asadi ka amruth
ദേശീയത രാഷ്ട്രത്തിന്റെ ഉയിരാകുന്നത്
വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും ഒരുമയുടെയും ഇതിഹാസമായി ദേശീയത വളരണം. മതനിരപേക്ഷ മനസ്സുള്ള ഒരു രാഷ്ട്രശരീരമായി അത് മാറണം. വിദ്വേഷത്തിനും വിഭജനത്തിനും പാര്‍ശ്വവത്കരണത്തിനും നീതിനിഷേധത്തിനും വിവേചനത്തിനുമപ്പുറം കടക്കുമ്പോഴാണ് ദേശീയതകളേതും കരുത്താര്‍ജിക്കുന്നത്.
കാഴ്ചയിലും വിശ്വാസങ്ങളിലും വ്യത്യസ്തരാണെങ്കിലും ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മളൊന്നാണെന്ന കാഴ്ചപ്പാടാണ് ദേശീയത പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ “പോടാ’ എന്നല്ല “വാ’ എന്നാകണം ശരിക്കും ദേശീയതയുടെ ‘പാസ്സ് വേര്‍ഡ്’. ഞങ്ങള്‍ കല്‍പ്പിക്കും, നിങ്ങള്‍ മുട്ട് കുത്തണം എന്ന അലര്‍ച്ചക്കപ്പുറമുള്ള ഒരു സ്‌നേഹത്തിന്റെ ലോകമാണത് സ്‌നേഹപൂര്‍വം ആവിഷ്‌കരിക്കേണ്ടത്. “ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല സ്‌നേഹമുള്ളൊരു രാജ്യമാണ്’ എന്ന് “രാജ്യസ്‌നേഹം’ എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ദേശീയത വെറുപ്പിന്റെ തിളച്ചുമറിയുന്ന എണ്ണയിലിട്ട് മനുഷ്യരെ പൊരിച്ചെടുക്കലും വിരട്ടലുമല്ല. പാരസ്പര്യത്തിന് ശക്തിപകരും വിധത്തിലുള്ള സര്‍വരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണത്. ഞങ്ങള്‍ മാത്രം മതി എന്നല്ല, നമ്മളെല്ലാവരും വേണമെന്നാണ് അത് നിവര്‍ന്ന് നിന്ന് പറയേണ്ടത്. നമ്മള്‍ ഇന്ത്യക്കാര്‍ എന്ന നമ്മുടെ ഭരണഘടനയുടെ ആമുഖം തന്നെയാകണം നമ്മുടെ ദേശീയതയുടെയും ആമുഖം.
വെളിച്ചത്തിന്റെയും വിസ്തൃതിയുടെയും ഒഴുക്കിന്റെയും ഒരുമയുടെയും ഇതിഹാസമായി ദേശീയത വളരണം. മതനിരപേക്ഷ മനസ്സുള്ള ഒരു രാഷ്ട്രശരീരമായി അത് മാറണം. വിദ്വേഷത്തിനും വിഭജനത്തിനും പാര്‍ശ്വവത്കരണത്തിനും നീതിനിഷേധത്തിനും വിവേചനത്തിനുമപ്പുറം കടക്കുമ്പോഴാണ് ദേശീയതകളേതും കരുത്താര്‍ജിക്കുന്നത്. ദേശീയത മുന്‍കൂറായി, പൂര്‍ണ രൂപത്തില്‍ നിലനില്‍ക്കുകയും പിന്നീട് മനുഷ്യര്‍ അതിലേക്ക് പ്രവേശിച്ച് സ്വയം ദേശീയരായി തീരുകയുമല്ല ചെയ്യുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായി മനുഷ്യര്‍ നടത്തുന്ന നാനാതരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒരു ദേശരാഷ്ട്രത്തിലെ ദേശീയ മനുഷ്യര്‍ രൂപപ്പെടുന്നത്. ഏകദേശം അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് ഇന്ത്യയിലുമായി ജീവിച്ചിരുന്ന കാലത്ത് നമ്മുടെ മുന്‍ഗാമികള്‍ക്ക് നമ്മളിന്ന് അഭിമാനിക്കുന്ന തരത്തിലുള്ള ഒരു ദേശീയതയും ഉണ്ടായിരുന്നില്ല. ഭക്തിപ്രസ്ഥാനവും നവോത്ഥാനവുമടക്കമുള്ള സാമൂഹിക പരിഷ്‌കരണ സമരങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയിലാണ് ഒരു “ദേശരാഷ്ട്ര’മെന്ന നിലയില്‍ “ഇന്ത്യന്‍ യൂനിയന്‍’ നിലവില്‍ വന്നത്. അതിന് നിശ്ചലമായി നിലനില്‍ക്കാന്‍ മാത്രമല്ല, നമ്മുടെ കിനാവുകള്‍ക്ക് കാന്തി നല്‍കും വിധം വളരാനും കഴിയും. പണിതീര്‍ന്നൊരു രാഷ്ട്രീയ ഉരുപ്പടിയായല്ല, നിരന്തരം വളരുന്ന ഒരു പ്രക്രിയ ആയാണത് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രത്തിന്റെ ഉയിരാണത്.
