Ongoing News
നാഷന്‍സ് ലീഗ്: എംബാപെക്ക് വിശ്രമം, മിഷേല്‍ ഒലിസിനെ തിരികെവിളിച്ച് ഫ്രാന്‍സ്
പരുക്കിനെ തുടര്‍ന്നാണ് എംബാപെക്ക് വിശ്രമം അനുവദിച്ചത്.
പാരിസ് | ഇസ്‌റാഈലിനും ബെല്‍ജിയത്തിനുമെതിരായ നാഷന്‍സ് ലീഗ് ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡില്‍ നിന്ന് കിലിയന്‍ എംബാപെയെ ഒഴിവാക്കി ഫ്രാന്‍സ്. പരുക്കിനെ തുടര്‍ന്നാണ് എംബാപെക്ക് വിശ്രമം അനുവദിച്ചത്. പകരം മിഷേല്‍ ഒലിസിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലീഷ് വംശജനായ മധ്യനിര താരമാണ് 22കാരനായ ഒലിസ്. ആന്റോയിന്‍ ഗ്രീസ്മാന്റെ വിരമിക്കലോടെ മധ്യനിരയില്‍ വന്ന ഒഴിവ് നികത്താന്‍ കൂടിയാണ് ഒലിസിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ മാസമാണ് കളിക്കിടെ എംബാപെക്ക് മസിലിന് പരുക്കേറ്റത്. ചാമ്പ്യന്‍സ് ലീഗില്‍ ലില്ലെക്കെതിരെ ബുധനാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ മാഡ്രിഡ് താരം ഇറങ്ങിയിരുന്നുവെങ്കിലും 35 മിനുട്ടിന് ശേഷം കളം വിടുകയായിരുന്നു. മത്സരത്തില്‍ റിയല്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു.
ചെല്‍സി സ്‌ട്രൈക്കര്‍ ക്രിസ്റ്റഫര്‍ നുകുങ്കുവിനെയും ഫ്രഞ്ച് ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. 15 മാസങ്ങള്‍ക്കു ശേഷമാണ് ദേശീയ ടീമിലേക്കുള്ള നുകുങ്കുവിന്റെ തിരിച്ചുവ രവ്. താരം കളത്തിലിറങ്ങിയ അവസാന മത്സരത്തില്‍ ഗ്രീസിനെതിരെ ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.
നാഷന്‍സ് ലീഗിലെ ഗ്രൂപ്പ് എ2വില്‍ രണ്ട് കളികളില്‍ നിന്നായുള്ള മൂന്ന് പോയിന്റുമായി രണ്ടാ സ്ഥാനത്താണ് ഫ്രാന്‍സ്. ഒക്ടോബര്‍ 10ന് ബുഡാപെസ്റ്റില്‍ ഇസ്‌റാഈലിനെ നേരിടുന്ന ടീം ഒക്ടോബര്‍ 14ന് ബ്രസല്‍സില്‍ ബെല്‍ജിയത്തിനെതിരെ ഏറ്റുമുട്ടും.