‍മാര്‍, നാവിക സേനയിലെ നാവികര്‍, വ്യോമസേനയിലെ എയര്‍മാന്‍മാര്‍ എന്നിവരെ അഗ്നിപഥ് പദ്ധതിയിലൂടെ മൂന്ന് സേവനത്തിലേക്കും റിക്രൂട്ട് നടത്തുകയും ചെയ്യും.

അഗ്നിപഥിലൂടെ സായുധ സേനയിലെ സ്ഥിരം ജോലിയെന്ന ആശയം പതുക്കെ ഇല്ലാതാകും. ഇതുവഴി റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനമൊഴിച്ചുള്ളവര്‍ക്ക് നാല് വര്‍ഷം വരെ മാത്രമേ തൊഴിലെടുക്കാന്‍ സാധിക്കുകയുള്ളൂ. നാല് വര്‍ഷത്തിനു ശേഷം പുറത്തു വരുന്നവര്‍ക്ക് പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങളില്ല. തൊഴില്‍ കാലയളവില്‍ വേതനത്തില്‍ നിന്ന് പിടിച്ചുവെക്കുന്ന തുകയും സര്‍ക്കാറിന്റെ പങ്കും ചേര്‍ത്ത് ഒറ്റത്തവണയായി നല്‍കുന്ന തുക മാത്രമാണ് ആനുകൂല്യം. ഇതുവരെ, സൈനികന് ഏകദേശം 17 വര്‍ഷം വരെ ജോലി സുരക്ഷിതത്വമുണ്ടായിരുന്നു. അതിനു ശേഷം പെന്‍ഷന്റെ ആശ്വാസവും തനിക്കും കുടുംബത്തിനും സബ്സിഡിയുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമായിരുന്നു. സൈനികന്‍ യുദ്ധത്തില്‍ മരിച്ചാല്‍, കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കും. അഗ്നിപഥ് ഈ ആനുകൂല്യമെല്ലാം ഇല്ലാതാക്കും. പുതിയ പദ്ധതി പ്രകാരം സര്‍വീസിലിരിക്കെ അഗ്നിപഥ് സൈനികന്‍ മരിച്ചാല്‍ കുടുംബത്തിന് ഇന്‍ഷ്വറന്‍സ്, എക്‌സ്‌ഗ്രേഷ്യ, ബാക്കി ശമ്പളം എന്നിവയുള്‍പ്പെടെ ഒരു കോടി രൂപ ലഭിക്കും. എന്നാല്‍, ഇത് ഒറ്റത്തവണയായിരിക്കും.

തൊഴിലുകളുടെ കരാര്‍വത്കരണം ഏത് മേഖലയിലാണെങ്കിലും തൊഴിലാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും അവകാശങ്ങള്‍ക്കും അത്യന്തം അപകടകരമാണ്. ഈ പദ്ധതിയിലൂടെ മറ്റനേകം മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ച കരാര്‍വത്കരണം സായുധ സേനകളിലേക്കും കേന്ദ്രം വ്യാപിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ക്കു മുന്നോടിയായി പരീക്ഷണ പദ്ധതികള്‍ സാധാരണമാണ്. എന്നാല്‍, ഇവിടെ അത് നടന്നിട്ടില്ല.
സായുധ സേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ സര്‍ക്കാറിന് വലിയ ബാധ്യതയാണെന്നും അതില്‍ നിന്ന് രക്ഷ നേടാനുള്ള ഉപാധിയെന്ന രീതിയിലാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദഗതി. എന്നാല്‍, സുപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലയില്‍ നിന്ന് ചെലവ് വെട്ടിച്ചുരുക്കിയാണോ സാമ്പത്തിക ലാഭം ഉണ്ടാക്കേണ്ടതെന്ന ചോദ്യത്തിന് മറുപടി സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന് ഓരോ ബജറ്റും അവതരിപ്പിക്കുമ്പോള്‍ വലിയ ശതമാനം കോര്‍പറേറ്റ് നികുതിയാണ് ഇളവ് ചെയ്യുന്നത്. ചെലവ് ചുരുക്കല്‍ നയം സൈന്യത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ദേശസുരക്ഷ തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്. കോര്‍പറേറ്റുകള്‍ക്കുള്ള പലതരത്തരത്തിലുള്ള നികുതിയിളവും സൗജന്യങ്ങളും അവസാനിപ്പിക്കുന്നതാകില്ലേ സേനകളിലെ ചെലവ് വെട്ടിച്ചുരുക്കുന്നതിനേക്കാള്‍ ഉചിതമെന്ന ചോദ്യത്തിന് മുമ്പില്‍ ദേശാഭിമാനത്തിന്റെ ചാമ്പ്യന്മാരായ ബി ജെ പിക്കാര്‍ മൗനം പാലിക്കുകയാണ്. ബി ജെ പി സര്‍ക്കാര്‍ വര്‍ഷങ്ങളായി അവരുടെ രാഷ്ട്രീയ നയമെന്നോണം നടപ്പാക്കുന്ന നിയോ ലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ നീക്കത്തെ കാണാന്‍ സാധിക്കുകയുള്ളൂ. ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, റെയില്‍വേ എന്നീ മേഖലകള്‍ക്കൊപ്പം സ്വകാര്യവത്കരണ സമീപനം സായുധ സേനയിലേക്കും അവതരിപ്പിക്കപ്പെടുകയാണ്.