സൂക്ഷ്മാര്‍ഥത്തില്‍ ദേശീയത ജനകീയവും മാനവികവുമാകുന്നത് അത് സ്വയം തന്നില്‍ അടയുമ്പോഴല്ല, സാര്‍വ ദേശീയതയിലേക്കും അടച്ചിടാനാകാത്ത മാനവികതയിലേക്കും തുറക്കപ്പെടുമ്പോഴാണ്. പരസ്പര വിരുദ്ധമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന, പ്രാദേശികതയോടും സാര്‍വ ദേശീയതയോടുമുള്ള പ്രതികരണമെന്ന അര്‍ഥത്തിലാണ് ദേശീയത മനസ്സിലാക്കപ്പെടേണ്ടത്. പിറന്ന പ്രദേശത്ത് കാലമര്‍ത്തിച്ചവിട്ടി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുമ്പോഴാണ് ജ്വലിക്കുന്ന ജനകീയതയുടെ മിന്നല്‍ പിണരുകള്‍ സങ്കുചിതത്വത്തിന്റെ ഇരുട്ട് പിളര്‍ന്ന് ജീവിതാകാശത്ത് പ്രത്യക്ഷപ്പെടുന്നത്. പ്രാദേശിക ഭരണ സമിതിയായി പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്തുകളെയോ രാഷ്ട്രങ്ങളുടെ പൊതുവേദിയായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയെയോ അടിസ്ഥാനമാക്കിയല്ല പ്രാദേശിക- സാര്‍വദേശീയത നിര്‍വചിക്കപ്പെടേണ്ടത്. “രാഷ്ട്രത്തിനും മുകളിലാണ് മനുഷ്യത്വം’ എന്ന മഹാ തത്വവും അതിര്‍ത്തികളില്‍ നിന്ന് മാത്രമേ അതിര്‍ത്തികള്‍ക്കുമപ്പുറത്തേക്ക് നോക്കാനാകൂ എന്ന “നിലനില്‍പ്പി’ന്റെ നിലപാടും ഒത്തു ചേരുമ്പോഴാണ് കൊള്ളാവുന്നതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന ജനകീയ ദേശീയത ഉയര്‍ന്നുവരുന്നത്.
സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന “ജാതി മേല്‍ക്കോയ്മാ ദേശീയത’യുടെ സൗധം കെട്ടിപ്പൊക്കിയിരിക്കുന്നത് “ഭാരതത്തിന്റെ സുവര്‍ണകാലം’ എന്ന മിത്തിന് മുകളിലും ദ്വിരാഷ്ട്ര വാദത്തിലും ബ്രിട്ടീഷ് സൗഹൃദത്തിലും മുസ്‌ലിം, ന്യൂനപക്ഷ, ദളിത് വിരുദ്ധതയിലുമാണ്. മതസൗഹാര്‍ദത്തെ “സ്വന്തം മാനിഫെസ്റ്റോ’ ആക്കിയ ഗാന്ധിയന്‍ സാമുദായിക ദേശീയതയും, പണ്ഡിറ്റ് നെഹ്‌റുവിന്റെ “പൗരത്വ’ത്തെ മാത്രം കേന്ദ്ര പരികല്‍പ്പനായി കരുതുന്ന ലിബറല്‍ മതനിരപേക്ഷ ദേശീയതയും കമ്മ്യൂണിസ്റ്റുകാര്‍ വികസിപ്പിച്ച “ജനകീയ ദേശീയത’യും പരസ്പരം വ്യത്യാസങ്ങള്‍ പുലര്‍ത്തുമ്പോഴും ജാതിമേല്‍ക്കോയ്മാ ദേശീയതയുമായി ഒരുവിധത്തിലും അവര്‍ക്കൊന്നും ഐക്യപ്പെടാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍ അതിന് ഒരു ദേശരാഷ്ട്രത്തില്‍ അനര്‍ഥവും അപകടവും സൃഷ്ടിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാകില്ല.
കമ്മ്യൂണിസ്റ്റുകാര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, നെഹ്‌റുവിയന്മാര്‍, ഗാന്ധിയന്മാര്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്നത് സ്വന്തം നയമായി സ്വീകരിച്ചവര്‍, ഹിന്ദു-മുസ്‌ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വാതന്ത്ര്യമില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ വഞ്ചകനെന്ന് മുദ്രകുത്തിയവര്‍, ഇന്ത്യക്കാരനായ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവല്ല ശാസ്ത്രിയാണെന്ന് പറഞ്ഞവര്‍, അവര്‍ക്കൊരിക്കലും എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകാന്‍ കഴിയില്ല. ദേശീയതയുടെ മറവില്‍ അവര്‍ ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത് വെറുപ്പാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും കലാപങ്ങളുമില്ലാത്ത ഒരിന്ത്യ കെട്ടിപ്പടുക്കുമ്പോഴാണ്, കോര്‍പറേറ്റ്- നവ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള ഐക്യം ശക്തിപ്പെടുമ്പോഴാണ് യഥാര്‍ഥ ദേശീയത ശക്തമാകുന്നത്. ഓരോ ഇന്ത്യക്കാരനും, ഇത് എന്റെ നാടെന്ന് മനസ്സില്‍ നിര്‍വൃതി കൊള്ളാനാകും വിധം ഹൃദ്യമായി അനുഭവപ്പെടുമ്പോള്‍ മനുഷ്യരെ മതജാതി അടിസ്ഥാനത്തില്‍ കീഴ്‌പ്പെടുത്തുന്ന മേല്‍ക്കോയ്മാ വ്യാജ ദേശീയതകള്‍ മറിഞ്ഞുവീഴും. അപ്പോള്‍ മാത്രം എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ജനകീയ ദേശീയത ഇന്ത്യന്‍ ജീവിതത്തിന്റെ ഊര്‍ജസ്രോതസ്സായി മാറും.