Connect with us

AAP

ആം ആദ്മിയുടെ ദേശീയ വഴികൾ

ഡൽഹിയിലെ മധ്യവർഗ ചിന്തകൾക്ക് മാത്രം യോജിച്ചതാണ് എ എ പിയുടെ രാഷ്ട്രീയമെന്ന നിരീക്ഷകരുടെ വിലയിരുത്തലുകളെ പൊളിക്കുന്നതാണ് പഞ്ചാബിൽ നേടിയ വിജയം. ഡൽഹിയിൽ പ്രയോഗിച്ച അതേ തന്ത്രങ്ങൾ തന്നെയായിരുന്നു പഞ്ചാബിലും പയറ്റിയത്.

Published

|

Last Updated

ആം ആദ്മി പാർട്ടി രാഷ്ട്രീയത്തെ തത്കാലം കെജ്‌രിവാൾ മോഡൽ രാഷ്ട്രീയം എന്നു വിശേഷിപ്പിക്കാം. അവസരത്തിനൊത്ത രാഷ്ട്രീയം പ്രയോഗിക്കുക എന്നതാണ് കെജ്‌രിവാൾ മോഡൽ രാഷ്ട്രീയത്തിന്റെ പ്രധാന പ്രത്യേകത. വലിയ സിദ്ധാന്തങ്ങൾക്കും കൂറ്റൻ പ്രൊജക്ടുക്കും പകരം അടിസ്ഥാന പ്രശ്‌നങ്ങളിലാകും ശ്രദ്ധ. അതോടൊപ്പം ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നോ അതിനൊപ്പമായിരിക്കും ഓരോ പ്രശ്‌നങ്ങളിലേയും രാഷ്ട്രീയ നിലപാട്. ഡൽഹി കലാപ സമയത്ത് ഇത് കണ്ടതാണ്. കാർഷിക ബിൽ അവതരിപ്പിക്കുന്ന വേളയിലും ഇത് ദൃശ്യമായിരുന്നു. പിന്നീട് പ്രക്ഷോഭത്തിനൊപ്പമാണ് ആൾക്കൂട്ടമെന്ന് കണ്ടതോടെയാണ് കർഷക പ്രക്ഷോഭകർക്കായി ഡൽഹിയിൽ സൗകര്യങ്ങളൊരുക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. എതായിരുന്നാലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഡൽഹിയിൽ നിന്ന് ആപ് പഞ്ചാബിലേക്ക് കടന്നിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണ് എ എ പിയുടെ പുതിയ ശ്രമം. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കൂടി ശക്തിതെളിയിക്കാൻ പോകുകയാണെന്നാണ് കെജ്‌രിവാൾ അടക്കമുള്ള ആപ് നേതാക്കൾ പറയുന്നത്.

2012ലെ “ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനത്തിൽ നിന്നാണ് എ എ പി എന്ന പാർട്ടി പിറവിയെടുക്കുന്നത്. യു പി എ കാലത്ത് നടന്ന അഴിമതിക്കെതിരെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭമായിരുന്നു ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ. അന്നാ ഹസാരെയായിരുന്നു ഇത് നയിച്ചിരുന്നത്. ജൻ ലോക്പാൽ ആവശ്യമുയർത്തിയുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സംഘാടകനായി കടന്നുവന്ന കെജ്‌രിവാളും മറ്റുനേതാക്കളും ചേർന്നാണ് എ എ പി രൂപവത്കരിച്ചത്. 2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ എ എ പി ഡൽഹിയിലെ ഏറ്റവും വലിയ രണ്ടാമത്ത ഒറ്റക്കക്ഷിയായി. ബി ജെ പിയായിരുന്നു ഏറ്റവും വലിയകക്ഷിയെങ്കിലും ആർക്കും കേവല ഭൂരിപക്ഷമില്ലായിരുന്നു. കോൺഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ എ പി സർക്കാറുണ്ടാക്കി. കെജ്‌രിവാൾ മുഖ്യമന്ത്രിയായി. എന്നാൽ, ജൻ ലോക്പാൽ ബില്ലിനെതിരെ നിയമസഭയിൽ എതിർത്ത് കോൺഗ്രസ്സ് വോട്ട് ചെയ്തതോടെ 49 ദിവസം മാത്രം പ്രായമുള്ള സർക്കാറിനെ ഉപേക്ഷിച്ച് കെജ്‌രിവാൾ രാജിവെച്ചു.