ഓരോ വര്‍ഷവും മറ്റു ജോലികള്‍ തേടേണ്ടി വരുന്ന 35,000 തൊഴിലില്ലാപ്പടയെ സൃഷ്ടിക്കുന്നതിനും കാലക്രമേണ സമൂഹത്തെ സൈനികവത്കരിക്കുന്നതിനും ഈ നയം കാരണമാകും. സായുധസേനാ പരിശീലനം ലഭിച്ച ഒരു വലിയ സംഘം ഓരോ വര്‍ഷവും ഇങ്ങനെ സമൂഹത്തിലേക്ക് പുറന്തള്ളപ്പെടുമ്പോള്‍ അത് സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ?. നമ്മുടെ പരമാധികാരത്തെ സംരക്ഷിക്കുന്ന സേനകളുടെ ധാര്‍മികതയെയും പ്രൊഫഷനലിസത്തെയും നയം ഗുരുതരമായി ബാധിക്കും. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സുരക്ഷിതവും ദീര്‍ഘകാലവുമായ തൊഴിലവസരം നല്‍കിപ്പോരുന്ന മേഖല കൂടിയാണ് ഈ പദ്ധതിയിലൂടെ ആക്രമണം നേരിടുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് വിലയ്ക്കു വാങ്ങാവുന്ന ആയുധ പരിശീലനം ലഭിച്ച ഒരുകൂട്ടം തൊഴിലില്ലാ പട്ടാളക്കാരെ കൂടിയാണ് ഈ പദ്ധതി സൃഷ്ടിക്കാന്‍ പോകുന്നത്. ഈ ആശങ്കകള്‍ സേനകളില്‍ ചേരാന്‍ ശ്രമിക്കുന്ന യുവാക്കള്‍ മാത്രമല്ല പങ്കുവെക്കുന്നത്. സേനകളില്‍ പ്രവര്‍ത്തിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമായ വലിയ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇതേ ഭയാശങ്കകളുണ്ട്.

അഗ്നിപഥ് സ്‌കീമിനെതിരെ അഖിലേന്ത്യാ തലത്തില്‍ വിവിധ യുവജന സംഘടനകള്‍ നേതൃത്വം നല്‍കുന്ന സമരപരിപാടികള്‍ മുന്നോട്ടുപോകുകയാണ്. ഏത് തരത്തിലാണോ ഐതിഹാസികമായ കര്‍ഷക സമരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിയോ ലിബറല്‍ കാര്‍ഷിക ബില്ലുകളെ മുട്ടുകുത്തിക്കാന്‍ ആയത്, അതേ രീതിയില്‍ ഈ സ്‌കീമും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഒപ്പം തന്നെ കാലാകാലങ്ങളായി തങ്ങളുടെ രാഷ്ട്രീയ കുത്തകയായി ബി ജെ പിയും ആര്‍ എസ് എസും ഉപയോഗിച്ചുവരുന്ന രാജ്യസുരക്ഷ, രാജ്യസ്‌നേഹം എന്നീ വാദങ്ങളെല്ലാം അവരുടെ പൊയ്മുഖങ്ങള്‍ ആണെന്നും സായുധസേനകളെയും അവര്‍ വില്‍പ്പനച്ചരക്കായി മാത്രമാണ് കാണുന്നതെന്നും ജനങ്ങള്‍ക്ക് വ്യക്തമാകും. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിലും, യുവജനതയുടെ താത്പര്യങ്ങളെ ചേര്‍ത്തുപിടിക്കുന്നതിലും, രാജ്യത്തിന്റെ ഭാവിയിലും യുവജനതയുടെ നിലനില്‍പ്പിലും താത്പര്യമുള്ള എല്ലാവരും യോജിച്ച് നിന്ന് പ്രതിരോധമുയര്‍ത്തണം.

Latest