Connect with us

National

പ്രകൃതി ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം; പട്ടികയില്‍ കേരളമില്ല

ഗുജറാത്തിന് 600 കോടി, മണിപ്പൂരിന് 50 കോടി, ത്രിപുരയ്ക്ക് 25 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകൃതി ദുരന്തങ്ങളില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 675 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ പട്ടികയില്‍ കേരളത്തിന്റെ പേരില്ല.

ഗുജറാത്തിന് 600 കോടി, മണിപ്പൂരിന് 50 കോടി, ത്രിപുരയ്ക്ക് 25 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കെടുതികള്‍, പ്രളയം, മണ്ണിടിച്ചില്‍ എന്നിവയുണ്ടായ സംസ്ഥാനങ്ങളാണ് ഇവ മൂന്നും. എസ് ഡി ആര്‍ എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതവും എന്‍ ഡി ആര്‍ എഫില്‍ നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്.

പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം എപ്പോഴും സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായം അനുവദിക്കപ്പെട്ട സംസ്ഥാനങ്ങള്‍ക്കു പുറമെ, അസം, മിസോറാം, കേരളം, നാഗാലാന്‍ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവയും ഇത്തവണ ശക്തമായ മഴയെയും പ്രളയത്തെയും മണ്ണിടിച്ചിലിനെയുമാണ് അഭിമുഖീകരിച്ചത്. നാശനഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐ എം സി ടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം ഐ എം സി ടി റിപോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തീരുമാനിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഐ എം സി ടി ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.

ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ 9,044 കോടി രൂപ സഹായമാണ് 21 സംസ്ഥാനങ്ങള്‍ക്കായി എസ് ഡി ആര്‍ എഫില്‍ നിന്ന് വകയിരുത്തിയത്. എന്‍ ഡി ആര്‍ എഫില്‍ നിന്ന് 4,529 കോടി രൂപ 15 സംസ്ഥാനങ്ങള്‍ക്കും വകയിരുത്തി. എസ് ഡി എം എഫില്‍ നിന്ന് 11 സംസ്ഥാനങ്ങള്‍ക്ക് 1,385 കോടി രൂപയും നല്‍കിയതായും കേന്ദ്രം അറിയിച്ചു.

 

Latest