പിന്നീട് 2015ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി എ എ പി തൂത്തുവാരി. ഇതിനിടെ, പാർട്ടിയുടെ പ്രമുഖ നേതാക്കളായിരുന്ന യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ കെജ്്രിവാൾ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും എ എ പി എന്നത് കെജ്്രിവാളിന്റെ മാത്രം സ്വത്താക്കി മാറ്റുകയും ചെയ്തു. തുടർന്ന് 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ എ പിക്ക് ഡൽഹിയിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും നേടി വീണ്ടും വിജയിച്ചതോടെ പാർട്ടിയുടെ പ്രതീക്ഷകൾ സജീവമായി. വെള്ളം, വൈദ്യൂതി എന്നിവ ചെറിയ നിരക്കിൽ നൽകിയും ഗെറ്റോകളിൽ താമസിക്കുന്ന മനുഷ്യരെ സാധാരണ പൗരൻമാരെ പോലെ പരിഗണിച്ചുമാണ് ആദ്യ ഘട്ടത്തിൽ കെജ്്രിവാൾ പിടിച്ചുനിന്നത്. റേഷൻ ഷോപ്പുകൾ വിപുലീകരിച്ചും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചും ഡൽഹിയിലെ സാധാരണക്കാരനിലേക്ക് എ എ പി വളരെ കൂടുതൽ അടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പും ഇത്തരം പദ്ധതികൾ കെജ്‌രിവാൾ അവതരിപ്പിച്ചിരുന്നു. അതിലൊന്നായിരുന്നു ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ്. ഇപ്പോഴും ഡൽഹിയിലെ ബസുകളിൽ സ്ത്രീകൾ സഞ്ചരിക്കുന്നത് സൗജന്യടിക്കറ്റിലാണ്. പഞ്ചാബിലെ എ എ പിയുടെ വിജയം പെടുന്നനെ സംഭവിച്ചുപോയ ഒന്നല്ല. കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ്.

പഞ്ചാബിലെ വിജയം നേരത്തേ പ്രവചിക്കപ്പെട്ടതാണെങ്കിലും കോൺഗ്രസ്സിന്റെ വലിയ തകർച്ചയോ എ എ പിയുടെ കുതിച്ചുചാട്ടമോ ഇത്രകണ്ട് പ്രതീക്ഷിച്ചിരുന്നില്ല. ഡൽഹിയിലെ മധ്യവർഗ ചിന്തകൾക്ക് മാത്രം യോജിച്ചതാണ് എ എ പിയുടെ രാഷ്ട്രീയമെന്ന വിലയിരുത്തലുകളെ പൊളിക്കുന്നതാണ് പഞ്ചാബിൽ നേടിയ വിജയം. ഡൽഹിയിൽ പ്രയോഗിച്ച അതേ തന്ത്രങ്ങൾ തന്നെയായിരുന്നു പഞ്ചാബിലും പയറ്റിയത്. സാധാരണക്കാർക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള വഴി, നേതാക്കളെ കാണാൻ കൊട്ടാരങ്ങൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല അവർ നിങ്ങൾക്കിടയിലുണ്ടാകും തുടങ്ങിയ കാര്യങ്ങളാണ് എ എ പി ഉയർത്തിയത്. അതുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ തോൽപ്പിച്ചത് മൊബൈൽ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്ന് വിജയത്തിന് ശേഷവും എ എ പി ആവർത്തിക്കുന്നത്.

2014ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താനൊരു ചായ വിൽപ്പനക്കാരനാണെന്ന് പറഞ്ഞത് ഓർമയുണ്ടാകുമല്ലോ. ഇതേ സ്വഭാവത്തിലുള്ള നിരവധി പ്രചാരണങ്ങൾ പഞ്ചാബിൽ പ്രയോഗിച്ചിരുന്നു. കെജ്‌രിവാളിന്റെ ലാളിത്യം പരമാധി പ്രൊജക്ട് ചെയ്തു. പഞ്ചാബിനെ മറ്റൊരു ഡൽഹിയാക്കുമെന്നായിരുന്നു വാഗ്ദാനം. അഴിമതി, അസ്ഥിരമായ കാർഷിക വരുമാനം, തൊഴിലില്ലായ്മ, മയക്കുമരുന്നിന്റെ കുത്തൊഴുക്ക് തുടങ്ങിയ പഞ്ചാബിന്റെ വിവിധ വിഷയങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിച്ചു. ഡൽഹിയിലെ ഗല്ലികളിൽ ആം ആദ്മിക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് മുമ്പേ ഇറങ്ങി പ്രവർത്തിക്കുന്നത് പോലെ പഞ്ചാബിലെ ആപ് പ്രവർത്തകരും ഗ്രാമങ്ങളിലെ മണ്ണിലേക്കിറങ്ങി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ആപ്പ് പ്രവർത്തകർ ഓരോ വീട്ടിലുമെത്തിയിട്ടുണ്ടായിരുന്നു.

കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എ എ പിക്ക് മേൽകൈ നേടിക്കൊടുത്തു. അനന്തരം 92 സീറ്റുകൾ നേടി പഞ്ചാബിന്റെ മാൽവ, ദോബ, മാജ്ഹ പ്രദേശങ്ങളിലാകെയും എ എ പി പടർന്നു. മുഖ്യമന്ത്രി പദത്തിനായി കടിപിടികൂടിയ കോൺഗ്രസ്സ് 18 സീറ്റുകളിലൊതുങ്ങി. കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് ബി ജെ പി കൂട്ട് വിട്ട ശിരോമണി അകാലിദളിന് തിരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാനായില്ല. മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. ബി ജെ പി രണ്ട് സീറ്റുകൾ നേടി. എ എ പിയുടെ തൂത്ത് വാരലിനിടിയിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ പാർട്ടികളിലേയും നേതാക്കളുടെ തലകൾകൂടി തെറിച്ചു. കോൺഗ്രസ്സ് വിട്ട് സ്വന്തംപാർട്ടി രൂപവത്കരിച്ച അമരീന്ദർ സിംഗ്, പഞ്ചാബ് കോൺഗ്രസ്സ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ധു, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ, സുഖ്ബീർ സിംഗ് ബാദൽ അടക്കമുള്ള പ്രമുഖർ പരാജയത്തിന്റെ കായ്പ്പൂനീർ കുടിച്ചു.

ചരൺജിത് സിംഗ് ചന്നി ചംകൗർ സാഹിബ്, ഭദൗർ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് പരാജയപ്പെട്ടത്. ഇരു മണ്ഡലങ്ങളിലും എ എ പിക്കാണ് വിജയം. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലായിരുന്നു സിദ്ധു മത്സരിച്ചിരുന്നത്. ആംആദ്മി പാർട്ടിയുടെ ജീവൻ ജ്യോത് കൗറിനോടാണ് തോറ്റത്. ഇതേ മണ്ഡലത്തിൽ മത്സരിച്ച ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജീതിയയും തോറ്റു. പാട്യാല അർബനിൽ മത്സരിച്ച മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ് ആംആദ്മി പാർട്ടിയുടെ അജിത് പാൽ സിംഗ് കോഹ്്ലിയോടാണ് തോറ്റത്. ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദൽ ലാംബിയിൽ ആംആദ്മി പാർട്ടിയുടെ ഗുർമീത് സിംഗ് ഖുദ്ദിയാനോടും പരാജയപ്പെട്ടു. പഞ്ചാബിൽ അധികാരം നേടിയെങ്കിലും അത് എങ്ങനെ വിനിയോഗിക്കും എന്നതിനെകൂടി ആശ്രയിച്ചായിരിക്കും ദേശീയ തലത്തിലും പഞ്ചാബിൽ തന്നെയും എ എ പിയുടെ ഭാവി.

പഞ്ചാബ് വിജയത്തിന് പിന്നാലെ ദേശീയ പാർട്ടിയായി ആം ആദ്മി പാർട്ടി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് രാജ്യത്ത് രണ്ട് മുഖ്യ മന്ത്രിമാരാണുള്ളത്. ഇപ്പോൾ എ എ പിക്കും ഇത് സാധ്യമായിരിക്കുന്നു. പ്രാദേശിക പാർട്ടിയായി രൂപംകൊണ്ട് ദേശീയ തലത്തിലേക്ക് വ്യാപിക്കുന്ന പാർട്ടി എന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായല്ല എ എ പി ദേശീയ തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നത്. നേരത്തേയും ഈ അഭിലാഷവുമായി പലവട്ടം ഡൽഹിക്ക് പുറത്തേക്കിറങ്ങിയിരുന്നു. പരാജയമായിരുന്നു ഫലം. എങ്കിലും പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വലിയ വിജയം കണക്കിലെടുക്കുമ്പോൾ ഈ സമയം വ്യത്യസ്തമാണെന്ന് കരുതേണ്ടി വരും. ഈ വൻ വിജയത്തിന് ശേഷം ആളുകൾ ആം ആദ്മി പാർട്ടിയെ വ്യത്യസ്തമായി കാണുമെന്നും ഡൽഹിയിലെ സർക്കാറിന്റെ പ്രവർത്തനത്തിന് സമാനമായി പഞ്ചാബിലും പ്രവർത്തിച്ചാൽ ദേശീയ തലത്തിലുള്ള വ്യാപനം സാധ്യമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിന് പുറമെ ഈ വിജയം എ എ പിക്ക് കൂടുതൽ വിലപേശൽ ശക്തി നൽകുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ സഖ്യം സാധ്യമായാൽ എ എ പിക്ക് സീറ്റുകൾ ലഭിക്കുമെന്നും നിരീക്ഷകർ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് എ എ പി നേതാക്കൾ പറയുന്നത്. അടുത്ത മാസം നടക്കുന്ന പ്രചാരണ പരിപാടികൾക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ഗുജറാത്തിലെത്തുമെന്നും നേതാക്കൾ പറയുന്നു.

അതേസമയം, ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും എ എ പിയുടെ രംഗപ്രവേശനം പ്രഥമ ഭീഷണി ഉയർത്തുന്നത് കോൺഗ്രസ്സിന് തന്നെയാണ്. ഡൽഹിയിലും പഞ്ചാബിലും സംഭവിച്ചത് അതാണ്. അതുകൊണ്ട് 27 കൊല്ലമായി ബി ജെ പി ഭരിക്കുന്ന ഗുജറാത്തിൽ അടുത്ത തിരഞ്ഞെടുപ്പോടെ എ എ പി മുഖ്യപ്രതിപക്ഷമാകുമോയെന്ന സംശയം ബാക്കിയാകുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനത്തും കാര്യമായ പ്രവർത്തനങ്ങൾ ആംആദ്മി പാർട്ടി നടത്തിവരുന്നുണ്ട്. ഗുജറാത്തിൽ സർക്കാറിനെതിരായ സമരങ്ങളിൽ കോൺഗ്രസ്സിനേക്കാൾ മുന്നിലാണ് ആംആദ്മി. അംഗത്വ വിതരണം സജീവമാണ്. നിരവധി പേർ പാർട്ടിയിൽ ചേരുന്നുണ്ട്. പഞ്ചാബ് വിജയാഘോഷത്തിന്റെ ഭാഗമായി 16 വരെ സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും “തിരംഗ യാത്ര’ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പിയുമായി ഇടഞ്ഞുനിൽക്കുന്ന പട്ടേൽ വിഭാഗങ്ങളടക്കമുള്ളവരുടെ പിന്തുണ തുടർന്നും തങ്ങൾക്ക് നേടാനാകുമെന്നും പാർട്ടി കരുതുന്നു. കഴിഞ്ഞ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് ആപ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ പിന്തുണച്ച പട്ടേൽ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടം കൊയ്തത്. കോൺഗ്രസ്സിന്റെ എല്ലാ ഇടവഴികളിലേക്കും ചെന്നുകയറാനാകുമെന്നാണ് എ എ പിയുടെ ദേശീയ സാധ്യതയെ നിരീക്ഷിക്കപ്പെടുന്നത്. കെജ്‌രിവാൾ ഭൂരിപക്ഷ സമുദായത്തോടൊപ്പം നിലകൊള്ളുന്നു, പക്ഷേ മുസ്‌ലിം വിരുദ്ധനല്ല എന്നതാണ് കോൺഗ്രസ്സ് വോട്ട് ബേങ്കുകളെ ആകർഷിക്കുന്നത്. ദീർഘ കാലാടിസ്ഥാനത്തിൽ ബി ജെ പിക്കും എ എ പി പാരയാകും. ആദ്യം കോൺഗ്രസ്സിനും പിന്നീട് ബി ജെ പിക്കും പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശേഷി എ എ പിക്കുണ്ട്. തമിഴ്നാട് പോലുള്ള പ്രാദേശിക പാർട്ടികൾ ശക്തമായ സ്ഥലങ്ങളിൽ ആപിന് ഒരു ഇടം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാൽ, അവസരത്തിനൊത്ത് രാഷ്ട്രീയം പറയുന്ന കെജ്‌രിവാളിന്റെ പ്രഹരശേഷി ഏത് ബങ്കറുകളെയും പൊളിക്കാൻ പോന്നതാണ്.

---- facebook comment plugin here -----

Latest